
ആലപ്പുഴ: കുടിശിക ഒരു കോടി രൂപ കഴിഞ്ഞതോടെ ആലപ്പുഴയിലെ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് പമ്പ് ഉടമകള്‍ നിര്‍ത്തി. ആലപ്പുഴ നഗരത്തിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. നവംബര്‍ മുതല്‍ ഒരു രൂപ പോലും പമ്പുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. രണ്ടു ദിവസം മുമ്പ് രാത്രിയിൽ ആലപ്പുഴ എടത്വയില്‍ പൊലീസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ആലപ്പുഴ സൗത്ത് സി ഐ ഓഫീസിലെ ജീപ്പ് ഇന്ധനം നിറക്കാൻ എടത്വയിലെത്തി തിരികെ വരുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് മരിച്ചു. ആലപ്പുഴ ടൗണിലെ പൊലീസ് ജീപ്പ് ഇന്ധനം നിറക്കാൻ 26 കിലോമീറ്റര്‍ അകലെയുള്ള എടത്വയിലേക്ക് പോകേണ്ട അത്രയും പ്രതിസന്ധിയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഇന്ധനത്തിനായി ഇങ്ങനെ പലയിടത്തേക്ക് ഓടേണ്ട അവസ്ഥ പൊലീസുകാരെ ബുദ്ധിമുട്ടിലാക്കുകയാണ്. നഗരത്തിലെ മിക്ക പമ്പുടമകളും പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആലപ്പുഴയിൽ മാത്രം ഒരു കോടിയിലധികം രൂപയാണ് പമ്പുടമകള്‍ക്ക് നല്‍കാനുള്ളത്. കഴിഞ്ഞ നവംബര്‍ മുതല്‍ ഒരു പൈസ പോലും പമ്പുടമകള്‍ക്ക് നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം പമ്പുടമകള്‍ക്കുള്ള തുക കുടിശികയായി. നേരത്തെ ഒരു മാസത്തിനുളളില്‍ തന്നെ പണം നല്‍കുമായിരുന്നു. ഇതാദ്യമായാണ് മൂന്ന് മാസത്തിനപ്പുറത്തേക്ക് കുടിശിക നീളുന്നത്.
ആലപ്പുഴ നഗരത്തില്‍ കളക്ടറേറ്റിലേത് ഉള്‍പ്പെടെ മറ്റു സര്‍ക്കാര്‍ വകുപ്പുകളും ലക്ഷക്കണക്കിന് രൂപ പമ്പുടമകള്‍ക്ക് നല്‍കാനുണ്ട്. ഇതിന്റെ കൂടെ പൊലീസിന്റെ കൂടി ഭീമമായ തുക താങ്ങാനാവില്ലെന്നാണ് പമ്പുടമകളുടെ നിലപാട്. ഇതോടെയാണ് അധികം ബാധ്യതയില്ലാത്ത നഗരത്തില്‍ നിന്ന് ദുരെയുള്ള പമ്പുടകളില്‍നിന്ന് ഇന്ധനം നിറക്കാൻ വിവിധ സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇത്തരത്തില്‍ എടത്വയില്‍നിന്ന് ഇന്ധനം നിറച്ച് വരുമ്പോഴാണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ ജീപ്പ്അപകടത്തില്‍പെട്ടത്. ഓരോ മാസവും 35 ലക്ഷം രൂപയുടെ ഇന്ധനമാണ് ജില്ലയിൽ പൊലീസ് വാഹനങ്ങള്‍ക്ക് വേണ്ടത്.
Last Updated Feb 15, 2024, 9:53 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]