
‘പ്രിയങ്കയും സഹോദരനും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കാപട്യം കാണിക്കുന്നു’; വികസിത നിലമ്പൂർ രൂപരേഖയുമായി ബിജെപി
നിലമ്പൂർ ∙ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധിയോട് മൂന്നു ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി വികസിത നിലമ്പൂർ രൂപരേഖ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരെ നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയെ നിലമ്പൂർ തിരഞ്ഞെടുപ്പിൽ പരസ്യമായി പിന്തുണയ്ക്കുമ്പോൾ പ്രിയങ്കയും സഹോദരനും എന്തിനാണ് എപ്പോഴും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കാപട്യം കാണിക്കുന്നതെന്നാണ് ആദ്യ ചോദ്യം. ജമാഅത്തെ ഇസ്ലാമിയെ ഏറ്റവും ‘അപകടകാരിയായ സംഘടന’ എന്ന് വിശേഷിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?, അജ്മൽ കസബിനും അഫ്സൽ ഗുരുവിനും വേണ്ടി പ്രാർഥന നടത്തുകയും ഹമാസ് ഭീകരതയെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ സംഘടനയ്ക്കൊപ്പം നിൽക്കുമ്പോൾ, എന്തിനാണ് ഈ മൊഹബ്ബത്തിന്റെ കാപട്യം എന്നിങ്ങനെയാണ് മറ്റു ചോദ്യങ്ങൾ.
എൻഡിഎ സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ ഏഴു മാസത്തിനകം നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാത നിർമാണം ആരംഭിക്കും. കൂടുതൽ ട്രെയിനുകൾ അനുവദിച്ച് നിലമ്പൂരിലേക്കുള്ള യാത്രാ സൗകര്യം ഉയർത്തും.
ജില്ലാ ആശുപത്രിയെ കാൻസർ സ്പെഷ്യാലിറ്റി സെന്ററാക്കി ഉയർത്തും. കോഴിക്കോട് – നിലമ്പൂർ – ഗൂഡല്ലൂർ 4 ലൈൻ ഹൈവേ വികസനം യാഥാർഥ്യമാക്കും തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി പുറത്തിറക്കിയ വികസിത നിലമ്പൂർ രൂപരേഖയിലുണ്ട്.
മാന്ത്രികൻ ആർ.കെ. മലയത്തിന് നൽകിയാണ് പ്രകടനപത്രികയുടെ പ്രകാശനം ബിജെപി സംസ്ഥാന അധ്യക്ഷൻ നിർവഹിച്ചത്.
നിലമ്പൂരിന്റെ വികസനം ഒച്ചിന്റെ വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്ന് ആർ.കെ. മലയത്ത് ചടങ്ങിൽ പറഞ്ഞു.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, ബിഡിജെഎസ് നേതാക്കളായ സിനിൽ മുണ്ടപ്പള്ളി, പി.എസ് ജ്യോതിഷ്, അനൂപ് ആന്റണി, എസ്.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]