
‘ഇളമൈ ഇതോ ഇതോ; 5 കോടി നഷ്ടപരിഹാരം വേണം’: അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ നിർമാതാവിന് ഇളയരാജയുടെ നോട്ടിസ്
ചെന്നൈ∙ അജിത്തിന്റെ പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’ സിനിമയുടെ നിർമാതാവിന് വക്കീൽ നോട്ടിസയച്ച് സംഗീത സംവിധായകൻ ഇളയരാജ. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടിസ്.
തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതായി ഇളയരാജ നോട്ടിസിൽ ആരോപിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് നിർമിച്ച അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഏപ്രിൽ 5നാണ് റിലീസ് ചെയ്തത്.
ആദിക് രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.
‘ഒത്ത രൂപയും ദാരേൻ…’, ‘എൻ ജോഡി മഞ്ഞക്ക് കുരുവി…’, ‘ഇളമൈ ഇതോ, ഇതോ…’ എന്നീ ഗാനങ്ങൾ തന്റെ അനുവാദമില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതിനെയാണ് ഇളയരാജ ചോദ്യം ചെയ്യുന്നത്.
ചിത്രത്തിലെ മൂന്നു ഗാനങ്ങളും നീക്കം ചെയ്യാൻ ഏഴു ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും നിർമാതാവിന് അയച്ച് വക്കീൽ നോട്ടിസിൽ വ്യക്തമാക്കി. ഏഴു ദിവസത്തിനുള്ളിൽ നിരുപാധികം മാപ്പ് പറയണമെന്നും ഇളയരാജ ആവശ്യപ്പെട്ടു.
ഇളയരാജ. Image Credit: ilaiyaraaja
കഴിഞ്ഞ വർഷം പുറത്തിറങ്ങി കേരളത്തിലും തമിഴ്നാട്ടിലും ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന മലയാള ചിത്രത്തിനെതിരെയും ഇളയരാജ വക്കീൽ നോട്ടിസയച്ചിരുന്നു.
താൻ സംഗീതം നൽകിയ ‘കൺമണി അൻപോടു കാതലൻ’ എന്ന ഗാനം ചിത്രത്തിൽ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ വക്കീൽ നോട്ടിസയച്ചിരിക്കുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]