
പത്തനംതിട്ട: വീട്ടിൽ വഴക്കുപറഞ്ഞതിന്റെ പേരിൽ 15 കാരൻ രണ്ട് ഉറ്റസുഹൃത്തുക്കൾക്കൊപ്പം നാടുവിടാനൊരുങ്ങി. രക്ഷയില്ലാതെ ഫോൺ ഓണാക്കി കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ചതോടെയാണ് 15കാരനെ കണ്ടെത്തിയത്. ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പർ പിന്തുടർന്ന അന്വേഷണസംഘം തന്ത്രപൂർവം ലൊക്കേഷൻ മനസ്സിലാക്കി മണിക്കൂറുകൾക്കകം കൗമാരക്കാരായ മൂവരെയും കണ്ടെത്തി.
ഇന്നലെ വൈകിട്ട് 5.30 ന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് കൂട്ടുകാർ നാടുവിടാൻ തീരുമാനിച്ചുള്ള യാത്ര തുടങ്ങിയത്. കൂട്ടത്തിലെ ഒരു 15 കാരൻ കൂട്ടുകാർക്കൊപ്പം കുടശനാട്ടേക്കുള്ള ബസിൽ കയറുന്നത് ഇയാളുടെ അമ്മ കണ്ടിരുന്നു. ചോദിച്ചപ്പോൾ ഒരാളുടെ വസ്ത്രം വേറൊരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് വാങ്ങാൻ പോകുന്നു എന്നായിരുന്നു മറുപടി. എറണാകുളം പോകാനായിരുന്നു മൂവരും ഉദ്ദേശിച്ചത്. എന്നാൽ ആവശ്യത്തിനുള്ള പണം ലഭ്യമാകാഞ്ഞതുകാരണം പോകാൻ സാധിച്ചില്ല.
വീടുവിടാൻ തീരുമാനമെടുത്ത കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരം ഇന്നലെ രാത്രി ഒരു മണിയോടെ പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എസ്ഐ അനീഷ് എബ്രഹാമാണ് കേസെടുത്തത്. രാത്രിയായിട്ടും കുട്ടികൾ തിരിച്ചുവരാതിരുന്നപ്പോൾ വീട്ടുകാർ പലയിടത്തും അന്വേഷിച്ചു. ഫലം കാണാതായതോടെ സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയിരുന്നു. ഒരുമിച്ചൊരു സ്കൂളിൽ പഠിക്കുന്ന മൂവരും ഉറ്റ ചങ്ങാതിമാരാണ്. രണ്ടുപേർ ബന്ധുക്കളുമാണ്. സ്റ്റേഷനിൽ പരാതി നൽകിയ വീട്ടമ്മ, മകനെ കഴിഞ്ഞദിവസം വഴക്ക് പറയേണ്ട സാഹചര്യം ഉണ്ടായെന്നും ഇതുകാരണം സുഹൃത്തുക്കൾക്കൊപ്പം നാടുവിടാൻ തീരുമാനിച്ചതാകാമെന്നും പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നിർദേശപ്രകാരം എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി തെരച്ചിൽ ഉടനടി ആരംഭിച്ചിരുന്നു.
കുട്ടികൾ ഫോൺ ഓഫാക്കിയ നിലയിലായിരുന്നു. പണത്തിനായി ചില കൂട്ടുകാരെ സമീപിച്ചുവെങ്കിലും കിട്ടിയില്ല. ഇവർ പോകാനുള്ള ഇടങ്ങളിലെല്ലാം പൊലീസ് തെരഞ്ഞു. ബന്ധുക്കളുടെയും മറ്റ് സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നുരാവിലെ കൂട്ടത്തിൽ ഒരാൾ ഫോൺ ഓണാക്കി, പണത്തിനു വേണ്ടി ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ചതായിരുന്നു. ഈ നമ്പരിൽ നിന്നും തിരിച്ചുവിളിച്ച് പൊലീസ് കാര്യങ്ങൾ മനസ്സിലാക്കി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ തിരിച്ചറിഞ്ഞു. പന്തളം കുരമ്പാലയിൽ നിന്നും ഇന്ന് രാവിലെ കുട്ടികളെ കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]