
കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ വയറ്റില്‍ നിന്ന് സര്‍ജറിയിലൂടെ പുറത്തെടുത്തത് രണ്ട് കിലോ ഭാരമുള്ള മുടിക്കെട്ട്. വിളര്‍ച്ചയും വിശപ്പില്ലായ്മയും കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നാണ് ഭീമന് മുടിക്കെട്ട് ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
അസുഖവുമായി പെണ്‍കുട്ടിയും ബന്ധുക്കളും സര്‍ജറി വിഭാഗത്തിലെ ഡോ. വൈ ഷാജഹാനെ സമീപിക്കുകയായിരുന്നു. പരിശോധനക്ക് ശേഷം സ്കാനിംഗ് എടുക്കാനായി ഡോക്ടര്‍ നിര്‍ദേശിച്ചു. ഡോക്ടറെയും ബന്ധുക്കളെയും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് സ്കാനിംഗില്‍ ഉണ്ടായിരുന്നത്. ഏകദേശം 30 സെന്റിമീറ്റര്‍ നീളത്തിലും 15 സെന്റിമീറ്റര്‍ വീതിയിലും ഭീമന് മുടിക്കെട്ട് വയറ്റില്‍ കണ്ടെത്തുകയായിരുന്നു.
ട്രൈക്കോ ബിസയര്‍ എന്ന രോഗാവസ്ഥയാണെന്ന് സംശയം തോന്നിയിരുന്നുവെങ്കിലും ഇത്രത്തോളം തീവ്രതയുണ്ടാവുമെന്ന് ഡോക്ടര്‍ പോലും കരുതിയിരുന്നില്ല. ആഹാര അംശങ്ങളുമായി ചേര്‍ന്ന് മുടിക്കെട്ട് ആമാശയ രൂപത്തിന് സമാനമായ രീതിയില്‍ ട്യൂമറായി മാറിയിരുന്നു. ഇതുമൂലമാണ് രോഗിക്ക് വിളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
ഈ രോഗാവസ്ഥ സംബന്ധിച്ച് പെണ്കുട്ടിക്കോ മാതാപിതാക്കള്‍ക്കോ യാതൊരുവിധ അറിവുമുണ്ടായിരുന്നില്ല. കുട്ടിയുടെ തലയില്‍ അവിടവിടെയായി മുടി കൊഴിഞ്ഞതുപോലെ കാണപ്പെട്ടിരുന്നു. ഇതാണ് ഡോക്ടര്‍മാരിലും സംശയമുണര്‍ത്തിയത്. മണിക്കൂറുകള്‍ നീണ്ട സര്‍ജറിയിലൂടെയാണ് ഈ മുടിക്കെട്ട് നീക്കം ചെയ്തത്. ഡോക്ടര്‍മാരായ അഞ്ജലി, വൈശാഖ്, ജെറി, ജിതിന്, അബ്ദുല്‍ ലത്തീഫ് എന്നിവരും സര്‍ജറിയില്‍ പങ്കാളികളായി.
Last Updated Feb 14, 2024, 6:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]