
തൃശൂർ: പ്രചാരണം ഉച്ചസ്ഥായിലേക്കുള്ള വഴിയിൽ ചാലക്കുടി ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചകളും വർത്തമാനവുമെല്ലാം വികസനത്തെക്കുറിച്ചാണ്. മറ്റ് വിഷയങ്ങളെക്കാൾ ഇരു മുന്നണികളും വികസനമാണ് പ്രധാനമായും മണ്ഡലത്തിൽ ചർച്ചയാക്കിയിരിക്കുന്നത്. സിറ്റിംഗ് എംപിയും യു ഡി എഫ് സ്ഥാനാർത്ഥിയുമായ ബെന്നി ബെഹ്നാൻ വികസനം മുടക്കിയെന്ന ആരോപണമാണ് എൽ ഡി എഫ് പ്രധാനമായും ഉയർത്തുന്നത്. ഈ ആരോപണം പരാജയ ഭീതിയെന്നാണ് യു ഡി എഫിന്റെ തിരിച്ചടി. ഇന്നസെന്റ് എം പിയായിരുന്ന കാലയളവിൽ മുടങ്ങിയ പദ്ധതികളടക്കം പൂർത്തീകരിച്ചത് ബെന്നി ബെഹ്നാനെന്നും യു ഡി എഫ് പറയുന്നു. ജനശബ്ദം വികസനരേഖയ്ക്ക് പിന്നാലെ എൽ ഡി എഫ് നടത്തുന്നത് കുപ്രചരണങ്ങളെന്നും ഇതിന് മറുപടി ജനം നൽകുമെന്നും ചാലക്കുടിയിലെ യു ഡി എഫ് എം എൽ എമാർ ഇന്ന് അഭിപ്രായപ്പെട്ടു.
ആരോപണങ്ങളും മറുപടിയും ഇങ്ങനെ
ശബരിപാതയിൽ സിറ്റിംഗ് എം പി ഒന്നും ചെയ്തില്ല, തീരദേശമേഖലയോടുള്ള അവഗണന തുടങ്ങി ബെന്നി ബെഹ്നാനെ കടന്നാക്രമിച്ച് എൽ ഡി എഫ് ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടിയുമായാണ് ചാലക്കുടിയിലെ യു ഡി എഫ് എം എൽ എ മാർ രംഗത്തെത്തി. കൊരട്ടി ഇ എസ് ഐ ആശുപത്രി മുതൽ ചാലക്കുടി അടിപ്പാത വരെയുള്ള വികസനം ചൂണ്ടികാട്ടിയായിരുന്നു മറുപടി. വിവിധ റോഡ് റെയിൽ പദ്ധതികൾക്ക് പുറമെ ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് സുഗമമാക്കി എന്നതടക്കം എം പിയുടെ ക്രെഡിറ്റെന്നാണ് യു ഡി എഫ് എം എൽ എമാർ പറയുന്നത്.
സിറ്റിംഗ് എംപിയും മുൻ മന്ത്രിയും നടക്കുന്ന വാശിയേറിയ മത്സരത്തിൽ വികസന കാര്യത്തിൽ ഒരു റൗണ്ട് ചർച്ച ഇരുവിഭാഗങ്ങളും പൂർത്തിയാക്കി. കൊണ്ടും കൊടുത്തും യു ഡി എഫ് – എൽ ഡി എഫ് എം എൽ എമാർ കളം നിറഞ്ഞതോടെ മണ്ഡലത്തിന് എന്ത് കിട്ടി ഇനി എന്ത് വേണം എന്ന ചോദ്യങ്ങളാണ് സജീവമാകുന്നത്.
Last Updated Apr 14, 2024, 8:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]