
കാലിഫോര്‍ണിയ: 97.4 ബില്യണ്‍ ഡോളറിന് ഓപ്പണ്‍ എഐ വാങ്ങാമെന്ന എക്സ്എഐ ഉടമ ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യത്തിന്റെ ഓഫര്‍ തള്ളി ഓപ്പണ്‍ എഐ ബോര്‍ഡ്. ഓപ്പണ്‍ എഐ സ്റ്റാര്‍ട്ടപ്പ് വില്ക്കാന് വച്ചിരിക്കുകയല്ലെന്നും എല്ലാ ഭാവി ലേലം വിളിയും നിരുത്സാഹപ്പെടുത്തുന്നതായും ഓപ്പണ്‍ എഐ ബോര്‍ഡ് വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ചാറ്റ്ജിപിടി എന്ന പ്രമുഖ ചാറ്റ്ബോട്ടിന്റെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐയെ 97.4 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാനാണ് ഇലോണ്‍ മസ്കും സംഘവും ശ്രമിച്ചത്. ഇതിന് ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായി ഓപ്പൺ എഐ സിഇഒ സാം ആള്ട്ട്മാന് പിന്നാലെ രംഗത്തെത്തിയിരുന്നു. മസ്കിന്റെ ഓഫർ എക്സ് പോസ്റ്റിലൂടെ തള്ളിയ ആൾട്ട്മാൻ, വേണമെങ്കിൽ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിനെ (പഴയ ട്വിറ്റര്‍) 9.74 ബില്യൺ ഡോളറിന് ഏറ്റെടുക്കാമെന്നാണ് തിരിച്ചടിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോളം, ഇലോണ്‍ മസ്കിന്റെ ഓഫര്‍ ഓപ്പണ്‍ എഐ ബോര്‍ഡും തള്ളിയിരിക്കുകയാണ്.
ഓപ്പണ്‍ എഐ വില്‍ക്കാനുള്ളതല്ല, എഐ രംഗത്ത് തനിക്കുള്ള മത്സരം ഒഴിവാക്കാനായി ഓപ്പണ്‍ എഐ വാങ്ങാനുള്ള മസ്കിന്റെ ശ്രമം ഏകകണ്ഠമായി ഞങ്ങള്‍ തള്ളുകയാണ്, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും, മനുഷ്യരാശിക്ക് പൂര്‍ണമായും പ്രയോജനം ചെയ്യുന്ന രീതിയിലും മാത്രമായിരിക്കും ഓപ്പണ്‍ എഐയുടെ ഏത് പുനഃസംഘടനയും എന്നും ബോര്‍ഡ് പ്രതിനിധിയായി ഓപ്പണ്‍ എഐ ചെയര്മാന് ബ്രെറ്റ് ടെയ്ലര് എക്സില്‍ കുറിച്ചു.
സ്പേസ് എക്സ്, ടെസ്ല, എക്സ്, എക്സ് എഐ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ സിഇഒയായ ഇലോണ്‍ മസ്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് തന്റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യത്തിന് ഓപ്പണ്‍ എഐ വാങ്ങാന്‍ താല്പര്യമുള്ളതായി വ്യക്തമാക്കിയത്. മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ഓപ്പണ്‍ എഐക്ക് ഉള്‍പ്പടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്ക് സ്ഥാപിച്ചതാണ് എക്സ്എഐ. ഓപ്പണ്‍ എഐയുടെ സഹസ്ഥാപനായിരുന്നുവെങ്കിലും സാം ആള്‍ട്ട്മാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മസ്ക് 2018ല്‍ ഓപ്പണ്‍ എഐ വിട്ടിരുന്നു. ഇതിന് ശേഷം ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ലോകമെങ്ങും വലിയ പ്രചാരം നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]