
ദില്ലി: ഏഴ് ഘട്ടമായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ ആദ്യമായി പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തെ മറികടന്നു. നാലാംഘട്ട വോട്ടെടുപ്പിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 69 ശതമാനമാണ് പോളിംഗ്. 2019ലെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നാലാംഘട്ടത്തിലെ പോളിംഗ് ശതമാനം 68.8 ആയിരുന്നു. ഇലക്ഷന് കമ്മീഷന്റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്ലിക്കേഷനിലാണ് പുതുക്കിയ പോളിംഗ് വിവരങ്ങള്‍ പുറത്തുവന്നത്.
ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യ മൂന്ന് ഘട്ടങ്ങളിലും പോളിംഗ് ശതമാനം 2019നേക്കാള്‍ കുറവായിരുന്നു. ഇത് മുന്നണികള്‍ക്ക് കനത്ത ചങ്കിടിപ്പ് സമ്മാനിച്ചിരുന്നു. രാജ്യത്തെ ഉഷ്ണതരംഗ സാധ്യതയടക്കമുള്ള ഘടകങ്ങള്‍ തുടര്‍ന്നുള്ള ഘട്ടങ്ങളിലെ വോട്ടെടുപ്പുകളിലും പ്രതികൂലമാകും എന്ന ആശങ്ക ഉടലെടുത്തിരുന്നു. എന്നാല്‍ നാലാംഘട്ടത്തില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നതോടെ പോളിംഗ് താഴുന്ന ട്രെന്‍ഡ് അവസാനിക്കും എന്നാണ് കരുതപ്പെടുന്നത്. മെയ് 13ന് നടന്ന നാലാംഘട്ട വോട്ടെടുപ്പില്‍ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 96 പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കാണ് പോളിംഗ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്ക് പ്രകാരം 69.16 ശതമാനം പോളിംഗ് നാലാംഘട്ടത്തില്‍ രേഖപ്പെടുത്തി. മെയ് 13ന് പുറത്തുവിട്ട ആദ്യ കണക്ക് പ്രകാരം 67.25 ആയിരുന്നു പോളിംഗ് ശതമാനം. നാലാംഘട്ടത്തിലെ അന്തിമ കണക്ക് മെയ് 17നെ പുറത്തുവരികയുള്ളൂ.
നാലാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശ് സംസ്ഥാനത്താണ്. ആന്ധ്രയില്‍ 80.66 ഉം, ബംഗാളില്‍ 80.2 ഉം, ഒഡീഷയില്‍ 75.6 ഉം ആണ് പോളിംഗ്. അതേസമയം ബിഹാറില്‍ 58.21 ശതമാനം വോട്ടുകള്‍ മാത്രമേ രേഖപ്പെടുത്തിയുള്ളൂ. ജമ്മു ആന്‍ഡ് കശ്മീരില്‍ 38.49 ആണ് പോളിംഗ് ശതമാനം. ഇക്കുറി ആദ്യ ഘട്ടത്തില്‍ 66.14 ഉം രണ്ടാംഘട്ടത്തില്‍ 66.71 ഉം, മൂന്നാംഘട്ടത്തില്‍ 65.68 ശതമാനവുമായിരുന്നു പോളിംഗ്. 2019ല്‍ യഥാക്രമം 69.57, 70, 67.3 എന്നിങ്ങനെയായിരുന്നു 2019ല്‍ ആദ്യ മൂന്ന് ഘട്ടങ്ങളിലെ പോളിംഗ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]