
ചൈനയിലെ ബിരുദധാരിയായ ഒരു യുവതിയാണ് ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. ബിരുദം നേടിയ താൻ ഇപ്പോൾ ഐസ്ക്രീം വിൽക്കുകയാണ് എന്നാണ് വീഡിയോയിൽ യുവതി പറയുന്നത്.
ലിയോണിംഗ് പ്രവിശ്യയിലെ സോങ്ഷാൻ കോളേജ് ഓഫ് ഡാലിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹെൽത്ത് കെയർ ബിരുദം നേടിയ ആളാണ് ലി. മൂന്ന് വർഷം മുമ്പാണ് മെഡിക്കൽ ഇമേജിംഗിൽ ബിരുദം നേടിയത്.
എന്നാൽ, പിന്നീട് എന്തോ കാരണം കൊണ്ട് ഗ്വാങ്സി ഷുവാങ്ങിലെ ഒരു ആശുപത്രിയിലെ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ, പണമുണ്ടാക്കുന്നതിനായി ഐസ്ക്രീം വിറ്റ് തുടങ്ങി.
ഒപ്പം തന്നെ പബ്ലിക് സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുമുണ്ടായിരുന്നു. ലിയുടെ വീഡിയോ വൈറലായി, ചൈനയിൽ സോഷ്യൽ മീഡിയയിൽ 5 മില്ല്യണിലധികം വ്യൂസും 100,000 ലൈക്കുകളും നേടി.
എന്നാൽ, പിന്നാലെ തന്റെ അദ്ധ്യാപകരിൽ ഒരാളായ ചെൻ തന്നെ വിളിച്ചു എന്നാണ് ലിയുടെ ആരോപണം. വീഡിയോ, പഠിച്ച സ്ഥാപനത്തിന്റെ പേര് മോശമാക്കുന്നതാണ് എന്നും പ്രതികൂലമായി ബാധിക്കുന്നതാണ് എന്നും പറഞ്ഞ് വീഡിയോ നീക്കം ചെയ്യാനും അധ്യാപകൻ ആവശ്യപ്പെട്ടത്രെ.
പിന്നാലെ ലി വീഡിയോ നീക്കം ചെയ്തു. എന്നാൽ, പിന്നെയും പഠിച്ച സ്ഥാപനത്തിൽ നിന്നും, അവിടെ പഠിച്ചിരുന്നവരിൽ നിന്നും തുടർച്ചയായി പ്രശ്നങ്ങളുണ്ടായി എന്നാണ് അവൾ പറയുന്നത്.
ചിലർ ഇപ്പോഴും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കമന്റുകൾ ഇടുന്നു, തന്നെ ആക്രമിക്കുന്നു, അപകീർത്തിപ്പെടുത്തുന്നു. ഈ സംഭവം തന്റെ ജീവിതത്തെയും ഐസ്ക്രീം ബിസിനസിനെയും തകർത്തുവെന്നും ലി ആരോപിച്ചു.
വീണ്ടും അവൾ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ കോടതിയിൽ കാണാം എന്നാണ് അവൾ പറയുന്നത്.
അതേസമയം, കോളേജ് അധികൃതർ പറയുന്നത്, സ്ഥാപനത്തിന് ഇതിൽ ഒരു പ്രശ്നവും ഇല്ല. എല്ലാതരം ജോലിയേയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സ്ഥാപനമാണിത് എന്നാണ്.
ചൈനയിലെ സോഷ്യൽ മീഡിയ ആവട്ടെ, അധ്വാനിച്ച് ജീവിക്കാനുള്ള ലിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കുന്നവർ, ലിയുടേത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകമാണ് എന്ന് പറയുന്ന മറ്റൊരു കൂട്ടർ എന്നിങ്ങനെ സംഭവത്തിൽ ചർച്ച പൊടിപൊടിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]