
കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ നിന്ന് പിടികൂടിയ കടുവ ചാകാൻ കാരണം ശ്വാസകോശത്തിലെ അണുബാധയെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. വേലിയിൽ കുടുങ്ങിയപ്പോഴുള്ള സമ്മർദ്ദവും മരണകാരണമായി. ഇന്നലെ രാത്രിയാണ് കടുവ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ വച്ച് ചത്തത്. കടുവയുടെ ജഡം പ്രോട്ടോകോൾ പ്രകാരം കത്തിക്കും. കണ്ണൂർ കൊട്ടിയൂരിലെ പന്നിയാംമലയിൽ നിന്നാണ് കടുവയെ പിടികൂടിയത്. കടുവ മണിക്കൂറികൾക്കുള്ളിൽ ചത്തത് മയക്കുവെടി കാരണമല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കമ്പിവേലിയിൽ കുടുങ്ങിയപ്പോഴുള്ള സമ്മർദ്ദവും ശ്വാസകോശത്തിലും വയറിലുമുള്ള അണുബാധയുമാണ് മരണ കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പരാക്രമത്തിനിടെ കടുവയുടെ പേശികൾക്കും പലയിടത്തും പരിക്കേറ്റിരുന്നു. വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എൻ റ്റി സി എ പ്രോട്ടോകോൾ പ്രകാരം മൂന്ന് ഡോക്ടർമാരും ഡിഎഫ്ഒയുമടങ്ങുന്ന അഞ്ചംഗ സമിതിയാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയത്.
കടുവയുടെ ആന്തരാവയങ്ങൾ കൂടുതൽ പരിശോധനയ്ക്കയക്കും. സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ വനം മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മയക്കുവെടി വച്ച് പിടിക്കുന്ന മൃഗങ്ങൾ തുടരെ മരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തുന്നത്. രണ്ട് മാസം മുൻപ് കണ്ണൂൂർ പാനൂരിൽ നിന്ന് പിടികൂടിയ പുലിയും മയക്കുവെടിക്ക് പിന്നാലെ ചത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]