
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ്വൺ വിദ്യാർത്ഥി സ്കൂളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ആരോപണ വിധേയനായ ക്ളാർക്കിനെ സസ്പെൻഡ് ചെയ്തു. കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാർക്ക് ജെ സനലിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കൊല്ലം മേഖലാ അസിസ്റ്റന്റ് ഡയറക്ടറും പരുത്തിപ്പള്ളി ഗവൺമെന്റ് വിഎച്ച്എസ്എസ് പ്രിൻസിപ്പാളും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാട്ടാക്കട കുറ്റിച്ചൽ തച്ചൻകോട് അനിൽഭവനിൽ ബെന്നി ജോർജിന്റേയും സംഗീത ബെന്നിയുടേയും മകൻ എബ്രഹാം ബെൻസനാണ് (16) മരിച്ചത്. സ്കൂൾ കെട്ടിടത്തിന്റെ പടിക്കെട്ട് ഭാഗത്തെ തുറന്ന ജനാലയിലെ മുകളിലത്തെ കമ്പിയിൽ ഇന്നലെ രാവിലെ ആറോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബെൻസന് ഇന്നലെ പ്രാക്ടിക്കൽ പരീക്ഷയുണ്ടായിരുന്നു. ഇതിൽ ഹാജരാക്കാനുള്ള പ്രോജ്ക്ട് ബുക്കിൽ സീൽ ചെയ്യാൻ കഴിഞ്ഞദിവസം സ്കൂൾ ക്ലാർക്ക് സനൽ തയ്യാറായില്ലെന്നും ബെൻസനെ അസഭ്യം പറഞ്ഞെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഓഫീസ് മുറിയിൽ നിന്ന് ഇറക്കിവിട്ടു. രക്ഷിതാവിനോട് സ്കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശിച്ചിരുന്നുവെന്ന് വിദ്യാർത്ഥികളും പറഞ്ഞു. ഇതുകാരണം പരീക്ഷയ്ക്കിരിക്കാൻ കഴിയില്ലെന്ന് കരുതിയാകും ജീവനൊടുക്കിയതെന്നാണ് നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, എല്ലാ വിദ്യാർത്ഥികളുടേയും പ്രോജക്ട് ബുക്കുകൾ നേരത്തെതന്നെ ഒപ്പിട്ട് നൽകിയിരുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രീത ബാബു പറഞ്ഞു. മറ്റൊരു വിദ്യാർത്ഥിയുടെ പ്രോജക്ട് ബുക്കിൽ ഓഫീസ് സീൽ പതിക്കാനാണ് ബെൻസൻ എത്തിയതെന്നും സ്കൂൾ അധികൃതർ പറയുന്നു. ഓഫീസ് മുറിയിൽ കയറി ബെൻസൻ സീൽ എടുക്കാൻ ശ്രമിച്ചത് തടയുകയും ഇത് ചോദ്യം ചെയ്യുകയും മാത്രമാണ് ഉണ്ടായതെന്ന് ക്ലാർക്ക് സനൽ പറഞ്ഞു.