
‘ഞങ്ങള് കടുവകളെ കീഴടക്കുകയും സ്രാവുകളെ വെട്ടിക്കുകയും ചെയ്തവർ; പ്രകോപനം തുടർന്നാൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല’
കണ്ണൂർ∙ ധീരജിനെ കുത്തിയ കത്തിയുമായി യൂത്ത് കോൺഗ്രസുകാർ വന്നാൽ പുഷ്പ ചക്രം ഒരുക്കിവയ്ക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്– സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്നാൽ പുഷ്പചക്രം ഒരുക്കിവയ്ക്കുമെന്നു പറഞ്ഞതിൽ പേടിക്കേണ്ടതില്ലെന്നും സിപിഎം അതിനൊന്നും നിൽക്കില്ലെന്നും അദ്ദേഹം തിരുത്തി. ബുധനാഴ്ച വൈകിട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തിയ കാൽനട
ജാഥ മലപ്പട്ടത്ത് സമാപിക്കവെയാണ് യൂത്ത് കോൺഗ്രസ്–സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഭവത്തിൽ 50 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
‘‘കടുവകളെ കീഴടക്കുകയും സ്രാവുകളെ വെട്ടിക്കുകയും ചെയ്തവരാണ് സിപിഎമ്മുകാർ.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെ ഉള്ളവർക്കു മൂട്ടകളുടെ സ്ഥാനം മാത്രമേ നൽകുന്നുള്ളു. മൂട്ടയെപ്പോലെ ചൊറിയാൻ മലപ്പട്ടത്ത് വരരുത്.
മൂട്ടയെ ശരിപ്പെടുത്താൻ ആരും കൊടുവാൾ എടുക്കില്ല. മൂട്ടകളുടെ പണിയാണ് രാഹുൽ ചെയ്യുന്നത്.
ഞങ്ങൾക്ക് അതിന് സമയമില്ല. പാർട്ടി ഗ്രാമങ്ങളുണ്ടായത് വെറുതെയല്ല.
ജീവൻ നൽകി നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ്. സിപിഎം ഓഫിസ് ആക്രമിച്ചിട്ടു തിരിച്ചു പോയിട്ടുണ്ടെങ്കിൽ അത് ഔദാര്യമാണെന്നു കണക്കുകൂട്ടിയാൽ മതി.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉടലെടുത്തത്’’ – കെ.കെ.രാഗേഷ് പറഞ്ഞു.
‘‘ധീരജിനെ കൊന്ന കത്തി ഇനിയും ഉപയോഗിക്കേണ്ടി വരുമെന്നു പറയുന്നത് എത്ര വലിയ പ്രകോപനമാണ്. എന്നിട്ടും മലപ്പട്ടത്തെ ജനം സംയമനത്തോടെ നിന്നു.
ഞങ്ങൾ ഒരു പ്രകോപനത്തിനുമില്ല. നിങ്ങൾ പ്രകോപനം ഉണ്ടാക്കിയാൽ ഞങ്ങൾ ഇതുപോലെ പ്രതിഷേധം സംഘടിപ്പിച്ച് പ്രസംഗിക്കും.
വീണ്ടും പ്രകോപിപ്പിച്ചാൽ കുറച്ചുകൂടി ശക്തമായി പ്രസംഗിക്കും. പ്രകോപനം തുടർന്നാൽ എന്താണ് സംഭവിക്കുക എന്ന് പറയാൻ സാധിക്കില്ല’’ – രാഗേഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]