
യുഎസിനെ തൊട്ടാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിക്കും; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടൻ∙ ഏതെങ്കിലും തരത്തിൽ യുഎസിനുനേരെ ആക്രമണമുണ്ടായാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ യുഎസിന് ഒരു പങ്കുമില്ലെന്നും തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു.
‘കഴിഞ്ഞദിവസം രാത്രി ഇറാനുനേരെ നടന്ന ആക്രമണത്തിൽ യുഎസിന് യാതൊരു പങ്കുമില്ല. എന്നാൽ ഇറാൻ ഏതെങ്കിലും തരത്തിൽ ഞങ്ങൾക്കുനേരെ ആക്രമണം നടത്തിയാൽ ഇതുവരെ കാണാത്ത തരത്തിൽ യുഎസ് സൈന്യത്തിന്റെ മുഴുവൻ ശക്തിയും കരുത്തും പ്രയോഗിച്ചു തിരിച്ചടിക്കും.’–ട്രംപ് പറഞ്ഞു.
ഇറാനെയും ഇസ്രയേലിനെയും ഉടമ്പടിയിൽ ഒപ്പുവപ്പിച്ച് ഈ രക്തരൂഷിത യുദ്ധം അവസാനിപ്പിക്കാൻ ഇപ്പോഴും വളരെയെളുപ്പത്തിൽ യുഎസിന് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ–ഇസ്രയേൽ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
നേരത്തെ ഇറാന്റെ എണ്ണപ്പാടങ്ങളിലും മിസൈൽ കേന്ദ്രങ്ങളിലും ആയുധ സംഭരണശാലകളിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ടെൽ അവീവ് അടക്കമുള്ള ഇസ്രയേൽ നഗരങ്ങളിൽ ഇറാനും മിസൈലാക്രമണം നടത്തി.
ഇറാൻ അയച്ച 7 ഡ്രോണുകൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ ആറുപേർ കൊല്ലപ്പെട്ടു.
ഇരുരാജ്യങ്ങളിലുമായി ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ആക്രമണങ്ങളിൽ അനേകം കെട്ടിടങ്ങളും തകർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]