
8:52 AM IST:
എല്ലാ മണ്ഡലങ്ങളിലും എംപി ഓഫീസ് സജീവമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡിഎംകെ എംപിമാർക്ക് സ്റ്റാലിന്റെ നിർദ്ദേശം. എംപിമാരുടെ ഫോൺ നന്പറും, ഇമെയിൽ വിലാസവും, ജനങ്ങൾക്ക് കൂടിക്കാഴ്ച നടത്താനുള്ള സമയവും ഓഫീസിൽ പ്രദർശിപ്പിക്കണമെന്നും ഡിഎംകെ അധ്യക്ഷൻ
8:19 AM IST:
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് എന്നിവിടങ്ങളിൽ ദർശനം നടത്തും. പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം കല്യാശേരിയിലെ ഇ.കെ. നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെയും സുരേഷ് ഗോപി സന്ദർശിക്കും
8:04 AM IST:
സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗം. സർക്കാരിനെതിരെയുള്ള വികാരമാണ് വോട്ടിങ്ങിൽ പ്രതിഫലിച്ചതെന്നും ക്ഷേമ പെൻഷൻ മുടങ്ങിയത് അടക്കമുള്ള വിഷയങ്ങൾ തോൽവിക്ക് കാരണമായെന്നുമാണ് വിമർശനം. ജില്ലയിലെ സംഘടനാ ദൗർബല്യവും തിരിച്ചടിയായെന്നും വിലയിരുത്തൽ.
8:03 AM IST:
ഇടുക്കി പളളിവാസലിലെ ഏലം കുത്തകപ്പാട്ടഭൂമിയിലെ റിസോർട്ടിന് അനുമതി നൽകിയ നടപടി ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പളളിവാസൽ വില്ലേജ് നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.
8:03 AM IST:
ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിൽ ഇന്ത്യ പുറത്ത്. നിർണായക മത്സരത്തിൽ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളിന് ഖത്തറിനോട് തോറ്റു. റഫറിയുടെ വൻപിഴവിൽ നിന്ന് നേടിയ ഗോളിലൂടെ ആയിരുന്നു ഖത്തറിന്റെ വിവാദ വിജയം.
8:02 AM IST:
തലശേരി മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി. ഇരുഭാഗത്തേക്കുമുള്ള യാത്രക്ക് പുതുക്കിയ നിരക്കനുസരിച്ച് നൽകേണ്ട് 110 രൂപയാണ്. ബൈപാസ് യാത്രയിലെ സൗകര്യങ്ങൾ ഉറപ്പിക്കും മുൻപ് തന്നെ ടോൾ പിരിക്കുന്നതിൽ വിമർശനങ്ങളുയർന്നിരുന്നു. അതിന് പരിഹാരം കാണാതെയാണിപ്പോൾ ടോൾനിരക്ക് കൂട്ടിയത്.
8:02 AM IST:
ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനംവകുപ്പ് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വനം, ടൂറിസം, റവന്യു വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. വനംവകുപ്പ് ഹാജരാക്കിയ സ്കെച്ച് അനുവസരിച്ച് വനഭൂമിയിലുൾപ്പെടെയാണ് നിർമ്മാണം നടത്തുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
8:01 AM IST:
മൂന്നാറിൽ രണ്ടായിരം കോടിയിൽ കുറയാത്ത അനധികൃത ഭൂമി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി. ഏലം കുത്തകപ്പാട്ട ഭൂമിയിൽ റിസോർട്ടുകൾക്ക് അനുമതി നൽകുന്നത് അനുവദിക്കാനാകില്ല. പളളിവാസലിലെ മകയിരം റിസോർട്ടിന് എൻ ഒ സി നൽകിയ നടപടിയിൽ ജില്ലാ കലക്ടർക്കെതിരെ അന്വേഷണത്തിന് നിർദേശിച്ചെങ്കിലും സർക്കാർ കൂടുതൽ രേഖകൾ ഹാജരാക്കിയതോടെ നടപടി മാറ്റിവെച്ചു.
8:00 AM IST:
സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്ക്കൂളുകളിലെ പ്രധാനാധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് വൈകിയതോടെ സ്കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. അധ്യയന വര്‍ഷം തുടങ്ങിയിട്ടും പ്രധാനാധ്യാപകരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ ശന്പള വിതരണം ഉള്‍പ്പെടെ മുടങ്ങുമെന്ന ആശങ്കയിലാണ് സ്കൂളിലെ അധ്യപകരും ജീവനക്കാരും.
8:00 AM IST:
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൈവെട്ടുമെന്ന സിപിഎം പ്രസംഗം തള്ളി സിപിഐ. ഇടതുപക്ഷ രീതിക്ക് ചേരാത്ത പ്രതികരണങ്ങളാണ് പത്തനംതിട്ടയിലെ പ്രാദേശിക നേതാക്കൾ നടത്തുന്നതെന്നും സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. ഗോപിനാഥ് പറഞ്ഞു. അതേസമയം, കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എഐടിയുസിക്കും കൊടിമരം സ്ഥാപിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ സിപിഐ നേതാക്കൾ പ്രതിഷേധിച്ചു.
7:59 AM IST:
മയക്കുമരുന്നിന് അടിമയായ സമയത്ത് അനധികൃതമായി തോക്ക് കൈവശം വെച്ചു എന്ന കേസിൽ ഹണ്ടർ ബൈഡൻ കുറ്റക്കാരൻ. ഡെലവേറിലേ ഫെഡറൽ കോടതിയിലെ ജൂറിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ പിന്നീട് വിധിക്കും
7:59 AM IST:
റഷ്യ യുക്രെയിൻ സംഘർഷത്തിൽ കൊല്ലപ്പെട്ട 2 ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ ഉടൻ നിർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. റഷ്യയിലേക്കുള്ള നിയമനങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നു വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൈന്യത്തിൽ സഹായികളായി എടുത്ത 2 പേർ നേരത്തെ കൊല്ലപ്പെട്ടിരുന്നു
7:58 AM IST:
ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേൽക്കും. നിലവിലെ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഇതോടെയാണ് നിയമനം.കരസേന ഉപമേധാവിയായി ഫെബ്രുവരിയിലാണ് ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്. പാകിസ്ഥാൻ, ചൈന അതിർത്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഈ മാസം മുപ്പതിന് ദ്വിവേദിയും വിരമിക്കേണ്ടതാണ്.എന്നാൽ ജനറൽ പദവി ലഭിക്കുന്നതോടെ രണ്ട് വർഷം കൂടി സേവനം അനുഷ്ഠിക്കാം
7:55 AM IST:
ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഹിരാ നഗർ സെക്ടറിലെ സൈദ സുഖാൽ ഗ്രാമത്തിൽ ഭീകരരുടെ വെടിവയ്പ്പ്. ഒരു ഭീകരനെ വധിച്ചെന്ന് സൈന്യം അറിയിച്ചു.അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള ഗ്രാമം ആണ് സൈദ സുഖാൽ.പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകി.
7:54 AM IST:
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
7:53 AM IST:
മലപ്പുറം പരപ്പനങ്ങാടിയിൽ ആത്മഹത്യ ചെയ്ത പതിനഞ്ചുകാരിയുടെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഇന്ന് രാവിലെ നടക്കും.കോട്ടക്കലിൽ ഇൻക്വസ്റ്റിനു ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടത്തുക. പത്താം ക്ലാസ് വിജയിച്ച കുട്ടിക്ക് പ്ലസ് വൺ സീറ്റു കിട്ടാത്തതിൽ നിരാശയുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അഞ്ച് എ പ്ലസോടെയാണ് കുട്ടി പരീക്ഷ വിജയിച്ചത്. കുട്ടിക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൗൺസിലിംഗ് നൽകിയിരുന്നതായും രക്ഷിതാക്കൾ പൊലീസിൽ മൊഴിയായി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ വിശദമായി അന്വേഷിക്കുകയാണന്ന് പരപ്പനങ്ങാടി എസ്.എച്ച്.ഒ പറഞ്ഞു.
7:53 AM IST:
പന്തീരാങ്കാവ് കേസിലെ യുവതിയെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിൽ തുടർനടപടിയില്ലാതെ പൊലീസ്. എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും യുവതി യുട്യൂബ് പേജിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകൾ വേണമെന്നാണ് വടക്കേക്കര പൊലീസിന്റെ നിലപാട്. പൊലീസ് തെരച്ചിലിൽ യുവതിയെ കൂടുതൽ സമ്മർദ്ദത്തിലാകാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്.യുവതിയുടെ മൊബൈൽ ടവർ ലൊക്കേഷനും,യുട്യൂബ് വീഡിയോ അപ്ലോഡ് ചെയ്ത ലൊക്കേഷനും പൊലീസ് കണ്ടെത്തിയെങ്കിലും സാഹചര്യം നിരീക്ഷിച്ച ശേഷമാകും കസ്റ്റഡിയിലെടുക്കുന്നതിൽ ഉൾപ്പടെ തീരുമാനം.വീട്ടിൽ താൻ സുരക്ഷിതയല്ലെന്നും പല തരം ഭീഷണികൾ താൻ വീട്ടിൽ നേരിട്ടുവെന്നുമാണ് കുടുംബത്തിനെതിരെ യുവതിയുടെ ആരോപണം.
7:52 AM IST:
ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന പത്ത് വയസ്സുകാരിയുടെ ഹർജി തള്ളി ഹൈക്കോടതി.ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിലപാട്.പത്ത് വയസ്സാണ് പ്രായമെന്നും ആദ്യ ആർത്തവം ഉണ്ടാകാത്തതിനാൽ പ്രായപരിധി പരിഗണിക്കാതെ മലകയറാൻ അനുവദിക്കണം എന്നായിരുന്നു കർണാടക സ്വദേശിയായ പെൺകുട്ടിയുടെ ആവശ്യം
7:51 AM IST:
ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇത് നാലാം വട്ടമാണ് നായിഡു മുഖ്യമന്ത്രി പദത്തില്‍ എത്തുന്നത്.പകൽ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിനു സമീപം കേസരപ്പള്ളി ഐടി പാർക്കിൽവച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ജനസേന നേതാവ് പവൻ കല്യാൻ ഉപമുഖ്യമന്ത്രി ആയേക്കും.175 അംഗ സഭയിൽ ടിഡിപി 135, ജനസേന 21, ബിജെപി 8 എന്നിങ്ങനെയാണ് കകക്ഷിനില. മുന്‍മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയെയും നായിഡു ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ,. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, രജനികാന്തും ചിരഞീവിയും അടക്കമുള്ള സിനിമാതാരങ്ങളും ചടങ്ങില്‍ പങ്കെടുക്കും
7:50 AM IST:
ഒഡീഷയില്‍ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. മോഹൻ ചരണ്‍ മാജിയെ ഇന്നലെ ചേർന്ന ബിജെപി നിയമസഭ കക്ഷിയോഗത്തിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്ക് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കും.പുരി ജഗന്നാഥ ക്ഷേത്രത്തിലെ ദേവനാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ആദ്യക്ഷണം നൽകിയിരിക്കുന്നത്. നാല് തവണ എംഎൽഎ ആയ മോഹൻ ചരണ്‍ മാജി സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ്. കെ വി സിംഗ് ദേവ്, പ്രവതി പരീത എന്നിവർ മന്ത്രി സഭയിലെ ഉപമുഖ്യമന്ത്രിമാരാകും. 147 അംഗ നിയമസഭയിൽ 78 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി ഒഡിഷയിൽ ഭരണം പിടിച്ചത്.
7:50 AM IST:
മന്ത്രി വീണാ ജോർജ്ജിന്റെ ഭർത്താവിനെതിരായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരസ്യ ആരോപണത്തിൽ സിപിഎം നേതൃത്വത്തിനു കടുത്ത അതൃപ്തി. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന നേതാവുമായ കെ. കെ. ശ്രീധരനോട് പാർട്ടി വിശദീകരണം തേടും. അതേസമയം, മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് ഏഴകുളം^കൈപ്പട്ടൂർ റോഡ് നിർമാണം അട്ടിമറിക്കുന്നു എന്നാരോപിച്ച് കൊടുമണ്ണിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.
7:49 AM IST:
പുതിയ മദ്യനയത്തിന് മുന്നോടിയായി ബാർ,ഡിസ്ലറി ഉടമകളുമായി ഇന്ന് എക്സൈസ് മന്ത്രി ചർച്ച നടത്തും. നയംമാറ്റത്തിന് ബാറുടമകളിൽ നിന്നും പണം പിരിക്കാനുള്ള ബാറുടമ സംഘടന നേതാവിൻെറ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വിവാദവും അന്വേഷണവുമൊക്കെ നടക്കുന്നതിനിടെയാണ് ബാറുടമകളുടമായുള്ള ചർച്ച. ഡ്രൈ ഡേ മാറ്റണമെന്ന് ബാറുടമകള്‍ ഇന്നത്തെ യോഗത്തിലും ആവശ്യപ്പെടും. കുറഞ്ഞ വീര്യമുള്ള മദ്യം കുറഞ്ഞ നിരക്കിൽ വിൽക്കാൻ അനുമതി നൽകുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഡിസ്ലറി ഉടമകള്‍ മുന്നോട്ടു വയ്ക്കുന്നത്. ഇന്ന് 12 മണിക്ക് നിയമസഭയിലെ മന്ത്രിയുടെ ഓഫീസിൽ വച്ചാണ് ചർച്ച.