![](https://newskerala.net/wp-content/uploads/2025/02/d.1.3140990.jpg)
കോഴിക്കോട് : കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ പ്രശംസിച്ചു കൊണ്ടുള്ള ശശി തരൂർ എം.പിയുടെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തരൂരിന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. കൂടരഞ്ഞിയിൽ മലയോര ഹൈവേയുടെ ആദ്യറീച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെയാണ് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില മേഖലകളിൽ വലിയ തോതിൽ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന് , വസ്തുതകൾ ഉദ്ധരിച്ചു കൊണ്ട് സമൂഹത്തിന് മുന്നിൽ കാര്യങ്ങൾ വിശദമായി മനസിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി. അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐ.ടി രംഗത്ത് സ്റ്റാർട്ടപ്പുകളുടെ കണക്കെടുത്താൽ ലോകത്തിലുണ്ടായതിന്റെ എത്രയോ മടങ്ങ് വികാസം കേരളം നേടി, അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ച കാര്യമെന്നും തരൂരിന്റെ ലേഖനത്തെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് ഉത്തരവാദിത്തപ്പെട്ടവർ പരസ്യമായി പറയുന്നു. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന പദവിക്ക് അർഹതയില്ലെന്ന് ഇവർ പറയുന്നു. നിരവധി പരിശോധനകൾക്ക് ശേഷമാണ് കേരളത്തിന് ആ സ്ഥാനം ലഭിച്ചത്. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത് എന്ന് പിണറായി ചോദിച്ചു. എന്തിനാണ് ഇവർ കേരളത്തെ ഇകഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നത്. എൽ.ഡി.എഫിനോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ ലേഖനത്തിനെതിരെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം പറഞ്ഞ കാര്യങ്ങളിൽ പിന്നോട്ടില്ലെന്ന നിലപാടാണ് ശശി തരൂരിന്. മോദിയുടെ യുഎസ് സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്നും രണ്ട് മിനിറ്റ് കൊണ്ട് വ്യവസായം തുടങ്ങാനുള്ള സംവിധാനം കേരളത്തിൽ അത്ഭുതകരമായ മാറ്റമാണെന്നുമായിരുന്നു തരൂരിന്റെ ലേഖനം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ലത് ചെയ്താൽ നല്ലതെന്നും, മോശം കാര്യങ്ങൾ ചെയ്താൽ മോശമെന്നും പറയാൻ മടിക്കാത്ത ആളാണ് താൻ. നമ്മുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി ഇവിടെ നിക്ഷേപം ആവശ്യമാണ്. സംരംഭങ്ങൾ വേണ്ടതാണ്. രാഷ്ട്രീയത്തിന് അതീതമായി ചില കാര്യങ്ങൾ കാണണം. കേരളത്തിലുള്ളവർ രാഷ്ട്രീയം കൂടുതൽ കണ്ടിട്ടുണ്ട്, പക്ഷേ വികസനം കണ്ടത് പോരാ.എല്ലാ കണക്കുകളും നോക്കിയാണ് താൻ പറഞ്ഞത്. പ്രതിപക്ഷ നേതാവിനോട് തന്റെ ആർട്ടിക്കിൾ വായിക്കാൻ പറയണം. മുൻപ് തടസങ്ങൾ മാത്രം കൊണ്ടുവന്നുകൊണ്ടിരുന്ന ഒരു വിഭാഗം ഇപ്പോൾ കാര്യങ്ങൾ ചെയ്യുന്നതിനെ കുറിച്ചാണ് ചൂണ്ടിക്കാട്ടിയത്. അത് കാണാതിരിക്കാൻ കഴിയില്ല. ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കണം. ഭരണപക്ഷം എന്തുചെയ്താലും തെറ്റാണെന്ന് പ്രതിപക്ഷം പറയുന്നതിൽ അർദ്ധമില്ലെന്ന് തരൂർ വ്യക്തമാക്കി.