
കൊച്ചി: കോളേജ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ അപമാനിച്ച കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പളിനെതിരെ വിമർശനവും പ്രതിഷേധങ്ങളും ശക്തമാകുന്നു. പ്രിൻസിപ്പൾ ബിനുജ ജോസഫ് ഒരു കലാകാരനെയാണ് അപമാനിച്ചതെന്നും മോശം പ്രവണതയാണ് ഇതെന്നുമാണ് ഏവരും പറയുന്നത്. ഈ അവസരത്തിൽ തങ്ങളുടെ കരിയറിൽ ഇതാദ്യത്തെ സംഭവമാണെന്ന് പറയുകയാണ് ഗായകൻ സജിൻ കോലഞ്ചേരി. ജാസി ഗിഫ്റ്റിനൊപ്പം കോളേജിൽ പാടാൻ ഒപ്പമുണ്ടായിരുന്ന ആളാണ് സജിൻ.
വിഷയത്തിൽ ഇതുവരെ മാപ്പ് പറയാനോ പ്രതികരിക്കാനോ പ്രിൻസിപ്പളോ മാനേജ്മെന്റോ തയ്യാറായിട്ടില്ലെന്നും സജിൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ജാസി ഗിഫ്റ്റിന്റെ ഇത്രയും കാലത്തെ കരിയറിൽ ഇങ്ങനെ ഒരു കാര്യം നടന്നു എന്നതിൽ കോ ആർട്ടിസ്റ്റ് എന്ന നിലയിൽ വളരെ അധികം വേദനയുണ്ടെന്നും സജിൻ വ്യക്തമാക്കി.
“വളരെ മോശപ്പെട്ട അനുഭവം ആയിരുന്നു അത്. കോളേജ് ഡേ സെലിബ്രേഷന്റെ ഉദ്ഘാടനത്തിന് വേണ്ടി ഗസ്റ്റ് ആയിട്ടായിരുന്നു ജാസി ചേട്ടനെ വിളിച്ചത്. അടുത്തകാലത്തായി ഒത്തിരി കോളേജുകളിൽ പ്രോഗ്രാമിനായി ഞങ്ങൾ പോകുന്നുണ്ട്. ഉദ്ഘാടനം നടത്തുന്നു, അതിനോട് അനുബന്ധിച്ച് നാല് പാട്ട് പാടുന്നു അതാണ് ഞങ്ങളുടെ ഒരു ഫോർമാറ്റ്. ഒരിക്കലും അതൊരു പ്രോ ഷോ അല്ല. ജസ്റ്റ് നാല് പാട്ട് വിദ്യാർത്ഥികൾക്കായി പാടുന്നു വരുന്നു എന്നതാണ്. വിത്തൗട്ട് ഓർഗസ്ട്ര ആണ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ വിദ്യാർത്ഥികളാണ് പ്രോഗ്രാം സംഘടിപ്പിച്ച്. പാർട്ടി ഇല്ലാത്ത കോളേജാണ് അത്. അതുകൊണ്ട് കോളേജ് യൂണിയൻകാരുമില്ല. പ്രിൻസിപ്പളിന്റെയോ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നോ ഒരു സഹായവും ഉണ്ടായിരുന്നില്ല. വിദ്യാർത്ഥികൾ തന്നെയാണ് എല്ലാം കോഡിനേറ്റ് ചെയതത്. ഇതിലെ ഒറ്റയൊരു വിഷമം എന്നത് ജാസി ചേട്ടനെ പോലൊരു സീനിയർ മ്യുസിഷ്യനെയാണ് അവർ അപമാനിച്ചത്. ഇവർക്ക് എന്തുണ്ടെങ്കിലും പരിപാടി കഴിഞ്ഞോ അല്ലെങ്കിൽ അതിന് മുൻപോ സംസാരിക്കാം. പെർഫോം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ, ജാസി ചേട്ടനോട് എന്നല്ല ആരോട് ആയാലും ഇങ്ങനെ ചെയ്യുന്നത് വളരെ മോശമായിട്ടുള്ള പ്രവണതയാണ്”, എന്ന് സജിൻ പറയുന്നു.
“പ്രിൻസിപ്പൽ സ്റ്റേജിൽ കയറി വരുന്നു, മൈക്ക് പിടിച്ച് വാങ്ങുന്നു. കൂടെ ഉള്ള ഞാൻ പാടാൻ പറ്റില്ലെന്ന് പറയുന്നു. ജാസി ഗിഫ്റ്റിന് വേണമെങ്കിൽ പാടാം എന്നൊക്കെ പറയുന്നു. ഇങ്ങനെയൊക്കെ പറയാൻ യഥാർത്ഥത്തിൽ ഒരവകാശവും അവർക്കില്ല. അവർ മനസിലാക്കേണ്ട ഒരു കാര്യം അവരുടെ ഗസ്റ്റ് ആയിട്ടാണ് ഞങ്ങൾ പോയത്. ഒരു ഇൻസ്റ്റിറ്റ്യൂഷന്റെ ഹയർ അതോററ്റിയായിട്ടുള്ള പ്രിൻസിപ്പൾ ഇങ്ങനെ പെരുമാറിയതിൽ വളരെ ബുദ്ധിമുട്ടുണ്ട്. ഞങ്ങൾ പിന്നെ പ്രശ്നമൊന്നും ഉണ്ടാക്കാൻ നിന്നല്ല. ഉടൻ അവിടെന്ന് ഇറങ്ങുകയാണ് ചെയ്തത്. വിദ്യാർത്ഥികൾ വലിയ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു” എന്നും സജിൻ കൂട്ടിച്ചേർത്തു.
സംഭവത്തിൽ പ്രതികരിക്കാൻ കോളേജ് അധികൃതർ തയ്യാറായിട്ടില്ലെന്നും സജിൻ കോലഞ്ചേരി പറഞ്ഞു. “ഈ നിമിഷം വരെ കോളേജിന്റെ ഭാഗത്ത് നിന്നും ഒരു ക്ഷമാപണം പോലും വന്നിട്ടില്ല. അവർ ചെയ്തത് ശരിയാണ് എന്ന രീതിയിൽ ആണ് ഇപ്പോഴും നിൽക്കുന്നത്. എല്ലാവരും ഇഷ്ടപ്പെടുന്നൊരു ഗായകനാണ് ജാസി ചേട്ടൻ. അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ കരിയറിൽ ഇങ്ങനെ ഒരു കാര്യം നടന്നു എന്നതിൽ കോ ആർട്ടിസ്റ്റ് എന്ന നിലയിൽ വളരെ അധികം വേദനയുണ്ട്. വേദനാജനകം ആണത്. വിഷമമുണ്ട്. ലൈവ് പരിപാടിക്കിടെ ഇങ്ങനെ തടസപ്പെടുത്തുന്നത് ഒട്ടും ശരിയായ കാര്യമല്ല” എന്നും സജിൻ പറഞ്ഞു.
പ്രിസിപ്പളിനോട് ഞങ്ങൾക്കിനി ഒന്നും പറയാനില്ല. അതവർ അർഹിക്കുന്നില്ല. കരിയറിലെ തന്നെ ആദ്യ അനുഭവമാണിത്. നമ്മൾ ആർട്ടിസ്റ്റുകളല്ലേ. ബേസിക് റെസ്പക്ട് തരേണ്ടതല്ലേ. വളരെ മോശം അനുഭവം ആയിപ്പോയി ഇത്. വിദ്യാർത്ഥികൾ ഞങ്ങൾക്ക് വലിയ സപ്പോർട്ട് ആയിരുന്നു. ഇക്കാര്യം നടന്നപ്പോൾ അവരും അങ്ങ് ഡൗൺ ആയി പോയെന്നും എന്നും സജിൻ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഇരുപത് വർഷമായി ജാസി ഗിഫ്റ്റിനൊപ്പം പ്രവർത്തിക്കുന്ന ആളാണ് ഗായൻ സജിൻ കോലഞ്ചേരി. എനിക്ക് പ്ലേ ബാക് സിംഗർ എന്ന ലേബൽ തന്നത് ജാസി ചേട്ടനാണ്. സിനിമയിൽ പാടിപ്പിച്ചത് ഒക്കെ ചേട്ടനാണ്. ഫോർ ദ പിപ്പിൾ മുതൽ അദ്ദേഹത്തോടൊപ്പം താൻ ഉണ്ടെന്നും സജിൻ പറഞ്ഞു.
Last Updated Mar 15, 2024, 5:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]