
രാജ്കോട്ട്: ടീം മാനേജ്മെന്റിന്റെ താല്പര്യത്തിന് വഴങ്ങി ഇന്ത്യന്‍ പിച്ചുകള്‍ അമിത ടേണ്‍ ഒരുക്കുന്നതില്‍ ഏറെക്കാലമായി വിമർശനം ശക്തമാണ്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡ് അടുത്തിടെ രംഗത്തെത്തിയിരുന്നു. ‘ക്യുറേറ്റര്‍മാരാണ് പിച്ച് നിര്‍മിക്കുന്നത്. വന്‍ ടേണുകള്‍ ലഭിക്കുന്ന പിച്ചുകള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടാറില്ല’ എന്നുമായിരുന്നു ദ്രാവിഡിന്റെ വാക്കുകള്‍. എന്നാല്‍ പിച്ച് നിർമാണത്തെ കുറിച്ചുള്ള ടീം രഹസ്യം പരസ്യപ്പെടുത്തി പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നർ കുല്‍ദീപ് യാദവ്.
‘ഞാനല്ല, പിച്ച് തീരുമാനിക്കുന്നത് ടീം മാനേജ്മെന്റാണ്. ബാറ്റിംഗും വളരെ പ്രധാനപ്പെട്ടതാണ്’ എന്നുമാണ് എന്തുകൊണ്ടാണ് അമിത ടേണുള്ള പിച്ചുകള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ കാണാത്തത് എന്ന ചോദ്യത്തിന് ഇന്ത്യന്‍ സ്പിന്നർ കുല്‍ദീപ് യാദവിന്റെ മറുപടി. പിച്ച് നിർമിക്കുന്നതില്‍ ടീം മാനേജ്മെന്റ് ഇടപെടാറില്ല എന്ന് പരിശീലകന് രാഹുല്‍ ദ്രാവിഡ് വാദിക്കുമ്പോഴാണ് കുല്‍ദീപ് ഇക്കാര്യം തുറന്നുപറഞ്ഞത്. ‘ക്യുറേറ്റര്‍മാരാണ് പിച്ച് നിര്‍മിക്കുന്നത്. വന്‍ ടേണുകള്‍ ലഭിക്കുന്ന പിച്ചുകള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടാറില്ല. തീര്‍ച്ചയായും ഇന്ത്യയിലെ പിച്ചുകള്‍ സ്പിന്നിനെ അനുകൂലിക്കുന്നതാണ്. പിച്ച് എത്രത്തോളം സ്പിന്നിന് അനുകൂലമാണ്, അനുകൂലമല്ല എന്ന് പറയാന്‍ ഞാന്‍ വിദഗ്ദനല്ല. ഇന്ത്യയിലെ പിച്ചുകള്‍ സ്വാഭാവികമായും നാല്, അഞ്ച് ദിവസങ്ങളില്‍ ടേണ്‍ ചെയ്യും’ എന്നുമായിരുന്നു ഫെബ്രുവരി ആദ്യ വാരം രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍.
അതേസമയം ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ് നടക്കുന്ന രാജ്കോട്ടിലെ പിച്ച് ഇന്ത്യക്ക് വലിയ ആശങ്ക സമ്മാനിക്കുന്നതാണ്. 2016ല്‍ അലിസ്റ്റർ കുക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീം കളിച്ചതിന് ഏതാണ് സമാനമായ പിച്ചാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. അന്ന് മത്സരം സമനിലയിലായപ്പോള്‍ മികച്ച സ്കോറുകള്‍ രണ്ട് ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് നേടാനായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 537 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റിന് 260 റണ്‍സ് എന്ന നിലയില്‍ ഡിക്ലെയർ ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ 488 റണ്‍സെടുത്ത ഇന്ത്യ അവസാന ദിനം രവിചന്ദ്രന്‍ അശ്വിന് (32), വിരാട് കോലി (49*),രവീന്ദ്ര ജഡേജ (32*) എന്നിവരുടെ കരുത്തില്‍ 172/6 എന്ന സ്കോറുമായി സമനില പൊരുതി നേടുകയായിരുന്നു. അന്ന് ഇംഗ്ലണ്ടിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്സും ജോ റൂട്ടും ഇന്നും സന്ദർശകരുടെ നിരയിലുണ്ട് എന്നത് ഭീഷണിയാണ്.
Last Updated Feb 15, 2024, 8:05 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]