
ഇടുക്കിയിൽ വയോധികയെ കഴുത്തറുത്ത് കൊന്ന പ്രതികൾ പിടിയിലായത് ധനകാര്യ സ്ഥാപനത്തിൽ നൽകിയ മൊബൈൽ നമ്പർ വഴി
ഇടുക്കി: അടിമാലിയിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികളെ പിടികൂടി. മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതാണ് കേസിനു വഴിത്തിരിവ് ഉണ്ടായത്. നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമയെ (70) കൊലപ്പെടുത്തിയതിൽ കൊല്ലം കിളികൊല്ലൂർ സ്വദേശി അലക്സ്, കവിത എന്നിവരാണ് പാലക്കാട്ടുനിന്നു പിടിയിലായത്.
അലക്സും കവിതയും വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേനയാണ് അടിമാലിയിലെത്തിയത്. ഫാത്തിമ കാസിമിന്റെ വീട്ടിലെത്തിയ പ്രതികൾ ശനിയാഴ്ച പകൽ 11 മണിക്കും നാലുമണിക്കുമിടയിലാണ് കൊലപാതകം നടത്തിയത്. സ്വർണമാല മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് ശേഷം മുറിക്കുള്ളിൽ മുളക് പൊടി വിതറി തെളിവുകൾ നശിപ്പിച്ചു.
മോഷണ മുതൽ അടിമാലിയിൽ പണയം വച്ചതിന് ശേഷം പ്രതികൾ പാലക്കാട്ടേക്ക് കടക്കുകയായിരുന്നു. നാട്ടുകാരിൽനിന്നു പ്രതികളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അടിമാലിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതികൾ തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിലും പണയം വച്ചപ്പോൾ ഒടിപി ലഭിക്കുന്നതിനായി നൽകിയ മൊബൈൽ നമ്പറാണ് പ്രതികളെ കുടുക്കിയത്. പാലക്കാട് നിന്നും അടിമാലിയിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]