
‘ആ ചോദ്യത്തിന് ഇത്ര വലിയ കടുംകൈ ചെയ്യണോ? ചേച്ചിയെ രക്ഷിക്കാൻ പറഞ്ഞതാകും; മകനും മരുമകളും എവിടെയെന്ന് അറിയില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ ലിവിയക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഷീല സണ്ണി. ഇതുസംബന്ധിച്ച് മകന് വോയ്സ് മെസേജ് അയച്ചിട്ടില്ലെന്നും ചേച്ചിയെ രക്ഷിക്കാനായിരിക്കാം ലിവിയ മൊഴി നൽകിരിക്കുന്നതെന്നും ഷീല പറഞ്ഞു. മുഖ്യ പ്രതിയായ നാരായണ ദാസിനെ ഒരു പരിചയവുമില്ലെന്നും ലിവിയയുടെ സ്പോൺസറാണ് ഇയാളെന്ന് അറിയില്ലായിരുന്നുവെന്നും ഷീല സണ്ണി പറഞ്ഞു. തനിക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമായതെന്ന് ലിവിയ ഇന്ന് മൊഴി നൽകിയിരുന്നു.
‘‘ലിവിയയുടെ സ്വഭാവദൂഷ്യം ആരോപിച്ച് ഒരു വോയ്സ് മെസേജും ഞാൻ മകന് അയച്ചിട്ടില്ല. എന്നും തമ്മിൽ കാണുന്നവരാണ്. ഒരു വീട്ടിൽ താമസിക്കുന്നതാണ്. ലിവിയക്കെതിരെ ഒന്നും താൻ പറഞ്ഞിട്ടില്ല. ലിവിയയുടെ വീട്ടിൽ പുതിയ ഫർണീച്ചറുകളും ഗാർഹിക ഉപകരണങ്ങളും കണ്ടപ്പോൾ ഇത് എവിടെനിന്നാണെന്ന് ചോദിച്ചിരുന്നു. ബെംഗളൂരുവിലെ ഹോസ്റ്റിൽ മുറി ഒഴിഞ്ഞപ്പോൾ കൊണ്ടുവന്നതാണെന്നാണ് പറഞ്ഞത്.
ആ ചോദിച്ചതിന് ഇത്രയും വലിയ കടും കൈ ചെയ്യണോ, ലഹരിമരുന്ന് ഒറിജിനൽ അല്ലാത്തതുകൊണ്ട് ഞാൻ ഇപ്പോൾ പുറത്തുണ്ട്. അല്ലെങ്കിൽ ജയിലിൽ തുടരേണ്ടി വന്നേനെ. ലിവിയ നൽകിയ മൊഴി മറ്റാരെയോ രക്ഷിക്കാൻ വേണ്ടിയാണ്. ലിവിയയുടെ ചേച്ചിയെ രക്ഷിക്കാൻ വേണ്ടിയായിരിക്കാം മൊഴി. ഞാൻ ആരോടും സ്വഭാവദൂഷ്യം പറഞ്ഞു നടന്നിട്ടില്ല. കേസിലെ മുഖ്യപ്രതിയായ നാരായണ ദാസിനെ കണ്ട് പരിചയമില്ല. ലിവിയയെ ആരോ ബെംഗളൂരുവിൽ സ്പോൺസർ ചെയ്യുന്നതായി കേട്ടിട്ടുണ്ട്. അത് നാരായണ ദാസാണെന്ന് അറിയില്ലായിരുന്നു.’’ – ഷീലാ സണ്ണി പറഞ്ഞു.
‘‘മകനോ മരുമകളോ എന്നെ വിളിക്കാറില്ല. അവർക്ക് കുട്ടി ജനിച്ച കാര്യം പോലും അറിയിച്ചില്ല. മകൻ എവിടെയാണെന്നു പോലും അറിയില്ല. മരുമകളോട് എനിക്ക് ഒരു തർക്കവുമില്ല. മരുമകളുമായി സ്നേഹത്തിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതിന്റെ പേരിലാണ് ഇറ്റലിയിലേക്കു പോകാൻ തീരുമാനിച്ചത്. ഒരു സാമ്പത്തിക സഹായവും ഞാൻ അവരോട് ചോദിച്ചിട്ടില്ല.
വീസ കിട്ടുമ്പോൾ എന്തെങ്കിലും സഹായിക്കാമെന്ന് അവർ പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ മരുമകളെ എനിക്ക് സംശയമുണ്ടായിരുന്നില്ല. എല്ലാവരുമായും നല്ല സ്നേഹത്തിലായിരുന്നു. പക്ഷേ എന്തിനാണ് ഇത്രയും വലിയ പക മനസിൽ സൂക്ഷിച്ചതെന്നു വ്യക്തമല്ല. എന്നെ വീട്ടിൽ നിന്നും ഒഴിവാക്കാനാണ് കേസിൽ കുടുക്കിയതെന്നു സംശയമുണ്ട്. ഇറ്റലിയിലേക്കുള്ള യാത്ര മുടക്കാനും ഇവർ പദ്ധതിയിട്ടിരിക്കാം.’’ – ഷീല പറഞ്ഞു