
കൊച്ചി: ഏകപക്ഷീയമായി പ്രഖ്യാപിച്ച സിനിമാസമരം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ചെയർമാനും നിർമാതാവുമായ ലിബർട്ടി ബഷീർ. നിർമാതാവ് ജി സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും നിർമാതാക്കളുടെ സംഘടനയിൽ ജനറൽ ബോഡി വിളിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. സുരേഷ് കുമാറും നിർമാതാവായ ആന്റണി പെരുമ്പാവൂരും തമ്മിലുളള അഭിപ്രായഭിന്നതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലിബർട്ടി ബഷീർ.
‘ ജി സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങൾ ശരിയെങ്കിലും ജനറൽ ബോഡി വിളിക്കാതെ അങ്ങനെയൊരു തീരുമാനം എടുക്കരുതായിരുന്നു. സുരേഷ്കുമാർ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. പക്ഷെ അതിൽ ചെറിയ പാകപിഴകൾ വന്നിട്ടുണ്ട്. ആന്റണി പെരുമ്പാവൂർ മലയാളത്തിലെ ഒന്നാം നമ്പർ നിർമാതാവാണ്. അദ്ദേഹത്തിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ കഴിയില്ല. കാരണം മോഹൻലാൽ എന്ന വ്യക്തി അദ്ദേഹത്തിന്റെ കൈയിലുണ്ട്.
തീയേറ്ററുകൾക്ക് എപ്പോഴും ചിത്രങ്ങൾ കൊടുക്കുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. ജനറൽ ബോഡി വിളിക്കാതെ തീരുമാനം എടുത്തുവെന്നതാണ് സുരേഷ്കുമാറിന് പറ്റിയ തെറ്റ്. പ്രതിഫലം കുറയ്ക്കാൻ താരങ്ങളോട് പറയാൻ സാധിക്കില്ല. മമ്മൂട്ടി,മോഹൻലാൽ,ദിലീപ് മുൻനിര നടൻമാർ നിർമിക്കുന്ന ചിത്രങ്ങളും പരാജയപ്പെടുന്നുണ്ടല്ലോ? നന്നായി സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളെ സിനിമയിൽ ഉളളൂ’- അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കും സിനിമാ മേഖലയിലെ സമര പ്രഖ്യാപനത്തിനും എതിരെ ദിവസങ്ങൾക്ക് മുൻപ് ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നതോടെയാണ് പോര് കടുത്തത്. അദ്ദേഹത്തിന് പിന്തുണയുമായി നടന്മാരായ പൃഥ്വിരാജ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ എന്നിവരും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിന് പിന്തുണച്ച് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റും ചർച്ചയായിരുന്നു. ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’ എന്നായിരുന്നു ആന്റണിയുടെ പോസ്റ്റ് പങ്കുവച്ച് മോഹൻലാൽ കുറിച്ചത്.