
വ്യാജ കിഴിവുകളും ഇളവുകളും തടയാന്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഏകദേശം 40,000 നികുതിദായകര്‍ തങ്ങളുടെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ തിരുത്തി. ഇതിലൂടെ 1,045 കോടി രൂപയുടെ തട്ടിപ്പ് ക്ലെയിമുകളാണ് പിന്‍വലിച്ചതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) അറിയിച്ചു.
നികുതി റിട്ടേണുകളില്‍ വ്യാജ കിഴിവുകളും ഇളവുകളും ക്ലെയിം ചെയ്യാന്‍ സഹായിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തിയ പരിശോധനയില്‍ വ്യാജ നികുതി റീഫണ്ടുകള്‍ തരപ്പെടുത്താന്‍ സഹായിക്കുന്നവരെ ആദായനികുതി വകുപ്പ് കണ്ടെത്തി. വിവിധ കമ്പനികളിലെ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍, അക്കാദമിക് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സംരംഭകര്‍ എന്നിവര്‍ക്കായി നികുതി റിട്ടേണുകള്‍ തയ്യാറാക്കുന്ന ചില ഏജന്റുമാരും ഇടനിലക്കാരുമാണ് ഈ തട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.
വ്യാജ ക്ലെയിമുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് വകുപ്പ്. പിഴ ചുമത്തുന്നതിനൊപ്പം നിയമനടപടികളും ഉണ്ടാകും.
രാജ്യത്തുടനീളം 150 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ നിര്‍ണായകമായ തെളിവുകള്‍, പ്രത്യേകിച്ച് ഡിജിറ്റല്‍ രേഖകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഈ തട്ടിപ്പ് ശൃംഖലകളെ തകര്‍ക്കാനും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. നികുതിദായകര്‍ തങ്ങളുടെ വരുമാനത്തിന്റെ ശരിയായ വിവരങ്ങള്‍ നല്‍കണമെന്നും, അനാവശ്യ റീഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന അനധികൃത ഏജന്റുമാരുടെ കെണിയില്‍ വീഴരുതെന്നും ഇന്‍കം ടാക്സ് വകുപ്പ് മുന്നറിയിപ്പ് നല്കി.
ഇടനിലക്കാരുടെ സഹായത്തോടെയാണ് പലപ്പോഴും ഈ തട്ടിപ്പുകള്‍ നടക്കുന്നത്. ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനൊപ്പം, ചിലര്‍ അമിതമായ റീഫണ്ടുകള്‍ നേടുന്നതിനായി വ്യാജ ടി.ഡി.എസ് റിട്ടേണുകളും സമര്‍പ്പിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അടുത്തിടെ നടത്തിയ റെയ്ഡുകളില് വിവിധ ഗ്രൂപ്പുകളും സ്ഥാപനങ്ങളും ഈ വ്യാജ ക്ലെയിമുകള്‍ ഉപയോഗിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ട്. സാധുവായ കാരണങ്ങളില്ലാതെയാണ് ഇളവുകള്‍ ക്ലെയിം ചെയ്തിരിക്കുന്നത്.
ബഹുരാഷ്ട്ര കമ്പനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും സംരംഭകരും ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അമിതമായ റീഫണ്ടുകള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് നികുതിദായകരെ പലപ്പോഴും ഈ തട്ടിപ്പുകളില്‍ കുടുക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]