
‘അവർ അവനെ കൊന്നെടീ’; നിത്യദുഃഖത്തിൽ ഐവിന്റെ കുടുംബം, മരണത്തിൽ പൊലീസ്–സിഐഎസ്എഫ് അന്വേഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ജോലി പലപ്പോഴും രാത്രി ഷെഡ്യൂളിൽ ആയതിനാൽ ബൈക്കിൽ പോകുമ്പോഴുള്ള നായ ശല്യം ഒഴിവാക്കാൻ കാറിലായിരുന്നു ഐവിൻ ജിജോ നെടുമ്പാശേരിയിലേക്കു പോയിരുന്നത്. പിതാവ് ജിജോ ഇന്നലെയും പതിവു പോലെ ഒമ്പതു മണിയായപ്പോൾ ഐവിനെ വിളിച്ചുണർത്തി. ഒമ്പതരയോടെ ഐവിൻ പുറപ്പെടുകയും ചെയ്തു. അതുവരെ സാധാരണ പോലെ പോയിരുന്ന ആ കുടുംബം അടുത്ത മണിക്കൂറുകൾ മുതൽ നിത്യദുഃഖത്തിലായി. സിഐഎസ്എഫുകാർ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഐവിന്റെ സംസ്കാരം നാളെ നടക്കും. എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെ അടിയന്തരമായി സസ്പെൻഡ് ചെയ്തതായി സിഐഎസ്എഫ് അറിയിച്ചു.
അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിൽ സീനിയർ ഫിസിയോതെറപ്പിസ്റ്റ് ആണ് ഐവിന്റെ പിതാവ് ജിജോ. രാത്രി പന്ത്രണ്ടരയോടെ അദ്ദേഹത്തിന്റെ ഫോണിലേക്കു പൊലീസിന്റെ വിളിയെത്തി. മകന്റെ കാർ റോഡിൽ നിർത്തിയിട്ടിരിക്കുന്നതു കണ്ടെന്നു പറഞ്ഞായിരുന്നു വിളി. ഇതേ സമയത്ത് ജിജോ ഭാര്യ റോസ്മേരിയെ വിളിച്ച് മകന് എന്തോ അപകടം പറ്റിയെന്നു പറഞ്ഞു. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സാണ് ഐവിന്റെ അമ്മ. ജിജോ ഉടന്‍ വീട്ടിൽനിന്ന് ഇറങ്ങി. പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലുമെല്ലാം മാറി മാറി വിളിച്ചുകൊണ്ടിരുന്നു. ഐവിന്റെ ഫോൺ റിങ് ചെയ്തെങ്കിലും ആരും എടുത്തില്ല.
ഇതിനിടെ റോസ്മേരി, മകൻ ജോലി ചെയ്യുന്നിടത്ത് വിളിച്ചു. ഐവിൻ എത്തിയിട്ടില്ലെന്നും എന്തോ വാക്കു തർക്കം ഉണ്ടായി എന്നുമാണ് കേട്ടതെന്നും അവർ അറിയിച്ചു. എത്താൻ കുറച്ചു വൈകുമെന്നു പറയാൻ ഐവിൻ തന്നെയാണ് വിളിച്ചത് എന്നറിഞ്ഞതോടെ കുറച്ചു സമാധാനമായി. ഒന്നേകാലോടെ ജിജോയുടെ ഫോൺകോൾ ഭാര്യയ്ക്കെത്തി. മകന് കുറച്ചു സീരിയസാണ്, വേഗം വരൂ എന്ന് പറഞ്ഞതോടെ റോസ്മേരിയും ഉടൻ പുറപ്പെട്ടു.
ഒന്നേകാലോടെ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് മകൻ മരണപ്പെട്ട വിവരം ആ അമ്മ അറിയുന്നത്. ‘അവർ അവനെ കൊന്നെടീ…’ എന്നായിരുന്നു പിതാവിന്റെ വാക്കുകൾ. താൻ ജോലി ചെയ്യുന്ന ആശുപത്രിയുടെ റിസപ്ഷനിൽ എത്തിയപ്പോൾ അവിടെയുള്ളവരുടെ മുഖഭാവത്തിൽ നിന്നു തന്നെ എല്ലാം മനസ്സിലായെന്നു പറഞ്ഞതും ജിജോ വിങ്ങിക്കരഞ്ഞു. എല്ലാവരുടെയും ജീവൻ രക്ഷിക്കാന്‍ ശ്രമിക്കുന്ന തങ്ങളുടെ മകനെ എന്തിനാണ് ഇങ്ങനെ കൊലപ്പെടുത്തിയത് എന്ന് ആ മാതാപിതാക്കൾ ചോദിക്കുന്നു. യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത ആളായിരുന്നു ഐവിനെന്ന് അമ്മ പറയുന്നു. ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെയാണ് ഇപ്പോൾ അവന്റെ ജീവൻ എടുത്തിരിക്കുന്നതെന്നും ഇനിയൊരാൾക്കും ഇത്തരമൊരു വിധിയുണ്ടാകാതിരിക്കാൻ മാതൃകാപരമായ ശിക്ഷാനടിപടികൾ ഉണ്ടാകണമെന്നും ആ മാതാപിതാക്കൾ ആവശ്യപ്പെടുന്നു.
∙ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഐവിന്റെ കൊലപാതകത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ള ബിഹാർ സ്വദേശികളും ഇപ്പോൾ കൊച്ചി വിമാനത്താവളത്തിൽ ജോലി ചെയ്യുന്നവരുമായ എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെ അടിയന്തരമായി സസ്പെൻഡ് ചെയ്തതായി സിഐഎസ്എഫ് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ.പൊന്നി ഐപിഎസ് അറിയിച്ചു. ഒരു മുതിർന്ന ഉദ്യോഗസ്ഥനെ വിഷയം അന്വേഷിക്കാനായി നിയോഗിച്ചിട്ടുണ്ടെന്നും ഈ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും വാർത്താ കുറിപ്പിൽ പറയുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടികൾ സ്വീകരിക്കും. കേരള പൊലീസുമായി അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും സിഐഎസ്എഫ് അറിയിച്ചു.
വിനയകുമാർ ദാസിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു രാവിലെ അറസ്റ്റിലായ മോഹനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധയനാക്കി. തെളിവുകളും മൊഴികളും ശേഖരിച്ചു വരികയാണെന്നും ഇരുവരും തങ്ങളുടെ നിരീക്ഷണത്തിലുണ്ടെന്നുമാണ് ആലുവ റൂറൽ എസ്പി എം.ഹേമലത നേരത്തേ വ്യക്തമാക്കിയത്.