
കണ്ണൂര്: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച ഗ്രേഡ് എ.എസ്.ഐ സന്തോഷ് കുമാറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡി. ഇന്ധനം നിറച്ചതിന്റെ പണം ചോദിച്ചതിന് പമ്പ് ജീവനക്കാരനായ അനിലിനെ കാറിന്റെ ബോണറ്റിലിരുത്തി അര കിലോമീറ്റർ കാറോടിച്ചായിരുന്നു പൊലീസുകാരന്റെ അതിക്രമം.
കണ്ണൂരിൽ പൊലീസ് സേനയിൽ പതിവായി പ്രശ്നങ്ങളുണ്ടാക്കുന്നയാളാണ് സന്തോഷ് എന്നാണ് വിവരം. ഡ്യൂട്ടിക്കിടെ പല തവണ പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്നാണ് സന്തോഷ് കുമാറിനെ മെസ് ഡ്യൂട്ടിയിലേക്ക് മാറ്റിയിരുന്നത്. കഴിഞ്ഞ ഒക്ടോബർ പതിനാറിന് പുലർച്ചെ നഗരത്തിലെ കാൾടെക്സ് ജങ്ഷനിലെ പമ്പിലേക്ക് പൊലീസ് ജീപ്പ് ഓടിച്ചുകയറ്റിയതും സന്തോഷായിരുന്നു. കാറിൽ ഇടിച്ച ജീപ്പ് പെട്രോൾ പമ്പും തകർത്താണ് നിന്നത്. അന്നും പൊലീസുകാരൻ കേസിൽപ്പെട്ടു. ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തി. പിന്നീട് അവധിയിൽ പോയ സന്തോഷ് കുമാർ ഈയിടെയാണ് തിരിച്ചെത്തിയത്.
ഇന്നലെ വൈകീട്ട് മൂന്നരയ്ക്കാണ് ഇന്ധനം നിറച്ചതിന്റെ മുഴുവൻ പണവും ചോദിച്ച പമ്പ് ജീവനക്കാരൻ അനിൽ കുമാറിനെ ഇടിച്ചുതെറിപ്പിച്ച് സന്തോഷ് കാറോടിച്ചുപോയത്. ഇടിയുടെ ആഘാതത്തിൽ ബോണറ്റിലേക്ക് തെറിച്ചുവീണ അനിലുമായി അര കിലോമീറ്റർ അകലെ ട്രാഫിക് സ്റ്റേഷൻ വരെ സന്തോഷ് വണ്ടി ഓടിച്ചു. സംഭവം പരാതിയായതോടെ വധശ്രമത്തിന് കേസെടുത്ത കണ്ണൂര് ടൗൺ പൊലീസ് ഇന്ന് രാവിലെ സന്തോഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ സർവീസിൽ നിന്ന് ഇയാളെ സസ്പെൻഡും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നഗരത്തിലെ മറ്റൊരു പമ്പിൽ പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയതിന് നടപടി നേരിട്ട സന്തോഷിനെതിരെ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.
Last Updated Jul 15, 2024, 5:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]