
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവുമധികം ശ്രദ്ധ നേടിയിരിക്കുന്ന ഇന്‍ഡസ്ട്രി മോളിവുഡ് ആണ്. ഫെബ്രുവരി മാസത്തില്‍ എത്തിയ ചിത്രങ്ങളുടെ ഹാട്രിക് വിജയമാണ് അതിന് കാരണം. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ് എന്നിങ്ങനെ തികച്ചും വ്യത്യസ്ത ജോണറുകളിലെത്തിയ ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്കിയ സ്വീകാര്യത മറ്റ് ഭാഷകളിലെ ചലച്ചിത്ര വ്യവസായങ്ങളിലുള്ളവരും ശ്രദ്ധിച്ചുവെന്ന് മാത്രമല്ല മറുഭാഷാ പ്രേക്ഷകര്‍ ധാരാളമായി കാണുകയും ചെയ്തു. അതില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ റെക്കോര്‍ഡ് വിജയത്തില്‍ പ്രധാനമായത് തമിഴ്നാട്ടില്‍ നേടിയ കളക്ഷന്‍ ആണ്. ഈ വിജയ ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാള സിനിമയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ഒരു ചിത്രവും തിയറ്ററുകളിലെത്താന്‍ തയ്യാറെടുത്തിരിക്കുകയാണ്. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതമാണ് അത്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് തന്റെ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.
മലയാളികള്‍ നെഞ്ചേറ്റിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരം എന്നതാണ് ആടുജീവിതം കാത്തിരിപ്പ് ഏറ്റുന്നതിന്റെ ഏറ്റവും പ്രധാന കാരണം. ബെന്യാമിന്റെ നോവലിന്റെ അതേ പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കഥാനായകന് നജീബ് ആയാണ് പൃഥ്വിരാജ് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. മലയാളത്തില്‍ മാത്രമല്ല, എല്ലാ ഭാഷകളിലും സ്വന്തം കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത് പൃഥ്വിരാജ് ആണ്.
ആടുജീവിതം ബ്ലെസി ചിത്രീകരിച്ചിരിക്കുന്നത് ലൈവ് സൗണ്ടിലാണ്. അതിനാല്‍ത്തന്നെ മലയാളത്തില്‍ പൃഥ്വിരാജിന് ഡബ്ബ് ചെയ്യേണ്ടിവന്നില്ല. മറ്റ് നാലാ ഭാഷാ പതിപ്പുകള്‍ക്കും അദ്ദേഹം തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. “ഈ കഥാപാത്രത്തിന്റെ മുഴുവന്‍ യാത്രയും ഒറ്റത്തവണ പകര്‍ന്നാടിയതിന് ശേഷം നാല് ഭാഷകളിലായി നാല് തവണ അതിലേക്ക് വീണ്ടും പോവുക! ഇതിഹാസം!”, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം മാര്‍ച്ച് 28 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.
Last Updated Mar 14, 2024, 6:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]