
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വാർത്താസമ്മേളനം ഇന്ത്യൻ വ്യാപാരികളെ ആശങ്കയിലാക്കുന്ന തരത്തിലുളളതായിരുന്നു.എല്ലാ യുഎസ് വ്യാപാര പങ്കാളികൾക്കും പരസ്പരം തീരുവ ചുമത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എത്ര നികുതിയാണോ ഇന്ത്യ യുഎസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്നത് അതേ നികുതി തന്നെ തിരിച്ചും ചുമത്തുമെന്നായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്.
ഓവൽ ഓഫീസിലെ വാർത്താ സമ്മേളനത്തിനിടയിൽ വ്യാപാരികളുടെ ചില സംശയങ്ങൾക്കും ട്രംപ് വിശദീകരണം നൽകുകയുണ്ടായി. പരസ്പരം തീരുവ ചുമത്തുന്നതിന്റെ ഫലമായി ചിലപ്പോൾ സാധനങ്ങളുടെ വില ഉയരാമെന്നും ഭാവിയിൽ വിലയിൽ കുറവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് വ്യാപാര പങ്കാളികൾക്ക് അമേരിക്കയിൽ ഉൽപ്പന്നങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് ഫാക്ടറികളും പ്ലാന്റുകളും അവയ്ക്കാവശ്യമായ എന്തുവേണമെങ്കിലും സ്ഥാപിക്കാവുന്നതാണ്. അക്കൂട്ടത്തിൽ മെഡിക്കൽ സാധനങ്ങളും കാറുകളും ചിപ്പുകളും സെമികണ്ടക്ടറുകളും തുടങ്ങി എല്ലാം ഉൾപ്പെടുന്നു. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് യാതൊരു തരത്തിലുമുളള തീരുവ നൽകേണ്ട ആവശ്യം വരില്ല. ഇതോടെ അമേരിക്കയിൽ ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മോദിയുമായുളള കൂടിക്കാഴ്ചയ്ക്കിടയിൽ ഇന്ത്യയിലെ വ്യവസായത്തെക്കുറിച്ചും ട്രംപ് ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ അധിക നികുതി കാരണം വ്യാപാരം നടത്താൻ ബുദ്ധിമുട്ടുകളുണ്ട്. വീണ്ടും ഇന്ത്യ, യുഎസ് ഉൽപ്പന്നങ്ങളിൽ അമിത നികുതി ചുമത്തുകയാണെങ്കിൽ തിരിച്ചും അത്തരത്തിലുളള നടപടി സ്വീകരിക്കും. ഇത് ലളിതമായ ഒരു രീതിയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
എന്താണ് പരസ്പരമുളള തീരുവ?
മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുമ്പോൾ ഈടാക്കുന്ന നികുതിയാണ് തീരുവ. വിദേശരാജ്യങ്ങൾ അമേരിക്കൻ സാധനങ്ങൾക്ക് ഈടാക്കുന്ന അതേ തീരുവ ആഗോള രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് സാധനങ്ങൾ എത്തുമ്പോൾ നികുതിയായി ഈടാക്കാൻ അമേരിക്കൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു പരസ്പരമുളള തീരുവ. മറ്റ് രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന അതേ നികുതി യുഎസിലേക്ക് ആഗോളരാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കും ഈടാക്കുന്നത് സാധനങ്ങളുടെ വിലവർദ്ധനവിന് കാരണമാകുമെന്നാണ് വിദഗ്ദർ നിരീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഓരോ ഉൽപ്പന്നങ്ങളുടെയും അടിസ്ഥാനത്തിൽ യുഎസ് തീരുവയിൽ രണ്ട് ശതമാനം വർദ്ധനവ് വരുത്തുമെന്നാണ് നിരീക്ഷകനായ ഗോൾഡ്മാൻ സാച്ച്സ് പുറത്തിറക്കിയ കുറിപ്പിൽ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ഉൽപ്പന്നങ്ങളുടെ തീരുവ വർദ്ധിപ്പിക്കുന്നതിൽ സങ്കീർണതകൾ നേരിടേണ്ടി വരുമെന്നും കുറിപ്പിൽ പറയുന്നു.
എന്തുകൊണ്ട് ട്രംപ് അനുകൂലിക്കുന്നു?
യൂറോപ്യൻ യൂണിയിലുളള പല രാജ്യങ്ങൾക്കും യുഎസുമായി ഭീമമായ തുകയുടെ കടമുണ്ടെന്നാണ് വൈറ്റ് ഹൗസിലെ ട്രേഡ് ആൻഡ് മാനിഫാക്ച്ചറിംഗ് മുതിർന്ന കൗൺസിലറായ പീറ്റർ നവാരോ വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരമുളള തീരുവ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു. ഇവയെല്ലാം അദ്ദേഹത്തിന്റെ വ്യാപാര യുദ്ധത്തിന്റെ അടിസ്ഥാനത്തിലുളളതാണ്.
യുഎസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന നികുതിയേക്കാൾ മറ്റ് രാജ്യങ്ങൾ ഉൽപ്പന്നങ്ങൾ നികുതി ഈടാക്കുന്നുണ്ടെന്ന് ട്രംപ് മുൻപും വ്യക്തമാക്കിയിരുന്നു. പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ അമേരിക്കയുടെ വ്യാപാരം സുഗമമായി നടക്കുമെന്നും വരുമാനം വർദ്ധിക്കുമെന്നാണ് കണക്കുക്കൂട്ടലുകൾ. ബുധനാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയുണ്ടായി. പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ അമേരിക്കൻ തൊഴിലാളികൾക്ക് കൂടുതൽ അവസരം ലഭിക്കുകയും രാജ്യത്തിന്റെ സുരക്ഷ മെച്ചപ്പെടുകയും ചെയ്യും. കൂടാതെ യൂറോപ്യൻ രാജ്യങ്ങളിൽ അമേരിക്കയുടെ പുതിയ നീക്കം കൂടുതൽ ചർച്ച ചെയ്യപ്പെടുമെന്ന ലക്ഷ്യം കൂടിയുണ്ട്.
എന്തുകൊണ്ടാണ് മറ്റ് രാജ്യങ്ങൾ തീരുവ ഏർപ്പെടുത്തിയത്?
19-ാം നൂറ്റാണ്ട് മുതലുളള വ്യാപാര കാര്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ പല രാജ്യങ്ങളുടെയും വരുമാനത്തിന്റെ പ്രധാന ഉറവിടം ഉൽപ്പന്നങ്ങളിൽ ഏർപ്പെടുത്തുന്ന തീരുവ തന്നെയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ യുഎസിന് 77ബില്യൺ ഡോളർ മാത്രമാണ് നികുതി ഈടാക്കിയതിൽ നിന്ന് വരുമാനം ലഭിച്ചിട്ടുളളൂ. ഇത് ആകെ വരുമാനത്തിന്റെ 1.57 ശതമാനം മാത്രമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലവിൽ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന 70 ശതമാനം ഉൽപ്പന്നങ്ങൾക്കും നികുതി ഈടാക്കുന്നില്ല. ട്രംപിന്റെ പ്രഖ്യാപനത്തോടെ ഈ രീതി മാറാൻ പോകുയാണ്. ഇക്കാര്യത്തിൽ ട്രംപ് ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ നടത്തിയ ചർച്ചയിൽ അമേരിക്കയ്ക്ക് ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചിരുന്നില്ല.
പുതിയ നീക്കം ഏതെല്ലാം രാജ്യങ്ങളെ ബാധിക്കും?
പരസ്പരമുളള തീരുവ ഏതെല്ലാം രാജ്യങ്ങളെയാണ് ബാധിക്കാൻ പോകുന്നതെന്ന് ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പുതിയ തീരുമാനം ഉടൻ തന്നെ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ബ്ലൂബെർഗ് റിപ്പോർട്ട് ചെയതതനുസരിച്ച് ട്രംപിന്റെ നീക്കം ഇന്ത്യയെയും തായ്ലൻഡിനെയും ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ കണക്കുക്കൂട്ടുന്നത്.
അതേസമയം, മെക്സിക്കോ,കാനഡ,കൊറിയ പോലുളള രാജ്യങ്ങളെ ട്രംപിന്റെ പുതിയ നീക്കം അധികം ബാധിക്കില്ല. അതായത് പുതിയ നിയമം വരുന്നതോടെ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഈടാക്കുന്ന നികുതിയേക്കാൾ പത്ത് ശതമാനം കൂടുതലാണ് യുഎസ്, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന നികുതി. ഇത് അമേരിക്കയ്ക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കണക്കുക്കൂട്ടൽ.