
‘എൽഡിഎഫ് രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല, പകരം പച്ചയ്ക്ക് വർഗീയത പറയുന്നു’: മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി വി.ഡി.സതീശൻ
നിലമ്പൂർ ∙ തിരഞ്ഞെടുപ്പു പ്രചാരണം രാഷ്ട്രീയമായി കാണണമെന്നും നിലമ്പൂരിൽ ചർച്ച ചെയ്യേണ്ടത് സർക്കാരിന്റെ ഒൻപതു വർഷത്തെ പ്രവർത്തനങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്.
സർക്കാരിന്റെ ഒൻപതു വർഷക്കാലത്തെ പ്രവർത്തനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യണമെന്നാണ് യുഡിഎഫ് ആഗഹിക്കുന്നത്. എന്നാൽ എൽഡിഎഫ് രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല.
പകരം പച്ചയ്ക്ക് വർഗീയത പറയുകയാണ്. ഉപതിരഞ്ഞെടുപ്പു പ്രചാരണവുമായി നിലമ്പൂരിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി തേടി ഏഴു ചോദ്യങ്ങളും വാർത്താസമ്മേളനത്തിൽ സതീശൻ ചോദിച്ചു.
Malappuram News
1. സംസ്ഥാനത്ത് 2016 മുതൽ നാളിതുവരെ മലയോര ജനത വന്യജീവി ആക്രമണങ്ങളുടെ ദുരിതത്തിലാണ്.
വന്യ ജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ആയിരത്തോളം പേർ കൊല്ലപ്പെട്ടിട്ടും എണ്ണായിരത്തിൽ അധികം പേർക്ക് പരക്കേറ്റിട്ടും സർക്കാർ ചെറുവിരൽ അനക്കിയില്ല. പരമ്പരാഗതമോ ആധുനികമോ ആയ ഒരു പ്രതിരോധ മാർഗവും സ്വീകരിക്കാതെ എന്തുകൊണ്ട് സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നു? കേന്ദ്ര സർക്കാരിൻ്റെ ഉത്തരവ് പ്രകാരം അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ സംസ്ഥാനത്തിന് അധികാരം ഉണ്ടായിട്ടും എന്തുകൊണ്ട് ചെയ്തില്ല? 2.
എസ്സി /എസ്ടി വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സഹായം കഴിഞ്ഞ മൂന്നുവർഷമായി വർധിപ്പിക്കാത്ത എക സംസ്ഥാനമാണ് കേരളം. എസ്സി വിഭാഗങ്ങൾക്ക് കഴിഞ്ഞ വർഷത്തെ പ്ലാൻ ഫണ്ടിൽനിന്ന് 500 കോടി രൂപയും എസ്ടി വിഭാഗങ്ങൾക്ക് 120 കോടി രൂപയും വെട്ടിക്കുറച്ചു.
പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളോട് ഇത്രയും ക്രൂരമായി പെരുമാറുന്നത് എന്തിന്?
3. മെഡിക്കൽ സർവീസസ് കോർപറേഷന് കോടികൾ കൊടുക്കാനുള്ളത് കൊണ്ട് ആശുപത്രികളിൽ മരുന്നില്ല.
സിവിൽ സപ്ലെസ് കോർപ്പറേഷന് കോടികൾ കൊടുക്കാൻ ഉള്ളത് കൊണ്ട് മാവേലി സ്റ്റോറിൽ സബ്സിഡി സാധനമില്ല. ക്ഷേമ പെൻഷനുകളും ക്ഷേമനിധി ബോർഡിൻ നിന്നുള്ള സഹായവും മുടങ്ങി.
ജീവനക്കാർക്കും പെൻഷൻകാർക്കും കോടികൾ കൊടുക്കാനുണ്ട്. മൂന്ന് തവണ വൈദ്യുതി ചാർജ് കൂട്ടി.
ലൈഫ് മിഷൻ പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നത്. കാരുണ്യ പദ്ധതി നിലച്ചു.
സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് പറഞ്ഞിട്ട് ഇത്രയധികം ജനദ്രോഹ നടപടികൾ ഒന്നിച്ച് ചെയ്യാൻ ഒരു സർക്കാരിന് എങ്ങനെ കഴിയുന്നു?
4. സർക്കാരിന്റെ നേട്ടമായി കൊട്ടിഘോഷിച്ച ദേശീയപാത നൂറ്റിയൻപതിൽപരം സ്ഥലങ്ങളിൽ തകർന്ന് വീണിട്ടും / അഴിമതി ഉണ്ടായിട്ടും / ക്രമക്കേട് ഉണ്ടായിട്ടും സർക്കാരിന് ഒരു പരാതിയും ഇല്ലാത്തത് എന്തുകൊണ്ട്? ഡൽഹിയിൽ പോയി കേന്ദ്രമന്ത്രിയെ കണ്ട് സമ്മാനപ്പെട്ടി കൊടുത്ത്, പൊന്നാട
അണിയിച്ച് അദരിച്ചു. ബിജെപി – സിപിഎം ധാരണയല്ലേ ഒരു പരാതിയും ഇല്ലാത്തതിന് പിന്നിൽ?
5.
തുച്ഛമായ ഓണറേറിയത്തിനു ജോലിചെയ്യുന്ന ആശാ വർക്കർമാർ വേതനം വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. അവരോട് ക്രൂരമായി പെരുമാറുന്നു.
മന്ത്രിമാർ അടക്കമുള്ളവർ അവരെ അപമാനിക്കുന്നു. നിങ്ങൾ എന്നാണ് മുതലാളിമാർ ആയത്? പിഎസ്സി ചെയർമാന്റെ ശമ്പളം നാല് ലക്ഷത്തിൽ അധികമാക്കി.
അംഗങ്ങൾക്ക് മൂന്ന് ലക്ഷത്തിൽ അധികമാക്കി. പെൻഷനും വർധിപ്പിച്ചു.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന് ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കി. 12 പേർക്ക് ഒരു മാസത്തിൽ 80 ലക്ഷം രൂപയിൽ അധികം വേണം.
സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പ്രതിപക്ഷ നേതാവിന് ഒരു രൂപ പോലും ചെലവില്ല. എന്നിട്ടും ആശ വർക്കർമാർക്ക് ഒരു രൂപ പോലും കൂട്ടില്ല എന്ന നിലപാട് എന്തിനാണ്?
6.
സംസ്ഥാനത്ത് റബറിനെ താങ്ങുവില കിലോയ്ക്ക് 250 രൂപ ആക്കുമെന്ന പ്രകടനപത്രികാ പ്രഖ്യാപനം നടപ്പാകാത്തത് എന്ത്? നെല്ലിന്റെ താങ്ങുവിലയിലെ സംസ്ഥാന വിഹിതം ക്രമാതീതമായി കുറയ്ക്കുകയാണ് ചെയ്യുന്നത്. നാളികേര സംഭരണം എന്ത് കൊണ്ട് നടക്കുന്നില്ല? കർഷകരെ രക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ട്?
7.
സംസ്ഥാനത്തെ ലഹരിയുടെ ഹബ്ബാക്കി എന്നത് മാത്രമല്ലേ സർക്കാരിന്റെ നേട്ടം. അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്.
ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷകർത്തിത്വം നൽകിയത് സിപിഎമ്മല്ലേ?
അതേസമയം ജമാ അത്തെ ഇസ്ലാമിയെ ആദ്യം സ്വാഗതം ചെയ്തത് മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു. അവരെ കാണാൻ തലയിൽ മുണ്ടിട്ട് പോകേണ്ടെന്നു പറഞ്ഞതും പിണറായി വിജയനാണ്.
എന്നിട്ട് പഴയതെല്ലാം മറന്ന് നിറം മാറുന്നു. മുഖ്യമന്ത്രി അവരെ സ്വാഗതം ചെയ്യുന്ന വിഡിയോ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ കാണിച്ചിരുന്നു.
അതു തെറ്റാണെങ്കിൽ എനിക്കെതിരെ കേസെടുക്കട്ടെ. ഇക്കാര്യത്തിൽ യുഡിഎഫിൽ ഒരു ആശയക്കുഴപ്പവുമില്ല.
ജനങ്ങൾക്കു സർക്കാരിനോടുള്ള എതിർപ്പും വെറുപ്പും ചർച്ചയാകാതിരിക്കാനാണ് വെൽഫയർ പാർട്ടി വിഷയം ചർച്ചയാക്കാൻ ശ്രമിക്കുന്നത്. വിഷയം മാറ്റികൊണ്ടു പോകാൻ ശ്രമിച്ചാൽ അത് നടക്കില്ലെന്നും സതീശൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]