
ബംഗളൂരു: സാധാരണക്കാരന് താങ്ങാൻ പറ്റാത്ത രീതിയിൽ ഉയര്‍ന്ന് ബെംഗളൂരുവിലെ ജീവിതച്ചെലവ്. ബെംഗളൂരു നഗരത്തിലെ വർധിച്ചുവരുന്ന ജീവിതച്ചെലവിനെക്കുറിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള ടെക് പ്രൊഫഷണൽ അടുത്തിടെ നടത്തിയ ഒരു ഓൺലൈൻ ചർച്ച വളരെ ശ്രദ്ധേ നേടി. ചിലർ മികച്ച സാമ്പത്തിക ആസൂത്രണം ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വാദിച്ചപ്പോൾ, സർക്കാർ നടപ്പാക്കിയ വില വർദ്ധനവ് ഗാർഹിക ബജറ്റുകളെ തകിടം മറിച്ചുവെന്നാണ് നിരവധി പേര് അഭിപ്രായപ്പെട്ടത്. ഗതാഗതവും ഇന്ധനവും മുതൽ പാൽ, ടോൾ നിരക്കുകൾ വരെ, കഴിഞ്ഞ വർഷം നിരവധി അവശ്യ സേവനങ്ങളുടെ ചെലവ് വർദ്ധിച്ചു.
മെട്രോ
ചെലവുകളിൽ ഏറ്റവും വലിയ വർദ്ധനവ് സംഭവിച്ചത് മെട്രോയുടെ നിരക്കുകളിലാണ്. ഈ വർഷം ഫെബ്രുവരിയിൽ, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നിരക്ക് ഘടന പുതുക്കി. പരമാവധി നിരക്ക് 60 രൂപയിൽ നിന്ന് 90 രൂപയാക്കി ഉയർത്തി. കൂടാതെ, സ്മാർട്ട് കാർഡുകളിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ ബാലൻസ് 50ൽ നിന്ന് 90 രൂപ എന്ന നിലയിൽ ഇരട്ടിയാക്കി. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ മെട്രോയെ ആശ്രയിക്കുന്നതിനാൽ, 50-90 ശതമാനം നിരക്ക് വർദ്ധനവ് ബെംഗളൂരു നിവാസികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ബസ് നിരക്ക്
കർണാടക സർക്കാർ ജനുവരിയിൽ സംസ്ഥാന ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ നിരക്കിൽ 15 ശതമാനം വർദ്ധനവ് അംഗീകരിച്ചിരുന്നു. ഇതോടെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. സാധാരണ ഡെയിലി പാസിന്റെ നിരക്ക് 70ൽ നിന്ന് 80 രൂപയായി ഉയര്‍ന്നു. അതേസമയം വീക്കിലി പാസ് നിരക്ക് 300ൽ നിന്ന് 350 രൂപ എന്ന നിലയിൽ വർദ്ധിച്ചു. സാധാരണ പ്രതിമാസ പാസിന് ഇപ്പോൾ 1,200 ആണ് നിരക്ക്.നേരത്തെ ഇത് 1050 രൂപയായിരുന്നു. ഇത് വിദ്യാർത്ഥികളെയും സ്ഥിരം യാത്രക്കാരെയും കൂടുതൽ ബാധിക്കുന്നു.
നന്ദിനി പാൽ
മിക്ക വീടുകളിലെയും പ്രധാന ഭക്ഷണമായ പാലിനും കഴിഞ്ഞ വർഷം നിരവധി തവണ വില വർദ്ധിച്ചു. കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) നന്ദിനി പാലിന്റെ വില വീണ്ടും ഉയര്‍ത്തിയത് ചെറിയ ആഘതമല്ല ഉണ്ടാക്കിയത്. ഏപ്രിൽ 1 മുതൽ ലിറ്ററിന് 4 രൂപയാണ് ആണ് വർദ്ധിപ്പിച്ചത്. 2023 ജൂലൈയിൽ ലിറ്ററിന് മൂന്നും 2024 ജൂണിൽ ലിറ്ററിന് രണ്ട് രൂപയും വർദ്ധിപ്പിച്ചതിന് ശേഷമാണിത്. കഴിഞ്ഞ വർഷം 40 രൂപ വിലയുണ്ടായിരുന്ന ഒരു ലിറ്റർ നന്ദിനി ടോൺഡ് പാലിന് ഇപ്പോൾ 46 രൂപയാണ് വില. നന്ദിനിയുടെ നിരക്ക് അമുൽ, ഹെറിറ്റേജ് തുടങ്ങിയ എതിരാളികളേക്കാൾ കുറവാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ആവർത്തിച്ചുള്ള വില വർദ്ധനവ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
പ്രധാന റൂട്ടുകളിൽ ടോൾ ഫീസ് വർദ്ധിച്ചു
ബെംഗളൂരുവിലെ പ്രധാന ഹൈവേകളിലൂടെയുള്ള യാത്രയ്ക്കും ചെലവേറി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഏപ്രിൽ 1 മുതൽ ടോൾ നിരക്കുകൾ വർദ്ധിപ്പിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നവരും സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് (എസ് ടി ആർ ആർ) ഉപയോഗിക്കുന്നവരും ഇപ്പോൾ ഉയർന്ന ടോൾ ഫീസ് നൽകണം. സദാഹള്ളി (NH 7), ഹുലികുന്റെ, നല്ലൂരു ദേവനഹള്ളി (NH 648) എന്നിവയുൾപ്പെടെയുള്ള പ്രധാന ടോൾ പ്ലാസകളിലെ നിരക്കുകൾ അഞ്ച് ശതമാനം വർദ്ധിപ്പിച്ചു. 119 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിലും ടോൾ വർദ്ധനവ് നടപ്പാക്കിയിട്ടുണ്ട്.
ഇന്ധന വില
കഴിഞ്ഞ വർഷം ഇന്ധന വിലയും വർദ്ധിച്ചു. 2024 ജൂൺ മുതൽ പെട്രോൾ വില ലിറ്ററിന് മൂന്ന് രൂപ വർദ്ധിച്ച് ബെംഗളൂരുവിൽ ലിറ്ററിന് 102.84 രൂപയായി. ഡീസലിന് സമാനമായി 3.02 രൂപ വർദ്ധിച്ച് ലിറ്ററിന് 88.95 രൂപയായി. പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന നികുതി നിരക്കുകൾ പുതുക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനമാണ് ഇന്ധനവില ഉയര്‍ത്തിയത്.
പുതിയ വാഹനങ്ങൾക്ക് അധിക ചാർജ്
കർണാടകയിൽ പുതിയ വാഹനം വാങ്ങുന്നതിനുള്ള ചെലവും കുതിച്ചുയര്‍ന്നു. ഇരുചക്രവാഹന ഉടമകൾ ഇപ്പോൾ അധികമായി 500 രൂപ നൽകണം. അതേസമയം കാർ ഉടമകൾക്ക് 1,000 രൂപ അധിക രജിസ്ട്രേഷൻ ഫീസ് വരും. ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി 2024ലെ കർണാടക മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ (രണ്ടാം ഭേദഗതി) ബിൽ പ്രകാരമാണ് ഈ നീക്കം നടപ്പാക്കിയത്.
വൈദ്യുതി താരിഫ് വർദ്ധിപ്പിക്കാൻ സാധ്യത
വൈദ്യുതി നിരക്കും വർദ്ധിക്കാൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് വർഷത്തേക്ക് സ്ഥിര ചാർജുകൾ വർദ്ധിപ്പിക്കാൻ കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) അംഗീകാരം നൽകി. ഇത് വീടുകളെയും ബിസിനസ്സുകളെയും ഒരുപോലെ ബാധിക്കും. ഈ പുതുക്കിയ നിരക്കുകൾ മെയ് മാസത്തിലെ വൈദ്യുതി ബില്ലുകളിൽ പ്രതിഫലിക്കാൻ തുടങ്ങും. സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇത് ബാധകമാകില്ല.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന മദ്യവില
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കർണാടകയിലെ മദ്യവില പലതവണ പുതുക്കിയിട്ടുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയര്‍ന്ന മദ്യവിലയുള്ള സംസ്ഥാനമായി കര്‍ണാടക മാറി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഉയർന്ന നികുതികളും ലെവികളും ഉൾപ്പെടെ വിവിധ ഘടകങ്ങളാണ് വില വർദ്ധനവിന് കാരണം.
ഈ നടപടികളിലൂടെ ലഭിക്കുന്ന വരുമാനം പ്രധാന ക്ഷേമ പദ്ധതികൾക്ക് ധനസഹായം നൽകാൻ ഉപയോഗിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വാദം. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച അഞ്ച് ഗ്യാരന്റി പദ്ധതികൾ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായി തുടരുന്നുണ്ട്. അതേസമയം, പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസും ഈ വില വർദ്ധനവിനെ ശക്തമായി എതിർക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]