
മെഹുൽ ചോക്സിയുടെ നാടുകടത്തൽ വൈകിയേക്കും; ഇ.ഡിയും സിബിഐയും ബെൽജിയത്തിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ∙ ബെൽജിയത്തിൽ അറസ്റ്റിലായ വിവാദ വ്യവസായി നാടുകടത്തൽ വൈകിയേക്കും. അർബുദ ബാധിതനാണെന്നു ചൂണ്ടിക്കാട്ടി മുംബൈയിലെ കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ചോക്സിയുടെ നീക്കം. ചികിത്സാ ആവശ്യങ്ങൾക്കായി സ്വിറ്റ്സർലാൻഡിലേക്കു പോകാനിരിക്കെയാണ് പൊലീസ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്.
തുടർനടപടികൾക്കായി ഇ.ഡി, സിബിഐ സംഘങ്ങൾ ഉടൻ ബെൽജിയത്തിലേക്കു പോകുമെന്നും സൂചനയുണ്ട്. വ്യാജരേഖ നൽകി ബാങ്കുകളിൽനിന്ന് 13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിയെ ശനിയാഴ്ചയാണ് ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴു വർഷത്തിലേറെയായി ഇന്ത്യൻ ഏജൻസികൾ നടത്തിയ പരിശ്രമങ്ങളുടെ ഫലമായായിരുന്നു അറസ്റ്റ്.
അതേസമയം ‘യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ’ നിബന്ധനകൾ ബാധകമാകുന്ന രാജ്യമാണ് ബെൽജിയമെന്നും ചോക്സിയെ ഇന്ത്യയ്ക്കു കൈമാറുന്നത് മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തുമെന്നുമാണ് ചോക്സിയുടെ അഭിഭാഷകർ ആരോപിക്കുന്നത്. ബെൽജിയത്തിലെ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ബെൽജിയം കോടതി അനുമതി നൽകിയാൽ മാത്രമേ കൈമാറ്റം നടക്കുകയുള്ളൂവെന്നും അഭിഭാഷകർ പറയുന്നു. ബെൽജിയം കോടതിയുടെ ഉത്തരവിന് വിധേയമായി ബന്ധപ്പെട്ട മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കണമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
അതിനിടെ, മെഹുൽ ചോക്സി മുംബൈയിലെ ഫ്ലാറ്റുകളുടെ അറ്റകുറ്റപണികൾക്കായി 63 ലക്ഷം രൂപ നൽകാനുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിലെ ആഡംബര മേഖലയായ മലബാർ ഹിൽസിലെ ഗോകുൽ അപ്പാർട്മെന്റില് മൂന്നു ഫ്ലാറ്റുകളാണ് മെഹുൽ ചോക്സിക്ക് ഉള്ളത്. കഴിഞ്ഞ നാല് വർഷമായി 63 ലക്ഷം രൂപ, അറ്റകുറ്റപ്പണി ഇനത്തിൽ കുടിശ്ശികയാണെന്നും മെഹുൽ ചോക്സി ഇത് അടച്ചിട്ടില്ലെന്നുമാണ് സൊസൈറ്റി അംഗം പറയുന്നത്.
തട്ടിപ്പ് കേസിൽ ചോക്സി രാജ്യം വിട്ടതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഈ ഫ്ലാറ്റുകൾ കണ്ടുകെട്ടിയിരുന്നു. അറ്റകുറ്റപ്പണികൾ നടത്താത്തതു കെട്ടിടത്തിന് ഭീഷണിയാണെന്നാണ് മറ്റു ഫ്ലാറ്റ് ഉടമകൾ പറയുന്നത്. ഫ്ലാറ്റിൽ വലിയ മരങ്ങൾ വളരാൻ തുടങ്ങിയെന്നും വേരുകൾ പുറത്തേക്ക് വരുന്നത് കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുമെന്നുമാണ് ഇവരുടെ ആരോപണം.