
റിയാദ്: സിറിയയുമായി യുഎസ് ഗവൺമെന്റിന്റെ വർഷങ്ങളായി പിന്തുടർന്ന നയത്തെ പൊളിച്ചെഴുതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുമായി കൂടിക്കാഴ്ച നടത്തി. അൽ-ഖ്വയ്ദയുടെശാഖയും അമേരിക്കൻ സർക്കാർ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രിർ അൽ-ഷാമിന്റെ (എച്ച്ടിഎസ്) മുൻ നേതാവാണ് അൽ-ഷറ. 1979 ൽ യുഎസ് സിറിയയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പ്രസിഡന്റ് ട്രംപ് നീക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർത്ഥനപ്രകാരം റിയാദിൽ കൂടിക്കാഴ്ച നടന്നത്.
സിറിയയുമായി നല്ല രീതിയിൽ പ്രവർത്തിക്കാൻ അൽ-ഷറയ്ക്ക് അവസരമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് അഭിപ്രായപ്പെട്ടു. അൽ ഷറ യുവാവും ആകർഷകനും കടുപ്പമുള്ളവനുമായ വ്യക്തിയാണെന്നും ട്രംപ് വിശേഷിപ്പിച്ചു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി സംസാരിച്ചതായി ട്രംപ് പറഞ്ഞു. കാൽനൂറ്റാണ്ടിനുശേഷം ഒരു സിറിയൻ നേതാവുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ട്രംപ്. ഒരുകാലത്ത് ജിഹാദിയായിരുന്ന അദ്ദേഹത്തോട് ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനും ട്രംപ് ആവശ്യപ്പെട്ടു.
എന്നിരുന്നാലും, തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയിൽ നിന്ന് സിറിയയെ അമേരിക്ക നീക്കം ചെയ്യുമെന്ന് അദ്ദേഹം സൂചന നൽകിയില്ല. അതേസമയം, അൽ-ഷറയുടെ അവ്യക്തമായ ഭൂതകാലം കാരണം ഇരു നേതാക്കളുടെയും കൂടിക്കാഴ്ച ആഗോളതലത്തിൽ ചർച്ചാ വിഷയമായി. മുമ്പ് അബു മുഹമ്മദ് അൽ-ജിലാനി എന്നറിയപ്പെട്ടിരുന്ന അൽ-ഷറ ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ളയാളായിരുന്നു. ഇറാഖിൽ യുഎസ് സേനയ്ക്കെതിരെ പോരാടിയിരുന്നു. വർഷങ്ങളോളം അമേരിക്കൻ കസ്റ്റഡിയിലായിരുന്നു അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]