
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന് ആരോഗ്യത്തിന് ഒരു കുറവുമുണ്ടായിരുന്നില്ലെന്ന് ഭാര്യ. കൃത്യമായി ഭക്ഷണവും മരുന്നുമെല്ലാം കഴിച്ചിരുന്നെന്ന് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു കൊതുക് കടിക്കാൻ പോലും തങ്ങൾ അനുവദിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
‘ആരോഗ്യത്തിന് ഒരു കുറവുമില്ല. കാരണം കൃത്യമായി ഭക്ഷണവും ആഹാരവുമെല്ലാം കഴിക്കും. ശരീരപുഷ്ടിയിൽ ഒരു കുറവുമില്ല. എന്നുവച്ചാൽ പ്രായം അനുസരിച്ചുള്ള കാഴ്ചക്കുറവ്, ഇങ്ങനെ വെപ്രാളപ്പെട്ട് നടക്കാനാകില്ലെന്നേയുള്ളൂ.
നല്ല സ്മൂത്തായിട്ടാണ് ആഹാരം കഴിച്ചത്. കാലിന് മാത്രം മുറിവുണ്ടായിരുന്നു. ശിവനെ, കൈലാസ നാഥാ കൊതുക് കടിക്കാൻ ഞങ്ങൾ അനുവദിച്ചിട്ടില്ല. അത്ര നല്ല രീതിയിലാണ് നോക്കിയത്. ദിവസവും കുളിക്കുന്നയാളാണ്. നെറ്റിയിലേത് മുറിവല്ല, പണ്ട് എവിടെയോ തട്ടിയുണ്ടായ തഴമ്പാണ്. മുറിവല്ല, ഒരിക്കലുമല്ല. ഭഗവാന്റെ മുന്നിൽ ഞങ്ങൾക്ക് കള്ളം പറയാനാകില്ല. നിങ്ങൾക്കും എനിക്കുമെല്ലാം ഉയിർ തരുന്നത് ഭഗവാനാണ്. മഹാദേവന്റെ നടയിൽ സത്യമേ പറയാനാകൂ.
ചുമട്ടുതൊഴിലാളിയാണ്. കൂലിപ്പണിക്കാരനാണ്. മരം മുറിക്കുന്നയാളാണ്. മരത്തടിയെടുത്ത് ചുമന്ന് പണിത ക്ഷേത്രമാണ്. നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസിലാകില്ല. ഹിന്ദു ധർമം, സനാതന ധർമം. ത്യാഗം സഹിച്ചതാണ്. അങ്ങനെ ഒരു മുറിവും ശരീരത്തിൽ ഇല്ല. ഇല്ലാത്തതെന്തിനാണ് പറയുന്നത്. കൈലാസനാഥൻ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഇല്ലാത്ത കാര്യം പറഞ്ഞ് ഭഗവാന്റെ മുന്നിൽ വിജയിക്കാനാർക്കും സാധിക്കില്ല.’- ഗോപന്റെ ഭാര്യ പറഞ്ഞു.
നേരത്തെ ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഗോപന്റെ മുഖത്തും തലയിലും മൂക്കിലും ചതവ് ഉണ്ടായിരുന്നെന്നും എന്നാൽ ആഴത്തിലുള്ള മുറിവുകളില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഈ ചതവുകൾ മരണകാരണമായിട്ടില്ലെന്നാണ് കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]