
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി; ശബരിമല വിമാനത്താവളം കണ്‍സള്‍ട്ടന്‍സി ഫീസിന് 4.36 കോടി
തിരുവനന്തപുരം∙ വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭായോഗം ഭരണാനുമതി നല്കി. 351.48 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്.
പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയിരിക്കുന്നത്.
വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷൽ ഓഫിസറും ഇപിസി കോൺട്രാക്ടറും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക് കോൺട്രാക്ടറായ യുഎല്‍സിസിഎസിന് മുൻകൂർ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷൽ ഓഫീസർക്ക് അനുവദിക്കും.
ഇതിനു പുറമെ എല്‍സ്റ്റൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കലക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽനിന്ന് ഹൈക്കോടതി റജിസ്ട്രാറുടെ അക്കൗണ്ടിലേക്കു പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കലക്ടറുടെ നടപടിയും മന്ത്രിസഭായോഗം സാധൂകരിച്ചു. വയനാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും സാധൂകരിച്ചിട്ടുണ്ട്.
മന്ത്രിസഭായോഗത്തിലെ മറ്റു തീരുമാനങ്ങള്‍
∙ ശബരിമല ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി 4.366 കോടി രൂപ കണ്‍സള്‍ട്ടന്‍സി ഫീസായി നിശ്ചയിച്ച് നവി മുബൈയിലെ എസ്ടിയുപി കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ കണ്‍സള്‍ട്ടന്റായി നിയോഗിച്ച കെഎസ്ഐഡിസിയുടെ നടപടി വ്യവസ്ഥകളോടെ അംഗീകരിച്ചു.
വിമാനത്താവള പദ്ധതി പുരോഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മിറ്റിയെ ചുമതലപ്പെടുത്തി.
∙കിലയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2019 ജൂലൈ 1 പ്രാബല്യത്തില്‍ 11-ാം ശമ്പളപരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.
∙സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സര്‍ക്കാര്‍ വഹിക്കും.
∙എക്സൈസ് വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏഴ് വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]