
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്റെ പ്രവർത്തനത്തേയും വിദേശ തൊഴിൽ റിക്രൂട്ട്മെന്റ് സാധ്യതകളേയും കുറച്ച് പഠിക്കുന്നതിനായി ബിഹാർ സർക്കാർ പ്രതിനിധികള്‍ നോര്‍ക്കാ റൂട്ട്സ് ആസ്ഥാനം സന്ദര്‍ശിച്ചു. പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളും രാജ്യത്തിനാകെ മാതൃകയായി മാറിയ സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബിഹാർ സംഘമെത്തിയത്.
ബിഹാർ സർക്കാരിന്റെ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ പ്രിയങ്ക കുമാരി, എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ശ്യാം പ്രകാശ് ശുക്ള, ഹ്യൂമൻ റിസോഴ്സ് ആൻഡ് റിക്രൂട്ട്മെന്റ് എക്സ്പേർട്ട് രോഹിത ബാരിയർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബിഹാറിൽ നിന്നും വിദേശ രാജ്യങ്ങളിലെ വിവിധ തൊഴിൽ മേഖലകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ അയയ്ക്കുന്നതിനായുള്ള സാധ്യതകൾ കണ്ടെത്തുക എന്നതായിരുന്നു ചർച്ചയുടെ പ്രധാന ലക്ഷ്യം.
പ്രവാസി ക്ഷേമത്തിനായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് മാതൃകയാണെന്നും ബിഹാർ സർക്കാരിനും ഇവ നടപ്പാക്കാനാനാവുമെന്നും ഇതിനായി എല്ലാവിധ സഹകരണവും നൽകുമെന്നും നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ സംഘത്തെ അറിയിച്ചു.
നോർക്ക റൂട്ട്സിന്റെ കഴിഞ്ഞ വർഷത്തെ വികസന കലണ്ടർ അദ്ദേഹം കൈമാറി. പ്രവാസി വകുപ്പിനേയും നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങളേയും സംബന്ധിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കൊളശ്ശേരി വിശദമായ പ്രസന്റേഷൻ നടത്തി. നോർക്ക സെന്ററിലെ ലോക കേരള സെക്രട്ടേറിയറ്റ്, പ്രവാസി ക്ഷേമ ബോർഡ്, എൻ ആർ കെ കമ്മീഷൻ, നോർക്കയുടെ വിവിധ വിഭാഗങ്ങൾ എന്നിവയെല്ലാം സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യാം.
Last Updated Mar 15, 2024, 3:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]