
സുൽത്താൻ ബത്തേരി: എം.ഡി.എം.എ കടത്തുകാരെ പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. നൈജീരിയൻ സ്വദേശിയായ ചിക്കാ അബാജുവോ(40), ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബത്തേരി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇരുവരും എംഡിഎംഎയുടെ അടക്കം ബംഗളുരുവിലെ ലഹരി മൊത്ത വ്യാപാര സംഘത്തിൽപെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവിൽ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എന്‍.പി. രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കൂട്ടു പ്രതിയായിരുന്ന ടാന്‍സാനിയൻ സ്വദേശി പ്രിന്‍സ് സാംസണ് (25) ബംഗളുരുവില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. ഇവരെല്ലാം ബംഗളുരുവിലെ ഗവ. കോളേജില്‍ ബിസിഎ വിദ്യാര്‍ഥികളാണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവർ സംസ്ഥാനത്തേക്ക് എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി നിരവധി പണമിടപാടുകളും നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ബൈക്കില്‍ 93.84 ഗ്രാം എംഡിഎംഎയുമായി മലപ്പുറം ചെറുമുക്ക് സ്വദേശി ഷഫീഖ് പിടിയിലായ സംഭവത്തിൽ തുടരന്വേഷണം നടത്തിയതിലാണ് ഇവർ ഉൾപ്പെടെയുള്ള പ്രതികൾ വലയിലായത്. സംസ്ഥാനത്ത് ചില്ലറ വില്‍പ്പന നടത്തുന്നതിനും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനുമായായിരുന്നു ഷഫീഖ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്.
ഇവരിൽ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും മറ്റ് ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.പിരാഘവൻ, സബ് ഇൻസ്പെക്ടർമാരായ കെ.കെ സോബിൻ, അതുല്‍ മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]