
ന്യൂഡൽഹി: ഏകദേശം 52,000 കോടിയുടെ അമൂല്യ നിധിയാണ് ഇന്ത്യയിൽ അധികം വിനിയോഗിക്കപ്പെടാതെ കിടക്കുന്നത്. രാജ്യത്തിന്റെ വലിയ സാമ്പത്തിക സ്രോതസുകളിൽ ഒന്നായി കണക്കാക്കാവുന്നതാണ് ഇ- മാലിന്യം. റെഡ്സീർ സ്ട്രാറ്റജി കൺസൾട്ടന്റ്സിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഇ-മാലിന്യത്തിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കുന്നതിലൂടെ ആറ് ബില്യൺ ഡോളർ വരെ (52,096 കോടി രൂപ) ലാഭം നേടാമെന്നാണ് വ്യക്തമാക്കുന്നത്.
ലോകത്തിലെ മൂന്നാമത്തെ ഇ-മാലിന്യ ഉത്പാദക രാജ്യമായി ഇന്ത്യ മാറിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. യുഎസും ചൈനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ഇ-മാലിന്യം രണ്ടിരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. 2014ൽ രണ്ട് മില്യൺ മെട്രിക് ടൺ ആയിരുന്നത് 2024ൽ 3.8 മില്യൺ മെട്രിക് ടൺ ആയി ഉയർന്നു. നഗരവത്കരണമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഗാർഹിക മാലിന്യം, ബിസിനസ് രംഗത്ത് നിന്നുള്ള മാലിന്യം എന്നിവയുൾപ്പെടുന്ന ഉപഭോക്തൃ മേഖലയിൽ നിന്നാണ് ഇ-മാലിന്യത്തിന്റെ 70 ശതമാനവും പുറന്തള്ളപ്പെടുന്നത്.
ഇ മാലിന്യം ഉത്പാദനത്തിലും ട്രെൻഡുകൾ മാറിമറിയുകയാണ്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപകൽപന ചെറുതും കനം കുറഞ്ഞതും ആകുന്നുണ്ടെങ്കിലും പുറന്തള്ളപ്പെടുന്ന ഗാഡ്ജറ്റുകളുടെ അളവ് വർദ്ധിക്കുന്നതാണ് വെല്ലുവിളിയാവുന്നത്. നിലവിൽ, ഇന്ത്യയിലെ ഉപഭോക്തൃ ഇ-മാലിന്യത്തിന്റെ 16 ശതമാനം മാത്രമാണ് പുനരുപയോഗ മാർഗങ്ങളിലൂടെ സംസ്കരിക്കപ്പെടുന്നത്. പുനരുപയോഗ മേഖല 2035 ആകുമ്പോഴേക്കും 17 ശതമാനം വളരുമെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഇന്ത്യയിലെ മൊത്തം ഇ-മാലിന്യത്തിന്റെ 40 ശതമാനം മാത്രമായിരിക്കും ഇത് കൈകാര്യം ചെയ്യുക. 10 മുതൽ 15 ശതമാനം വരെ ഇ-മാലിന്യം വീടുകളിൽ തന്നെ സൂക്ഷിക്കപ്പെടുന്നതും എട്ട് മുതൽ 10 ശതമാനംവരെ മാലിന്യക്കൂമ്പാരങ്ങളിൽ വലിച്ചെറിയപ്പെടുന്നതും പുനരുപയോഗ പ്രക്രിയയെ ബാധിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇ-മാലിന്യ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇപിആർ) ചട്ടക്കൂട് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കുറഞ്ഞ ഇപിആർ ഫീസുകളും പരിമിതമായ പുനരുപയോഗ ശേഷിയും ഇതിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ തന്നെ ഇ- മാലിന്യത്തിൽ നിന്ന് ലോഹം വീണ്ടെടുക്കുന്നതിന്റെ നിരക്കുകൾ മെച്ചപ്പെടുത്തുന്നതിനും വരുമാനം പരമാവധിയാക്കുന്നതിനും പുനരുപയോഗ ശൃംഖല ശക്തിപ്പെടുത്തേണ്ടത് നിർണായകമാണ്. ഇതിലൂടെ ഇന്ത്യയുടെ ലോഹ ഇറക്കുമതി 1.7 ബില്യൺ യുഎസ് ഡോളർ വരെ കുറയ്ക്കാനും ഉയർന്ന മൂല്യമുള്ള പുനരുപയോഗ ലോഹങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കാനും സാധിക്കും.