
വീട് വാങ്ങുക അല്ലെങ്കില്‍ നിര്‍മിക്കുക എന്നത് സ്വപ്നത്തേക്കാളുപരി നിര്‍ണായകമായൊരു നിക്ഷേപം കൂടിയാണ്. വീട്സ്വന്തമാക്കുന്നതിനു വേണ്ടി വായ്പ എടുത്തിട്ടുണ്ടെങ്കില്‍ ദീര്‍ഘകാല സാമ്പത്തിക ഉത്തരവാദിത്തം കൂടി ഉണ്ടുകം. അതിനാല്‍ പ്രതിമാസ തിരിച്ചടവ് മുടങ്ങാതിരിക്കാനും ശ്രദ്ധിക്കണം. ഇതിന്റെ ഭാഗമായി ദീര്‍ഘകാല ഭവന വായ്പകള്‍ക്കൊപ്പം ഇന്നു മിക്ക ബാങ്കുകളും ഭവന വായ്പ ഇന്‍ഷൂറന്‍സുകളും ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ വായ്പ എടുത്തയാളുടെ അപ്രതീക്ഷിത അഭാവത്തിലും മറ്റ് കുടുംബാംഗങ്ങളുടെ മേല്‍ തിരിച്ചടവിന്റെ സങ്കീര്‍ണതകള്‍ ഏല്‍പ്പിക്കാതെ രക്ഷപ്പെടുത്തുന്നു. അതേസമയം ഭവന വായ്പയോടൊപ്പം ഹോം ലോണ്‍ ഇന്‍ഷൂറന്‍സ് എടുക്കണമെന്നത് റിസര്‍വ് ബാങ്ക് നിര്‍ബന്ധമാക്കിയിട്ടില്ല. എന്നിരുന്നാലും ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ഉപഭോക്താക്കളോട് ഇന്‍ഷൂറന്‍സ് പരിരക്ഷയെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഹോം ലോണ്‍ ഇന്‍ഷൂറന്‍സ്
ഭവന വായ്പ എടുത്തയാള്‍ക്ക് അപ്രതീക്ഷിത വൈകല്യം, മരണം എന്നിങ്ങനെയുള്ള അത്യാഹിതം നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ കുടിശികയുള്ള വായ്പാ തുക അടച്ചുതീര്‍ക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഹോം ലോണ്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ അഥവാ ഭവന വായ്പ ഇന്‍ഷൂറന്‍സ്. ഇതിലൂടെ വായ്പ നല്കിയ ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പ എടുത്തവര്‍ക്കും ഒരു പോലെ പരിരക്ഷ സാധ്യമാക്കുന്നു. അതേസമയം ഒരു ഹോം ലോണ്‍ ഇന്‍ഷൂറന്‍സില്‍ നിന്നും ലഭിക്കുന്ന പരിരക്ഷ, എടുത്ത വായ്പ തുക അടച്ചു തീരുന്നതോടെ അവസാനിക്കും.
എങ്ങനെ വാങ്ങാം?
ഹോം ലോണ്‍ ഇന്‍ഷൂറന്‍സ്, ഭവന വായ്പ നിലവില്‍ ഉള്ളവര്‍ക്കോ പുതിയതായി എടുക്കുന്നവര്‍ക്കോ വേണ്ടി ഉള്ളതാണ്. പൊതുവില്‍ ഒറ്റത്തവണയുള്ള പ്രീമിയം പ്ലാനായാണ് വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ ഹോം ലോണ്‍ ഇന്‍ഷൂറന്‍സ് വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി ഭവന വായ്പ തുകയിലേക്കാണ് ഇതു ചേര്‍ക്കുക.
നേട്ടങ്ങള്‍
>> കുടുംബത്തെ സംരക്ഷിക്കുന്നു-: വായ്പ എടുത്തയാളുടെ അപ്രതീക്ഷിത വിയോഗം കാരണം കുടുംബത്തിനുമേല്‍ നേരിടാവുന്ന സാമ്പത്തിക ബാധ്യതയില്‍ നിന്നും സംരക്ഷിക്കുന്നു.
>> വായ്പ എടുത്തയാള്‍ക്കും വീടിനും വിലമതിപ്പുള്ള വസ്തുവകകള്‍ക്കും പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ വായ്പ എടുത്തയാളുടെ അഭാവത്തില്‍ നേരിട്ട കുടിശിക തുക തിരിച്ചു പിടിക്കാനായി വിലമതിപ്പുള്ള ആസ്തികള്‍ വായ്പ നല്കിയ ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന സാഹചര്യം ഒഴിവാക്കാം.
>> നികുതി-: ഭവന വായ്പ ഇന്‍ഷൂറന്‍സിന്റെ ഒറ്റത്തവണ പ്രീമിയം അടവും ഭവന വായ്പ തുകയില്‍ ചേര്‍ത്തിരിക്കുന്നതിനാല്‍, ആദായനികുതി നിയമത്തിലെ ചട്ടം 80-സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]