
‘സെക്സ് ചാറ്റിങ്, വിഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്ന സുന്ദരിമാർ; പിന്നീട് കേട്ടത് ആ മലയാളി യുവാവ് ആത്മഹത്യ ചെയ്തെന്ന്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കഴിഞ്ഞ ഭാഗത്തിൽ ലാസ് വേഗസായ സിഹനൂക്വില്ലിനെ കുറിച്ചും അവിടെ ചൈനീസ് പണത്തിന്റെ കൊഴുപ്പിൽ വളർന്നുവരുന്ന മാഫിയയെ കുറിച്ചും വായിച്ചല്ലോ. ഈ ഭാഗത്തിൽ സിഹനൂക്വില്ലിലെ നടുക്കുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് കൊച്ചി പറവൂർ സ്വദേശിയായ യുവാവ്. നാട്ടിലെ ഏജന്റിന്റെ ചതിയിൽപ്പെട്ട് കംബോഡിയയിൽ ജോലിക്കെത്തിയ യുവാവ് ഇന്ന് ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ്. സിഹനൂക്വില്ലിലെ അതിനു പിന്നിൽ നടക്കുന്ന നിയമവിരുദ്ധ പ്രവൃത്തികളെ കുറിച്ചും മനോരമ ഓൺലൈനോട് സംസാരിക്കുകയാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ യുവാവ്.
‘‘നാട്ടിലെ ഏജന്റിന് രണ്ടര ലക്ഷം രൂപയാണ് കംബോഡിയയിൽ ഡേറ്റാ എൻട്രി ജോലിക്കായി നൽകിയത്. വിമാനടിക്കറ്റിനായി വീണ്ടും പണം നൽകി. കംബോഡിയയിലേക്കുള്ള ബിസിനസ് വീസയാണ് ഏജന്റ് എനിക്കും മറ്റുള്ളവർക്കും നൽകിയത്. കൊച്ചിയിൽനിന്നു മലേഷ്യ വഴി സിംഗപ്പൂരിലിറങ്ങി. അവിടെനിന്ന് മറ്റൊരു വിമാനത്തിൽ കംബോഡിയയിലേക്കും. അവിടെയെത്തിയപ്പോൾ ബിസിനസ് വീസ, ഇ–വീസയാക്കി മാറ്റി. വിമാനത്താളത്തിനു പുറത്തു കാത്തുനിന്ന ചൈനീസ് ഏജന്റാണ് ഞങ്ങളെ സ്വീകരിച്ചത്. സിഹനൂക്വിൽ എന്ന വിദൂരനഗരത്തിലാണു ജോലിയെന്ന് അയാൾ പറഞ്ഞു. തലസ്ഥാനമായ പനോംപെനിനു തെക്ക് പടിഞ്ഞാറായി ഗൾഫ് ഓഫ് തായ്ലൻഡിനു സമീപം ദക്ഷിണ ചൈനാ കടലിനോട് ചേർന്നാണ് സിഹനൂക്വിൽ നഗരം. വിമാനത്താവളത്തിൽനിന്നു നാലു മണിക്കൂർ യാത്ര ചെയ്താണ് അവിടെയെത്തിയത്. അതോടെ അത്രയും നേരം കണ്ട കംബോഡിയയുടെ എല്ലാ ഛായയും അപ്രത്യക്ഷമായി. ഏതോ സമ്പന ചൈനീസ് നഗരത്തിലേക്ക് എത്തിയ അനുഭവമായിരുന്നു ഞങ്ങൾക്ക്.’’
∙ ചൈനീസ് സാമ്രാജ്യം
സിഹനൂക്വിൽ നഗരം വളരെ വ്യത്യസ്തമായിരുന്നു. കവാടം മുതൽ തോക്കേന്തിയ ചൈനീസ് മാഫിയാ സംഘങ്ങൾ എവിടെയും കാവലുണ്ടായിരുന്നു. കംബോഡിൻ പൊലീസിനോ കംബോഡിയയിലെ സാധാരണക്കാർക്കോ അവിടേക്കു പ്രവേശനമുണ്ടായിരുന്നില്ല. വലിയ കെട്ടിടങ്ങൾ. പല കെട്ടിടങ്ങൾക്കു മുന്നിലും ആഡംബര കാറുകളും കാവലായി ചൈനീസ് മാഫിയ സംഘങ്ങളും. ബോർഡുകളിൽ ചിലതിൽ കാസിനോ എന്നെഴുതിയതിൽനിന്നാണ് ചൂതാട്ട കേന്ദ്രങ്ങളാണ് ഈ വലിയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതെന്ന് മനസിലായത്. ചൈനീസ് ഏജന്റ് ഞങ്ങളെ ഒരു ട്രേഡിങ് കമ്പനിയുടെ ഓഫിസിനു മുന്നിൽ ഇറക്കി. അവിടെയായിരുന്നു ഇന്റർവ്യൂ. ഇന്റർവ്യൂ നടത്തി ടൈപ്പിങ് സ്കില്ലും നോക്കിയാണ് ജോലിക്കെടുത്തത്. ആയിരം ഡോളർ മാസം വരുമാനം ലഭിക്കുമെന്നായിരുന്നു കേരളത്തിലെ ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ കമ്പനി പറഞ്ഞതാകട്ടെ മാസം 500 ഡോളറും.
∙ നിക്ഷേപ – ബിറ്റ്കോയിൻ തട്ടിപ്പ്
സിഹനൂക്വില്ലിലെ ആദ്യ ദിവസം തന്നെ, വന്നെത്തിയത് ചൈനീസ് നിയന്ത്രണത്തിലുള്ള നഗരത്തിലാണെന്ന് മനസ്സിലായി. വിരലിലെണ്ണാവുന്ന കംബോഡിയക്കാരേ അവിടെയുണ്ടായിരുന്നുള്ളൂ. പുറത്തെ ക്ലീനിങ് ജോലികൾക്കു മാത്രമാണ് അവർ വന്നിരുന്നത്. ഡേറ്റ എൻട്രി ജോലിക്കായാണ് എന്നെ എത്തിച്ചത്. എന്നാൽ ആദ്യ ദിവസം തന്നെ ജോലി അതല്ലെന്ന് മനസ്സിലായി. രാത്രിയാണ് ഡ്യൂട്ടി. വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിലുള്ളവരുമായി ചാറ്റ് ചെയ്യുകയാണ് ജോലി. ഇംഗ്ലിഷിൽത്തന്നെയായിരുന്നു ചാറ്റ്. ചാറ്റ് ചെയ്യുന്ന വ്യക്തിക്കു വിവിധ നിക്ഷേപ ടിപ്സുകൾ നൽകണം. ട്രേഡിങ് ആപ്പുകളിലും ബിറ്റ് കോയിനിലും നിക്ഷേപിക്കാൻ പ്രേരിപ്പിക്കണം. അതിനായി മുൻകൂട്ടി സജ്ജീകരിച്ച ലിങ്കുകൾ ഉണ്ടായിരിക്കും. പക്ഷേ, ഒരുതവണ നിക്ഷേപിച്ചാൽ പണം നിക്ഷേപകർക്ക് നഷ്ടപ്പെടും. ചാറ്റ് ചെയ്യുന്ന രാജ്യങ്ങളിലെ സിംകാർഡുകൾ ഈ ചൈനീസ് കമ്പനികളുടെ കയ്യിലുണ്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
∙ സെക്സ് ചാറ്റിങ്, വിഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്ന സുന്ദരിമാരും
ട്രേഡിങ് കമ്പനികൾക്കു പുറമെ കസീനോകളുടെ മറവിൽ മറ്റ് നിയമവിരുദ്ധ പ്രവൃത്തികളും ഞങ്ങളെ കൊണ്ടു ചെയ്യിപ്പിച്ചു. അതിൽ സെക്സ് ചാറ്റ് ആണ് പ്രധാനമായും ഉണ്ടായിരുന്നത്. ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ, പ്രത്യേകിച്ച് ചൈനീസ് ആപ്പുകൾ ഇതിനായി ഉണ്ടാകും. പ്രൊഫൈൽ പിക്കിൽ കാണുന്ന യുവതികൾ ജോലി ചെയ്യുന്ന കസീനോയിലോ പുറത്തോ ഉണ്ടാകും. കസ്റ്റമറുമായി ചാറ്റ് ചെയ്യുന്നതായിരുന്നു ഞങ്ങളുടെ ജോലി. ചാറ്റ് ചെയ്ത് ഒരു ഘട്ടം കഴിയുമ്പോഴായിരിക്കും വിഡിയോ ചാറ്റിലേക്ക് കടക്കുക. അതിനായി നിശ്ചിത തുക ഫീസ് അടയ്ക്കാൻ പറയും. പൈസ അടച്ചാൽ ഞങ്ങളുടെ ജോലി തീർന്നു. പിന്നെ സ്ത്രീയുമായി കസ്റ്റമർ നേരിട്ട് വിഡിയോ കോളിൽ കണക്ട് ആകും. സമയം തീർന്നാൽ വീണ്ടും ചാറ്റ് ചെയ്ത് അയാളെ വരുതിയിലാക്കും. വൈകാതെ കൂടുതൽ തുക നൽകാൻ പറയും. നൽകിയാൽ പിന്നെ ചാറ്റിങ് അവസാനിക്കും. പണം നഷ്ടമാകും. പിന്നീട് ആ യുവതിയുമായി ഇയാൾക്ക് സംസാരിക്കാൻ സാധിക്കില്ല. ചാറ്റിങ്ങിലും വിഡിയോ ചാറ്റിങ്ങിലും പലപ്പോഴും ലൈംഗിക കാര്യങ്ങളാണ് സംസാരിക്കാറ്.
∙ ‘തുറന്ന ജയിൽ’, പുറത്തിറങ്ങാൻ സാധിക്കില്ല
രണ്ടു ദിവസം കൊണ്ട് ജോലി മടുത്തു. ഇത്തരം ജോലി ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞു. അതോടെ ജോലി നിർത്തിക്കൊള്ളാനാണ് ചൈനീസ് ഏജന്റ് പറഞ്ഞത്. പിന്നെ മുറിയിൽ കൊണ്ടു ചെന്നാക്കി. ജോലി കൃത്യമായി ചെയ്താൽ മാത്രമേ ഭക്ഷണവും വെള്ളവും ലഭിക്കൂ. എന്നാൽ ജോലി നിരസിച്ചതോടെ അതെല്ലാം നിർത്തി. പുറത്തുനിന്നു ഭക്ഷണം വാങ്ങാൻ കയ്യിൽ പണമില്ലായിരുന്നു. നാട്ടിലേക്കു പോകണമെന്ന് പറഞ്ഞെങ്കിലും പകരം വെറെ ആൾ വരാതെ വിടില്ലെന്നു പറഞ്ഞു. കംബോഡിയയിൽ പ്രവർത്തിക്കുന്ന, ചൈനീസ് നിയന്ത്രണത്തിലുള്ള ഒരു തുറന്ന ജയിലായിരുന്നു അതെന്ന് വൈകാതെ മനസ്സിലായി.
∙ എതിർത്താൽ ഇല്ക്ട്രിക് ഷോക്ക് സ്റ്റിക്ക്
ചൈനീസ് ഏജന്റുമാരെ എതിർക്കാനൊന്നും ഞാനടക്കമുള്ള ഇന്ത്യക്കാർ തയാറായില്ല. എന്നാൽ ചതിക്കപ്പെട്ട് എത്തിയ ചില നേപ്പാളി പൗരൻമാർ ഇവരെ എതിർത്തു. ഇതോടെ ചൈനീസ് ഏജന്റുമാരുടെ തനിരൂപം ഞങ്ങൾ കണ്ടു. കയ്യിലുണ്ടായിരുന്ന വടി സാധാരണ വടിയല്ലെന്ന് അപ്പോഴാണ് മനസ്സിലായത്. ഇലക്ട്രിക് ഷോക്ക് സ്റ്റിക്കായിരുന്നു അത്. അടികിട്ടിയ നേപ്പാളികൾ പിടഞ്ഞ് നിലത്തുവീഴുന്നത് ഞങ്ങൾ നോക്കിനിന്നു. എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപ്പെട്ടാൽ മതിയെന്നായി. കംബോഡിയൻ പൊലീസിനെ വിളിച്ചിട്ട് പ്രയോജനമില്ലെന്ന് വൈകാതെ മനസ്സിലായി. പൊലീസും ചൈനീസ് ഏജന്റുമാരുടെ ആളുകളായിരുന്നു. ഇന്ത്യൻ എംബസിയില് വിളിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല.
∙ നല്ലവനായ പാക്കിസ്ഥാനി
ജോലി നഷ്ടപ്പെട്ട് വൈകാതെ സിഹനൂക്വില്ലിൽ തന്നെയുള്ള ഒരു പാക്കിസ്ഥാനിയുടെ വീട്ടിൽ അഭയം തേടി. നാട്ടിൽ ജോലി ശരിയാക്കാമെന്നു പറഞ്ഞ് പണം വാങ്ങിയ ഏജന്റിനെ വിളിച്ചപ്പോൾ വേറെ ആളെ പകരം അയയ്ക്കാമെന്നാണ് മറുപടി കിട്ടിയത്. പക്ഷേ എന്ന്, എപ്പോൾ എന്നൊന്നും അറിയില്ല. പട്ടിണി കിടന്നതോടെ ആരോഗ്യം നശിക്കാൻ തുടങ്ങി. ദുരിതം കണ്ട് പാക്കിസ്ഥാനി എനിക്ക് ആഴ്ചയിൽ 20 ഡോളർ വീതം തന്നു. ഒരു ദിവസം കഷ്ടിച്ച് ഭക്ഷണം കഴിക്കാൻ 3 ഡോളറെങ്കിലും വേണം. വെള്ളത്തിന് ഒരു ഡോളറാണ് വില. ഒരു പാക്കറ്റ് ബ്രെഡിന് ഒരു ഡോളർ. ഒടുവിൽ മൂന്നു മാസം തള്ളിനീക്കി.
ഈ സമയം ചൈനീസ് ഏജന്റിനോട് ആളെത്തിയോ എന്ന് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. ഒരു ദിവസം ഏതോ രാജ്യത്തുനിന്ന് എനിക്ക് പകരം ജോലി ചെയ്യാനുള്ള ആൾ എത്തി. തിരികെ പോകാൻ എന്നോട് പറഞ്ഞു. പക്ഷേ എങ്ങനെ പോകും. കയ്യിൽ പണമില്ല. ഒടുവിൽ വീട്ടിലേക്കു വിളിച്ച് കാര്യം പറഞ്ഞു. നാൽപതിനായിരം രൂപ അയച്ചു തന്നു. ടിക്കറ്റ് എടുത്ത് മലേഷ്യ വഴി മുംബൈയിലെത്തി. പിന്നീട് പറവൂരിലെ വീട്ടിലേക്കും. നാട്ടിലെത്തി ഏജന്റിനെ കാണാൻ നോക്കിയെങ്കിലും അയാൾ മറ്റൊരു കേസിൽപ്പെട്ട് ജയിലിലായിരുന്നു. പിന്നീട് അയാൾ പുറത്തിറങ്ങിയെന്ന് കേട്ടു. പക്ഷേ അഭിമാനം ഭയന്ന് കേസ് കൊടുക്കാനോ പകരം ചോദിക്കാനോ പോയില്ല.
∙ ജീവിതം പഠിപ്പിച്ച പാഠം
കംബോഡിയയിലെ ജീവിതം ഒരുപാട് പഠിപ്പിച്ചു. ഒരിക്കൽ തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയെ സിഹ്നൂക്വില്ലിൽ വച്ച് കണ്ടിരുന്നു. അവിടത്തെ കസീനോയുടെ മറവിൽ പ്രവർത്തിക്കുന്ന വേശ്യാലയത്തിലേക്ക് ചതിക്കപ്പെട്ട് എത്തിയതായിരുന്നു യുവതി. അപ്പോഴാണ് സിഹ്നൂക്വില്ലിൽ വേശ്യാലയങ്ങളും ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. സിഹ്നൂക്വില്ലിൽ എന്നെപ്പോലെ ചതിയിൽപ്പെട്ട് എത്തിയ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് ഉണ്ടായിരുന്നു. പിന്നീട് നാട്ടിലെത്തിയ അയാൾ ഒരു ദിവസം ആത്മഹത്യ ചെയ്തുവെന്ന വാർത്തയാണ് കേട്ടത്. കടുത്ത സാമ്പത്തിക–മാനസിക സമ്മർദത്തിലൂടെയാണ് അവൻ സിഹ്നൂക്വില്ലിലെ ജീവിതകാലത്ത് കടന്നുപോയത്.
കംബോഡിയയിലെ ജീവിതം സൃഷ്ടിച്ച മാനസികാഘാതം വളരെ വലുതായിരുന്നു. ഒരുപാട് നാളെടുത്താണ് അതിൽനിന്നു കരകയറിയത്. കേസിനൊന്നും പോകാൻ തോന്നിയില്ല. അഭിമാനം ഭയന്ന് അതിനുപോയില്ലെന്നതാണ് സത്യം. വീട്ടുകാർ ഒപ്പം നിന്നു. അതാണ് വലിയ ആശ്വാസം. ഇപ്പോൾ നാട്ടിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്നു. ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്. പക്ഷേ സന്തോഷവാനാണ്. (അവസാനിച്ചു)