
ദില്ലി: പാക്കിസ്ഥാനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യൻ തടവുകാരൻ സരബ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ലഷ്കറെ തൊയ്ബയുടെ സ്ഥാപകൻ ഹാഫിസ് സയീദിൻ്റെ അടുത്ത അനുയായിയുമായ അമീർ സർഫറാസ് താംബയെ ലാഹോറിൽ അജ്ഞാതർ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ലാഹോറിലെ ഇസ്ലാംപുര പ്രദേശത്ത് വച്ച് ബൈക്കിൽ എത്തിയ അക്രമികൾ ഇയാൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ലാഹോറിലെ അതീവ സുരക്ഷയുള്ള കോട്ട് ലഖ്പട്ടിനുള്ളിൽ താംബ ഉൾപ്പെടെയുള്ള അന്തേവാസികളുടെ ക്രൂരമായ ആക്രമണത്തെത്തുടർന്നാണ് 49 കാരനായ സരബ്ജിത് സിംഗ് മരിക്കുന്നത്. ഒരാഴ്ചയോളം കോമയിലായ ശേഷം 2013 മെയ് 2 ന് പുലർച്ചെ ലാഹോറിലെ ജിന്ന ആശുപത്രിയിലായിരുന്നു അന്ത്യം. താംബയുടെ നേതൃത്വത്തിൽ ഒരു കൂട്ടം പാകിസ്ഥാൻ തടവുകാർ ഇഷ്ടികയും ഇരുമ്പുവടിയും ഉപയോഗിച്ച് സരബ്ജിത് സിംഗിനെ ആക്രമിക്കുകയായിരുന്നു.
1990-ൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന നിരവധി ബോംബ് സ്ഫോടനങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാക് കോടതി സരബ്ജിത് സിങ്ങിനെ വധശിക്ഷക്ക് വിധിച്ചത്.
Last Updated Apr 14, 2024, 9:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]