
പുതിയ ജോലിക്ക് കയറുമ്പോള്‍ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിരവധി ആശങ്കകളോടൊപ്പം പ്രതീക്ഷകളും ഉണ്ടാകും. പലപ്പോഴും കമ്പനികള്‍ ജോലിക്ക് ആളുകളെ ക്ഷണിക്കുമ്പോള്‍ ജോലിയുടെ സ്വഭാവം മാത്രമാണ് പറയുക. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അഭിമുഖത്തിനിടെയിലാകും തീരുമാനമാകുക. മിക്കവാറും ഉദ്യോഗാര്‍ത്ഥികള്‍ പുതിയ കമ്പനിയിലേക്ക് മാറുമ്പോള്‍ 10 മുതല്‍ 30 ശതമാനം വരെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുന്നതും സാധാരണമാണ്. ഇത് ഉദ്യോഗാര്‍ത്ഥിയുടെ ജോലിയിലുള്ള അനുഭവ പരിചയം, മുമ്പത്തെ കമ്പനിയില്‍ ലഭിച്ചിരുന്ന ശമ്പളം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കപ്പെടുക.
അത്തരമൊരു അഭിമുഖത്തിനിടെ ഉദ്യോഗാര്‍ത്ഥി ആവശ്യപ്പെട്ട ശമ്പളം കേട്ട് തനിക്ക് അയാളെ ജോലിക്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് വാൻഷിവ് ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ഗൗരവ് ഖേതർപാൽ തന്റെ എക്സ് സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ കുറിച്ചതിന് വളരെ പെട്ടെന്ന് തന്നെ വൈറലായി. വെറും നാല് വര്‍ഷത്തെ ജോലി പരിചയമുള്ള ഉദ്യോഗാര്‍ത്ഥിക്ക് നിലവില്‍ 28 ലക്ഷം രൂപ പ്രതിവര്‍ഷം ശമ്പളം ലഭിക്കുന്നു. അതിനാല്‍ അവള്‍ക്ക് പുതിയ ജോലിക്ക് 45 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വേണമെന്ന് ആവശ്യപ്പെട്ടു. അവളുടെ ഇപ്പോഴത്തെ ശമ്പളത്തെക്കാള്‍ 17 ശതമാനം വര്‍ദ്ധനവാണതെന്നും ഗൗരവ് ഖേതർപാൽ എഴുതി.
ഒപ്പം എച്ച് ആര് വകുപ്പുമായുള്ള തന്റെ സംഭാഷണത്തിന്റെ സ്ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവച്ചു. സ്ക്രീന്‍ ഷോട്ടില്‍ അദ്ദേഹം എച്ച് ആര് വകുപ്പിലേക്ക് ഇങ്ങനെ എഴുതി, ‘അവളെ ജോലിക്ക് എടുക്കാന്‍ നമ്മുക്കൊരു ലോണിന് അപേക്ഷിക്കാം. തത്കാലം അത് വിട്ടേക്കൂ’ ഗൗരവ് ഖേതർപാലിന്റെ ട്വീറ്റ് ഇതിനകം മൂന്നേകാല്‍ ലക്ഷത്തോളം പേര് കണ്ടു കഴിഞ്ഞു. നിരവധി പേര് ഗൗരവിന്റെ കുറിപ്പിന് മറുകുറിപ്പെഴുതാനെത്തി. വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അർഹമായ വർദ്ധനവ് നൽകുന്നതിൽ നിന്ന് കമ്പനികൾ ഒഴിഞ്ഞുമാറരുതെന്ന് ചിലർ ആവശ്യപ്പെട്ടു. ഒരാളുടെ ശമ്പളത്തിന്റെ മാനദണ്ഡം അനുഭവ പരിചയം മാത്രമായി കാണരുതെന്ന് ചിലര്‍ ഉപദേശിച്ചു. ‘എനിക്ക് 10 വര്‍ഷത്തിനടുത്ത് അനുഭവ പരിചയമുണ്ട്. പക്ഷേ എന്റെ ശമ്പളം അതിന്റെ ഏഴ് അയലത്ത് പോലുമില്ല’ മറ്റൊരു വായനക്കാരന് പരിതപിച്ചു.
Last Updated Mar 14, 2024, 4:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]