
അമേരിക്ക – ചൈന വ്യാപാര യുദ്ധം സ്വയംകൃതാനർത്ഥം പോലെയാണിപ്പോൾ രണ്ട് കൂട്ടർക്കും. ചൈന തോൽവി സമ്മതിക്കണം എന്നാണ് ട്രംപിന്റെ താൽപര്യം. അത് നടക്കില്ലെന്ന് ചൈനയും. ചർച്ചകൾ താഴേത്തട്ടിൽ നടക്കുന്നുണ്ട്. ഉന്നതതല ചർച്ചകൾക്ക് പക്ഷേ, വഴിയൊരുങ്ങുന്നില്ല. ചൈന പറയുന്നവരെ അമേരിക്കയ്ക്ക് താൽപര്യമില്ല. മധ്യനിരക്കാർ ചർച്ച നടത്തുന്നതാണ് ചൈനയുടെ രീതി. പക്ഷേ, ഷീ തന്നെ വരണമെന്ന മട്ടിലാണ് ട്രംപിന്റെ വാശി. ഇപ്പോൾ പക്ഷേ, ആരാണെങ്കിലും മതിയെന്നുണ്ട് അമേരിക്കൻ പ്രസിഡന്റിന്. ചൈനയാണെങ്കിൽ അമേരിക്കയെ ഒഴിവാക്കി ഉത്പന്നങ്ങൾക്ക് മറ്റ് മാർക്കറ്റുകൾ കണ്ടെത്തിയിരിക്കുന്നു. മറ്റ് രാജ്യങ്ങൾക്ക് അമേരിക്കയുമായി ധാരണയിലെത്താൻ 90 ദിവസത്തെ സമയമുണ്ട്.
തീരുവകൾക്ക് 90 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച ദിവസം ഓഹരി വിപണികൾ കുതിച്ചു കയറി. പക്ഷേ, പിറ്റേന്ന് പിന്നെയും തണുത്തു. ഈ ഇടവേള സത്യത്തിൽ എങ്ങനെ ബാധിക്കുമെന്ന സംശയം തുടങ്ങിയെന്നർത്ഥം. ചൈനയ്ക്ക് മേലുള്ള തീരുവ കുറച്ചതുമില്ല. യുദ്ധം ഇപ്പോൾ ചൈനയുമായി മാത്രമായി. പക്ഷേ, ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറല്ല ബീജിംഗ്.
‘War of Attrition’ എന്നാണ് അമേരിക്ക – ചൈന വ്യാപാര യുദ്ധത്തെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. രണ്ട് കൂട്ടർക്കും വിനാശകരമായ ശക്തിക്ഷയിക്കുന്ന യുദ്ധം. അതാണ് ‘War of Attrition’. ശക്തിക്ഷയം ആദ്യം ആർക്കാണോ അവർ പരാജയപ്പെടും. അതാണിനി കാണാനുള്ളത്. ചൈന അത് വ്യക്തമായി തിരിച്ചറിഞ്ഞ് കഴിഞ്ഞു. ട്രംപിന്റെ ആദ്യ ഭരണ കാലത്തെ വ്യാപാര യുദ്ധത്തേക്കാൾ രൂക്ഷമാണ് ഇത്തവണത്തേത്. പക്ഷേ, ‘ട്വീറ്റിംഗ് പ്രസിഡന്റ്’ (Tweeting President) എന്ന പേര് അന്വർത്ഥമാക്കി ഡോണൾഡ് ട്രംപ്. സമൂഹ മാധ്യമ കുറിപ്പ് വഴി ജനമറിഞ്ഞ പ്രഖ്യാപനത്തെ കുറിച്ച് ചോദിച്ചപ്പോൾ വൈറ്റ്ഹൗസിനും ഉത്തരംമുട്ടി. അറിഞ്ഞാലല്ലേ പറയാൻ പറ്റൂ.
ശത്രു ചൈന
ചൈനയൊഴികെ മറ്റെല്ലാ രാജ്യങ്ങൾക്കും ചുമത്തിയ തീരുവ 90 ദിവസത്തേക്ക് അമേരിക്കൻ പ്രസിഡന്റ് മരവിപ്പിച്ചു. ആദ്യത്തെ 10 ശതമാനം നിലനിന്നു. സ്റ്റീൽ, അലൂമിനിയം തീരുവയും മാറ്റിയില്ല. കാറുകൾക്കുള്ള തീരുവയും കുറച്ചില്ല. യൂറോപ്യൻ യൂണിയനും തങ്ങളുടെ തീരുവ തീരുമാനം മാറ്റിവച്ചു. 34 ശതമാനമാണ് ചൈനയ്ക്ക് ട്രംപ് ആദ്യം പ്രഖ്യാപിച്ചത്. ചൈന അതുതന്നെ തിരിച്ച് ചുമത്തിയപ്പോൾ ട്രംപ് 104 ആക്കി. ചൈന 84 ആക്കി. അതോടെ 125 ലേക്കുയർത്തി അമേരിക്കൻ പ്രസിഡന്റ്. ചില ഉൽപ്പന്നങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന തീരുവ 20 ശതമാനം നിലനിൽക്കുമെന്നും അറിയിച്ചു. അപ്പോൾ 145. അതോടെ ചൈനയും 125 ആക്കി.പക്ഷേ, ഒറ്റ ദിവസം മാത്രം ഉയർന്നുനിന്ന ന്യൂയോർക്ക് ഓഹരി വിപണി പിറ്റേന്ന് താഴ്ന്നാണ് തുടങ്ങിയത് തന്നെ. യൂറോപ്യൻ – ഏഷ്യൻ വിപണികൾക്ക് പക്ഷേ, വലിയ പരിക്ക് പറ്റിയില്ല.
എന്ത് കൊണ്ടാണ് പിൻമാറ്റം എന്ന ചോദ്യത്തിന് ട്രംപ് പറഞ്ഞ മറുപടി. ചിലർ കുറച്ച് കൂടുതൽ ബഹളം വയ്ക്കുന്നു. അതുകൊണ്ട് എന്നാണ്. 90 ദിവസത്തെ ഇടവേള എന്നൊരു ഊഹക്കഥ പരന്നപ്പോൾ വിപണി ഒറ്റയടിക്ക് കുതിച്ചിരുന്നു. അത് തെറ്റെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയതോടെ ഇടിയുകയും ചെയ്തു. പക്ഷേ, അധികം കഴിയും മുമ്പ് സത്യത്തിൽ 90 ദിവസത്തെ ഇടവേള വന്നു. തീരുവ നടപ്പായിത്തുടങ്ങിയപ്പോൾ തന്നെ 50 രാജ്യങ്ങൾ ചർച്ചയ്ക്ക് തയ്യാറായി എന്നറിയിച്ചിരുന്നു, ട്രംപ്. അത് നിർത്തിവച്ചതോടെ 75 ആയി. ഇനി ചർച്ചക്കുള്ള സമയം എന്നാണ് വൈറ്റ് ഹൗസിന്റെ ഭാഷ്യം. പക്ഷേ, അതാണോ നടന്നതെന്ന കാര്യത്തിൽ സംശയമുണ്ട്.
അകത്ത് നിന്നുള്ള എതിർപ്പ്
പ്രതിക്ഷിക്കാത്ത എതിർപ്പുകളാണ് രാജ്യത്ത് തന്നെ ഉയർന്നത്. രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ട്രംപ് വിരുദ്ധ റാലികൾ നടന്നു. റിപബ്ലിക്കൻ നേതാക്കൾ തന്നെ ട്രംപിനെതിരായി നിലപാടെടുത്തു. അല്ലെങ്കിൽ തന്നെ മസ്കിന്റെ കടുംവെട്ടുകളിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട് തുടങ്ങിയ ജനത്തിന് ട്രംപിന്റെ വെട്ട്കൂടിയായപ്പോൾ അവസാനത്തെ കച്ചിത്തുരുമ്പും കൈവിട്ടുപോയി. അതോടെ പ്രതിഷേധം തുടങ്ങി. എതിർത്തവരെ സമാധാനിക്കൂ എന്നാശ്വസിപ്പിക്കാൻ ശ്രമിച്ചു പ്രസിഡന്റ്. പിന്നെ വെപ്രാളക്കാർ എന്ന് വിളിച്ചു. പിന്നാലെ പ്രഖ്യാപനം വന്നു. എതിർപ്പുകളാണോ തീരുമാനം മാറ്റാനുള്ള കാരണം അതോ മറ്റൊരു തന്ത്രമാണോയെന്ന് പറയാറായിട്ടില്ല.
അനുയായികൾ പക്ഷേ, ആഘോഷിച്ചു. ഇതാണ് പ്രസിഡന്റ് ട്രംപ് ഉദ്ദേശിച്ചത് എന്നായി. ചർച്ചകൾക്ക് ലോകം മുഴുവൻ കാത്തിരിക്കുന്നത് ചെറിയ കാര്യമാണോ എന്നായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് (Karoline Leavitt). പക്ഷേ, തീരുവ നീട്ടിവച്ചത് ട്രൂത്ത് സോഷ്യൽ ട്വീറ്റിലൂടെയാണ് ട്രംപ് പ്രഖ്യാപിച്ചത്. അതുകൊണ്ട് വൈറ്റ് ഹൗസിന് പോലും കൂടുതലൊന്നും അറിയുമായിരുന്നില്ല. മണിക്കൂറുകളെടുത്തു അവർക്ക് വിവരങ്ങൾ കിട്ടാൻ. ‘ട്വീറ്റിംഗ് പ്രസിഡന്റ്’ എന്ന ആദ്യഭരണ കാലത്തേ വീണ പേര് പ്രസിഡന്റ് നിലനിർത്തി.
Read More: അധികാര പരിധി ലംഘിച്ചു; എലൺ മസ്കിന് വഴി പുറത്തേക്കെന്ന് ഡോണൾഡ് ട്രംപ്
Read More: വിപണിയിൽ ട്രംപ് ചുങ്കം; പുതിയ വ്യാപാര ശൃംഖലയ്ക്ക് ചൈന, ഇന്ത്യയുടെ സാധ്യതകൾ
ഉണങ്ങാത്ത മുറിവാകുമോ?
പക്ഷേ, യുദ്ധമിപ്പോൾ ചൈനയും അമേരിക്കയും തമ്മിലായിരിക്കുന്നു. ലോകത്തെ വൻ സമ്പദ് ശക്തികൾ. ഈ കാലഘട്ടത്തെത്തന്നെ നിർവചിക്കാൻ പോരുന്നത്ര വലിയൊരു യുദ്ധമാണിത്. ഒരാഴ്ചക്കുള്ളിലാണ് ട്രംപ് പ്രഖ്യാപിച്ച 54, 104 ആയി, പിന്നെ 125 ശതമാനം തീരുവയായത്. ചൈന തിരിച്ചടിച്ചത് 84 ശതമാനം തീരുവ ചുമത്തിക്കൊണ്ട്. ഇനിയീ വടംവലിയിൽ ആര് ജയിക്കും എന്നാണ് കാണാനുള്ളത്. രണ്ട് കൂട്ടർക്കും അസാധാരണ തിരിച്ചടിയാവും ഉണ്ടാവുക. സമ്പദ് രംഗത്തെ മാത്രമല്ല അത് ബാധിക്കുക, അവർ തമ്മിലെ ജിയോപൊളിറ്റിക്കൽ വടംവലിയെക്കൂടിയാണ്. മുറിവുകൾ ഉണങ്ങിയേക്കില്ല അത്രയെളുപ്പം.
യുഎസിന്റെ
കൈപിടിച്ച ചൈന
ചൈനയും അമേരിക്കയുമായി സഹകരണവും സൗഹൃദവും തുടങ്ങിയത് മാവോയുടെയും ഹെന്റി കിസിഞ്ചറിന്റെയും കാലത്താണ്. അത് സോവിയറ്റ് യൂണിയനോടുള്ള പകരംവീട്ടലായിരുന്നു അമേരിക്കയ്ക്ക്. ഇന്ന് ചൈന മാവോയുടേതുമല്ല, അമേരിക്കയിൽ കിസിഞ്ചറുമില്ല. നിക്സന്റെ കാലവുമല്ല. അന്നത്തെപ്പോലെ ഒരു മഞ്ഞുരുകൽ ഇനി നടക്കില്ല. കാലവും നേതാക്കളും മാറിപ്പോയി. കണക്കുകൂട്ടലുകൾ വേറെയാണ്. അന്നത്തെ ആവശ്യങ്ങളല്ല ഇന്ന്. അന്ന് ചൈന അമേരിക്കൻ സഖ്യത്തോടെ ശക്തരായി. ഡെങ് സിയാവോ പിങിന്റെ (Deng Xiaoping) നയങ്ങളും കൂടിയായപ്പോൾ ചൈന വളർന്നു, സമ്പദ് ശക്തിയായി മാറി. മുതലാളിത്ത കമ്മ്യൂണിസം (Capital communism) എന്ന് വിമർശിക്കപ്പെടുന്നെങ്കിലും വിപണിയധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് ചുവടുമാറി. ചൈനീസ് സാമ്പത്തിക അത്ഭുതം (Chinese economic miracle) എന്ന് വിശേഷിപ്പിക്കപ്പെട്ടു. ഇന്ന് ചൈന അമേരിക്കയ്ക്ക് പോലും തോൽപ്പിക്കാൻ പറ്റാത്തത്ര വളർന്നിരിക്കുന്നു. പരസ്പരമുള്ള കയറ്റിറക്കുമതിയിൽ ചൈനയ്ക്കാണ് മേൽക്കൈ. വ്യാപാര കമ്മി അമേരിക്കയ്ക്കാണ്. ഇറക്കുമതി കൂടുതലും കയറ്റുമതി കുറവും. 295 ബില്യനാണ് 2024 -ലെ അമേരിക്കയുടെ വ്യാപാരക്കമ്മി.
ചർച്ചകൾക്ക് തയ്യാർ
ചർച്ചകൾക്ക് തയ്യാറാണെന്ന് ബീജിംഗ് സൂചിപ്പിച്ചിരുന്നു. പക്ഷേ, അനുകൂലമായൊരു പ്രതികരണം ഉണ്ടായില്ല. ഇനി തോൽപ്പിക്കാൻ തന്നെയാണ് ഭാവമെങ്കിൽ, യുദ്ധത്തിന്റെ തിരിച്ചടികൾ അമേരിക്കയെക്കാൾ കൂടുതൽ കാലം താങ്ങാൻ ചൈനയ്ക്കാവും കഴിയുക. ഒരു കാരണം അവിടത്തെ ഏക നേതാവ് ഭരണമാണ്. എതിർപ്പുകൾ രാജ്യത്ത് പൂജ്യമാണ്. ജനം സഹിക്കും എത്രവരെയും. കൊവിഡ് കാലത്ത് സമ്പദ് രംഗം അടച്ചുപൂട്ടി താഴിട്ടിരുന്നു ഷീ ജിങ്പിങ്. ജനം പട്ടിണികിടന്നു. മരണം വരെ ഉണ്ടായിയെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, നേതാക്കൾക്കെതിരെ കലാപമൊന്നും ഉണ്ടായില്ല. പ്രത്യക്ഷത്തിൽ ഒന്നും സംഭവിച്ചില്ല.
കൈക്കീഴിലായ
ലോക വിപണി
ഇന്ന് ചൈന ലോകത്തെ വൻകിട കമ്പനികളുടെ നിർമ്മാണ യൂണിറ്റാണ്. എന്തിനും ഏതിനും ചൈന എന്നതാണ് കണ്ടുവരുന്നത്. അമേരിക്കയിൽ നിന്ന് വാങ്ങുന്ന ഉൽപ്പന്നത്തിനും ലേബൽ ‘Made in China’ എന്നാണ്. ചൈനയിലെ ഫാക്ടറികളിൽ നിന്ന് എല്ലാ രാജ്യങ്ങളിലേക്കും ഉത്പന്നങ്ങൾ പോകുന്നുണ്ട്. അതും വിലക്കുറവിൽ. വ്യാപാരക്കമ്മി വരാനുള്ള കാര്യം അതാണ്. അമേരിക്കയുടെ നിർമ്മാണരംഗം തകർന്നതിനും തൊഴിൽ നഷ്ടത്തിലുമാണ്. ട്രംപും അനുയായികളും ചൈനയെ പഴിക്കുന്നതും അതുകൊണ്ടാണ്. പക്ഷേ, അതിന് മരുന്ന് ഇതാണോ എന്നാണ് സംശയം. ഇതുതന്നെ എന്ന് ട്രംപ് ആവർത്തിച്ചിരുന്നു, ഇപ്പോഴില്ല.
നഷ്ടം, രണ്ട് കൂട്ടർക്കും
നഷ്ടം രണ്ട് കൂട്ടർക്കുമാണ്. ചൈനയ്ക്ക് അമേരിക്ക പോലൊരു വിപണി കണ്ടെത്താൻ എളുപ്പമല്ല. അമേരിക്കയ്ക്ക് സ്വന്തം രാജ്യത്ത് ഇത്രയും ഉത്പന്നങ്ങൾ നിർമ്മിക്കാനും എളുപ്പമല്ല. അതും ചൈനയെ മാത്രമല്ലല്ലോ വെറുപ്പിച്ചത്. യൂറോപ്പിനെ ഒന്നാകെയാണ്. ഇനി സ്വന്തം ഉത്പാദനമാണ് വഴി. അതിനാണെങ്കില് വർഷങ്ങളെടുക്കും.
നഷ്ടം മറികടക്കാന്
ചൈനീസ് തന്ത്രം
ചൈനയിൽ വൻ തൊഴിൽ നഷ്ടവും പാപ്പരാകലും ഉണ്ടാകുമെന്നാണ് അമേരിക്കൻ നിരീക്ഷകരുടെ പക്ഷം. പക്ഷേ, അമേരിക്കയുമായി 8 വർഷം നീണ്ട വ്യാപാരയുദ്ധം അതിജീവിക്കാൻ പറ്റിയെങ്കിൽ ഇതും അതിജീവിക്കും എന്നാണ് ചൈനീസ് പക്ഷം. ആഭ്യന്തര ഉപഭോഗം കൂട്ടാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ചൈനീസ് നിർമ്മിതികൾ തന്നെ വാങ്ങാൻ പ്രേരിപ്പിക്കുകയാണ് സ്വന്തം ജനത്തെ. തീരുമാനങ്ങൾ ആലോചിച്ച് മാത്രം. പക്ഷേ, തിരിച്ചടി അതിഭീമം. അതാണ് ചൈനീസ് വഴി. ഈ ഒരു സാഹചര്യം പ്രതീക്ഷിച്ചിരുന്നെന്നും അതിജീവനത്തിന് തുടക്കമിട്ടിരുന്നുവെന്നും ചൈന അവകാശപ്പെടുന്നു.
Read More: മൊറാഗ് കോറിഡോർ; രണ്ടല്ല, ഗാസയെ മൂന്നായി വിഭജിക്കാൻ നെതന്യാഹു
Read More: യുക്രൈയ്നിൽ ഒരു തീരുമാനം വേണമെന്ന് യുഎസ്; മൌനം തുടർന്ന് റഷ്യ
വിയറ്റ്നാമിലും കംബോഡിയയിലുമുള്ള നിർമ്മാണ യൂണിറ്റുകൾക്ക് ഇപ്പോൾ അമേരിക്കയുടെ വിലക്കില്ല. മറ്റെല്ലാ രാജ്യങ്ങളുമായും വ്യാപാരബന്ധമുണ്ട് ചൈനയ്ക്ക്. കയറ്റുമതി തോത് അത്ര ചെറുതുമല്ല. പുതുതായി സ്ഥാപിക്കാനും നീക്കം തുടങ്ങിക്കഴിഞ്ഞു. പക്ഷേ, ഓസ്ട്രേലിയ അതിന് വിസമ്മതിച്ചു. അപൂർവ മൂലകങ്ങളും (Rare Earth Elements) ധാതുക്കൾക്കും വിപണി കണ്ടെത്തി, എഐ, ( AI), സെമികണ്ടക്റ്റർ (Semiconductor) എന്നിവയടക്കം സാങ്കേതിക മികവ് പിന്നെയും പിന്നെയും മെച്ചപ്പെടുത്തി. ആകാശം, കര, കടൽ യാത്രകൾക്കുള്ള വാഹന നിർമ്മാണത്തിലും ചൈന മുന്നിലാണ്. വൈദ്യുതി വാഹനങ്ങളുടെ 60 ശതമാനവും ചൈനയാണ് നിർമ്മിക്കുന്നത് അതും ബിവൈഡി (BYD) പോലുള്ള സ്വന്തം ബ്രാൻഡുകൾ. ലോകത്തെ വൻകിടക്കാരെപ്പോലും പിന്തള്ളുകയാണ് അവ. ആഡംബരത്തിലും ഉപയോഗത്തിലും മുന്നിൽ, വില കുറവും. അതിന് വേണ്ടുന്ന ബാറ്ററികളും ചൈന തന്നെ ഉത്പാദിപ്പിക്കുന്നു. ട്രംപിന്റെ ആദ്യതീരുവകളുടെ ഫലം ഉദ്ദേശിച്ച പോലെയായില്ല എന്നർത്ഥം. അതുകൊണ്ടാവണം ഇത്തവണ ചൈനയുടെ വിതരണ ശൃംഖലയിലെ രാജ്യങ്ങൾക്കും തീരുവ ചുമത്തിയത്.
പിടിച്ച് നില്ക്കാന് ചൈന
ആഗോള നേതൃത്വത്തിനുള്ള നയപ്രഖ്യാപന രേഖയും ചൈനയുടെ വളർച്ചയാണ് അമേരിക്കയെ തളർത്തുന്നതെന്ന ട്രംപിന്റെ പ്രഖ്യാപനവും കൂട്ടി വായിക്കണം. ചൈനയെ തളർത്താൻ തന്നെയാണ് ട്രംപ് തീരുവയുദ്ധം തുടങ്ങിയത്, അത് പക്ഷേ, ബൈഡൻ തുടർന്നു. ചൈനയുടെ വളർച്ചയെ പക്ഷേ, വലുതായി അതൊന്നും ബാധിച്ചില്ലെന്ന് മാത്രം. അമേരിക്കയുമായി ഉണ്ടായിരുന്ന വ്യാപാര ബന്ധം വലുതായിരുന്നെങ്കിലും അത് ചൈനയുടെ ആഭ്യന്തരോത്പാദനത്തിന്റെ 2 ശതമാനം മാത്രമായിരുന്നു എന്നോർക്കണം. അമേരിക്കയിലേക്കുള്ള കയറ്റുമതി 3,000 ബില്യനെങ്കിൽ യൂറോപ്യന് യൂണിയനിലേക്ക് 3,000 ബില്യനാണ്. ഹോങ്കോങ്, ജപ്പാൻ തെക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് 2,000. അതുകൊണ്ട് അമേരിക്കയില്ലെങ്കിലും ചൈന പിടിച്ചുനിൽക്കും.
കാത്തിരുന്ന് കാണാം
വളർച്ചയുടെ തോത് ഒരല്പം കുറയുമെന്ന് മാത്രം. എന്നാൽ, വിട്ടുകൊടുക്കാൻ ചൈനയും തീരുമാനിച്ചിട്ടില്ല. ഭയപ്പെടുത്തി വഴിക്ക് കൊണ്ടുവരാൻ കഴിയില്ല, അതിന് നിന്നുകൊടുക്കില്ലെന്നത് ചൈനയുടെ നയമാണ്. ട്രംപിനെ ‘ബുള്ളി’, എന്ന് നേരത്തെ തന്നെ ചൈന വിശേഷിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ 145 ന് പകരമായി 125 ലേക്ക് തീരുവ ഉയർത്തിയ ചൈന ഇതൊരു തമാശയായി കഴിഞ്ഞുവെന്നും ഇനിയും തീരുവ കൂട്ടിയാൽ തങ്ങൾ പ്രതികരിക്കില്ലെന്നും വ്യക്തമാക്കിയിരിക്കയാണ്. ബീജിംഗുമായി ചർച്ചയാവാം, രണ്ട് കൂട്ടർക്കും പ്രയോജനപ്പെടുന്ന ധാരണയിലെത്താം എന്നൊക്കെ ഇടക്ക് ട്രംപ് പറയുന്നുണ്ട്. പക്ഷേ, മറ്റ് രാജ്യങ്ങൾ ചെയ്തത് പോലെ പേടിച്ചോടിയെത്താൻ ബീജിംഗ് തയ്യാറായിട്ടില്ലെന്ന് മാത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net