
തിരുവനന്തപുരം: വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ 16ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 61 കേന്ദ്രങ്ങളിലായി ഏകദേശം 23666 പേരാണ് പരീക്ഷ എഴുതുന്നത്.
പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. രാവിലെയുള്ള പരീക്ഷയ്ക്ക് 9 മണിക്കും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് 2 മണിക്ക് മുമ്പും പരീക്ഷാ ഹാളിൽ പ്രവേശിക്കണം. ഇ-അഡ്മിറ്റ് കാർഡിൽ (ഹാൾടിക്കറ്റ്) അനുവദിച്ചിരിക്കുന്ന കേന്ദ്രത്തിൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കൂ.
ഡൗൺലോഡ് ചെയ്ത ഇ-അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ-അഡ്മിറ്റ് കാർഡിൽ പരാമർശിക്കുന്ന ഒറിജിനൽ ഐഡന്റിറ്റി കാർഡും കൈയ്യിൽ കരുതണം. ആവശ്യപ്പെടുമ്പോൾ അത് ഇൻവിജിലേറ്ററെ കാണിക്കണം. കറുത്ത ബാൾപോയിന്റ് പേന കൊണ്ടു മാത്രമെ ഉത്തരസൂചിക പൂരിപ്പിക്കാവൂ. ബാഗുകൾ, മൊബൈൽഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ബ്ലൂടൂത്ത് / ഐറ്റി ഉപകരണങ്ങൾ പരീക്ഷാഹാളിലോ, പരീക്ഷാ കേന്ദ്രത്തിലോ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർഥിയെയും പുറത്തു പോകാൻ അനുവദിക്കില്ല.
Last Updated Jun 14, 2024, 7:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]