
ഐവിൻ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ പരുക്കിനെ തുടർന്ന്; ഇടിച്ച് ബോണറ്റിൽ വീഴ്ത്തിയ ശേഷം ഒരു കിലോമീറ്ററോളം പ്രതികൾ സഞ്ചരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സിഐഎസ്എഫ് കോൺസ്റ്റബിൾ മോഹൻ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അങ്കമാലി തുറവൂർ ആരിശ്ശേരിൽ ഐവിന് ജിജോ (24) കൊല്ലപ്പെട്ടത് തലയ്ക്കേറ്റ പരുക്കിനെത്തുടർന്നാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. വാഹനം ഓടിച്ചിരുന്ന സിഐഎസ്എഫ് എസ്ഐ വിനയ് കുമാർ ദാസിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പൊലീസ് കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റിയിട്ടുണ്ട്. നേരത്തേ വിനയ് കുമാർ ദാസിനെയും മോഹൻ കുമാറിനെയും സിഐഎസ്എഫ് സസ്പെൻഡ് ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് ഐവിന്റെ മരണത്തിന് കാരണമായ സംഭവവികാസങ്ങൾ ഉണ്ടായത്. നെടുമ്പാശേരിയിൽ വിമാനക്കമ്പനികൾക്കു ഭക്ഷണം തയാറാക്കി നൽകുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഐവിൻ, വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്കു പോവുകയായിരുന്നു. ഇതിനിടെയാണ് നെടുമ്പാശേരി നായത്തോട് ഭാഗത്തുവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി കാറുകൾ ഉരസിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുന്നത്. തുടർന്ന് കാർ എടുത്തുപോകാൻ ശ്രമിച്ചപ്പോൾ ഐവിനെ ഇടിച്ചു ബോണറ്റിൽ വീഴ്ത്തിയ ഇവർ ഒരു കിലോമീറ്ററോളം അതിവേഗത്തിൽ സഞ്ചരിച്ചു. പിന്നീട് നാട്ടുകാർ ഇടപെട്ട് കാർ നിർത്തിച്ചെങ്കിലും ഐവിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മോഹൻ കുമാറിനെ ഇന്നു വെളുപ്പിനെ നെടുമ്പാശേരിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രാഥമിക തെളിവെടുക്കലുകൾക്കു ശേഷം വൈകിട്ട് രേഖപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ പരുക്ക് പറ്റിയ വിനയ് കുമാറിനെ പൊലീസ് എത്തി അങ്കമാലിയിലെ ആശുപത്രിയിലേക്കു മാറ്റി. തുടർന്നാണ് ഇന്നു വൈകിട്ടോടെ എറണാകുളം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഐവിന്റെ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് ബന്ധുക്കള്‍ക്കു വിട്ടു നൽകി. തലയ്ക്കേറ്റ ഗുരുതരമായ പരുക്ക് മരണകാരണമായി എന്നാണ് കളമശേരി മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എസ്ഐ വിനയ്കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവരെ അടിയന്തരമായി സസ്പെൻഡ് ചെയ്തതായി സിഐഎസ്എഫ് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ.പൊന്നി വ്യക്തമാക്കി. സംഭവം ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കുകയും സമയബന്ധിതമായി ഇത് പൂർത്തിയാക്കുകയും ചെയ്യും. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അച്ചടക്ക നടപടികൾ സ്വീകരിക്കുക.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ സീനിയർ ഫിസിയോതെറപ്പിസ്റ്റ് ആണ് ഐവിന്റെ പിതാവ് ജിജോ ജയിംസ്. മാതാവ് റോസ്മേരി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ നടക്കും. ഐവിന്റെ ഏക സഹോദരി അലീന.