
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. മലയാളത്തില്‍, ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ നാനൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തില്‍ ഇത്തവണ താമര വിരിയും എന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ അഴിമതി സർക്കാരാണ് ഉള്ളതെന്നും ഇവിടുത്തെ ജനങ്ങൾക്ക് നഷ്ടം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇവിടെ ശത്രുക്കളായവർ ദില്ലിയിൽ ബന്ധുക്കളാണ്. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം പൊളിക്കണം. ഈ ചക്രം പൊളിച്ചാലേ കേരളത്തിന് നീതി കിട്ടൂ. ഇവിടെ എൽഡിഎഫും യുഡിഎഫും പരസ്പരം പോരടിക്കുന്നു. എന്നാൽ ദില്ലിയിൽ ഇവർ കെട്ടിപ്പിടിക്കുന്നു. പരസ്പരം അഴിമതിക്കാരെന്ന് വിളിക്കുന്നവർ ദില്ലിയിൽ സഖ്യത്തിലാണ്. റബർ വിലവർദ്ധനയിൽ യുഡിഎഫും എൽഡിഎഫും കണ്ണടച്ചുവെന്നും മോദി കുറ്റപ്പെടുത്തി.
പൂഞ്ഞാർ വിഷയം ഉയർത്തിക്കാട്ടിയ മോദി വൈദികൻ ആക്രമിക്കപ്പെട്ടുവെന്നും കേരളത്തിൽ ക്രമസമാധാന തകർച്ചയെന്നും വിമർശിച്ചു. കേരളം മാറിച്ചിന്തിക്കണമെന്നും മോദി കൂട്ടിച്ചേർത്തു. കാലഹരണപ്പെട്ട ആശയങ്ങളാണ് ഇടതുപക്ഷത്തിനും കോൺഗ്രസിനുമുള്ളത്. പതിറ്റാണ്ടുകൾ ഇടതുപക്ഷം ഭരിച്ച ബംഗാളിൽ പിന്നെ അവർക്ക് അധികാരം കിട്ടിയില്ല. പതിറ്റാണ്ടുകൾ ഭരിച്ച സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് അപ്രത്യക്ഷമായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സംവരണത്തെ പോലും ഇവർ എതിർത്തു. ഒബിസി കമ്മീഷനെപ്പോലും എതിർത്തവരാണ് എൽഡിഎഫും യുഡിഎഫും എന്നും മോദി രൂക്ഷഭാഷയിൽ വിമർശിച്ചു.
സ്വർണക്കടത്തും സോളാറും പരാമർശിച്ച പ്രധാനമന്ത്രി എൽഡിഎഫും യുഡിഎഫും അഴിമതിയുടെ നിഘണ്ടുവായി മാറിയെന്നും പറഞ്ഞു. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ബിജെപി സർക്കാർ പ്രവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
Last Updated Mar 15, 2024, 3:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]