
കോയമ്പത്തൂർ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് 140 ജീവനക്കാർക്ക് 14.5 കോടി രൂപ ബോണസായി നൽകി. സോഫ്റ്റ്വെയർ സ്റ്റാർട്ടപ്പായ കോവൈ ഡോട്ട് കോം ആണ് പെർഫോമൻസിനെക്കാൾ ജീവനക്കാരുടെ വിശ്വസ്തതയെ അടിസ്ഥാനമാക്കി ബോണസ് വാഗ്ദാനം ചെയ്തത്. ദീർഘകാലമായി കമ്പനിയിൽ തുടരുന്ന ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ട് നൽകിയ ബോണസ് “ടുഗെദർ വി ഗ്രോ” എന്ന കമ്പനി ആശയത്തിന്റെ ഭാഗമായിരുന്നു.
2022 -നോ അതിന് മുമ്പോ കമ്പനിയിൽ ജോലിക്കാരായി കയറിയ ജീവനക്കാർക്കാണ് കമ്പനി ബോണസ് വാഗ്ദാനം ചെയ്തത്. തുടർച്ചയായി മൂന്ന് വർഷക്കാലമോ അതിൽ അധികമോ ആയി ഇവർ കമ്പനിയോട് പുലർത്തുന്ന വിശ്വസ്തയ്ക്കാണ് ഇത്തരത്തിൽ ബോണസ് നൽകിയത് എന്നാണ് സോഫ്റ്റ്വെയർ സൊല്യൂഷൻസ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ശരവണ കുമാർ പറയുന്നത്. ജീവനക്കാരോടുള്ള നന്ദിയുടെയും അഭിമാനത്തിന്റെയും നേട്ടത്തിന്റെയും സൂചകമാണ് ഇതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനി നൽകിയ തുക ജീവനക്കാർക്ക് അവരുടെ ദീർഘകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരമായി മാറുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ എല്ലാവരുടെയും അധ്വാനത്തെ മാനിച്ച് കൊണ്ട് ബോണസ് നൽകുന്നതിൽ പെർഫോമൻസോ, ടാർഗറ്റുകൾ പൂർത്തിയാക്കുന്നതോ മാത്രം മാനദണ്ഡമാക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു സ്ഥാപനത്തിന്റെ വിജയം അവിടുത്തെ ജീവനക്കാർ ആ സ്ഥാപനത്തോട് പുലർത്തുന്ന വിശ്വസ്തതയെ അടിസ്ഥാനമാക്കിയാണെന്നും സ്ഥാപനം നേട്ടം കൊയ്യുമ്പോൾ ആ നേട്ടത്തിന്റെ ഒരു വിഹിതം അതിനായി അധ്വാനിച്ച എല്ലാവർക്കും ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കോയമ്പത്തൂർ സ്വദേശിയായ ശരവണകുമാർ 25 വർഷം മുമ്പാണ് ലണ്ടനിലേക്ക് താമസം മാറിയത്. ഐടി വ്യവസായത്തിൽ ഒരു ദശാബ്ദത്തിന് ശേഷം, വിപണിയിൽ ഒരു വിടവ് കണ്ട അദ്ദേഹം സ്വന്തം നാട്ടിൽ കോവൈ ഡോട്ട് കോം ആരംഭിക്കാൻ തീരുമാനിച്ചു. ഇന്ന്, എണ്ണക്കമ്പനിയായ ഷെൽ, ബോയിംഗ് എയർക്രാഫ്റ്റ് , ബിബിസി എന്നിവയുൾപ്പെടെ നിരവധി ക്ലയന്റുകൾ അവരുടെ സേവനം നേടുന്നുണ്ട്. ഏകദേശം 100 മില്യൺ ഡോളർ മൂല്യമുള്ള കോവൈ ഡോട്ട് കോം പ്രതിവർഷം 15 മില്യൺ ഡോളർ വിൽപ്പന നടത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]