
6:23 PM IST:
ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ പാചക തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ഉദുമയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പാചക തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദുമ നാലാംവാതുക്കലിലെ നാരായണന് (62) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
6:23 PM IST:
കേന്ദ്ര മന്ത്രി വാഗ്ദാനവുമായി തൃശൂരിൽ ബിജെപി പ്രവര്‍ത്തകരുടെ ചുവരെഴുത്ത്. തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മണലൂര്‍ നിയമസഭ മണ്ഡലത്തിലെ വിവിധയിടങ്ങളിലാണ് ചുവരെഴുത്ത്. തൃശൂരില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് ഏതാണ്ട് ഉറപ്പായതിന് പിന്നാലെയാണ് ചുവരെഴുത്തുകളുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയത്. തൃശൂരിനൊരു കേന്ദ്ര മന്ത്രി, മോദിയുടെ ഗ്യാരണ്ടി എന്നിങ്ങനെയാണ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ സുരേഷ് ഗോപിയുടെ പേര് ചുവരെഴുത്തുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
6:22 PM IST:
റിസർവ് ബാങ്ക് വിലക്കിന് പിന്നാലെ പേടിഎമ്മിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ഇ ഡി അന്വേഷണം. പേടിഎമ്മിനെതിരെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കില്ലെന്ന് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതിനിടെ പേടിഎം ഓഹരി വില ഇന്നും പത്ത് ശതമാനം കുറഞ്ഞ് സർവകാല ഇടിവിലെത്തി. ആർ ബി ഐ വിലക്ക് നേരിട്ട് രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണവുമായി പേ ടിഎമ്മിലെത്തുന്നത്. കമ്പനി വിദേശനാണ്യ വിനിമയച്ചട്ടം ലംഘനം ആരോപിച്ചാണ് ഇ.ഡി അന്വേഷണം.
10:25 AM IST:
തൃശൂർ കേച്ചേരിയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ചൂണ്ടൽ പാലത്തിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. 15 പേർക്ക് പരിക്കേറ്റു. കുടുങ്ങിക്കിടന്ന ഒരു സ്ത്രീയെ ഫയർഫോഴ്സെത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കുന്നംകുളത്ത് നിന്നും തൃശൂരേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
10:23 AM IST:
കൊല്ലം ചടയമംഗലത്ത് പൊലീസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ബിനുവാണ് മരിച്ചത്.
10:23 AM IST:
ഇടുക്കി വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച 5 വയസുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്.
10:23 AM IST:
വയനാട് പടമലയിൽ ആനയ്ക്ക് പിന്നാലെ കടുവയും. രാവിലെ പള്ളിയിൽ പോയി വന്നവർ കടുവയെ കണ്ടു. സിസിടിവിയിൽ കടുവയുടെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. അജീഷിനെ മോഴ ആക്രമിച്ച അതേ പ്രദേശത്താണ് കടുവ എത്തിയത്.
10:22 AM IST:
മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകന്റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിൽ. ഇന്നത്തെ നടപടികൾ വനംവകുപ്പ് തുടങ്ങി. ആനയുടെ സിഗ്നൽ കിട്ടുന്ന ഭാഗത്താകും ആദ്യ തെരച്ചിൽ.
10:20 AM IST:
തൃപ്പൂണിത്തുറയിൽ വെടിക്കോപ്പ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് തകർന്നവർ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്. സ്ഫോടനത്തിൽ 15 വീടുകൾ പൂർണ്ണമായും 150 ലേറെ വീടുകൾ ഭാഗീകമായും തകർന്നെന്നാണ് കണക്കുകൾ. നിയമവിരുദ്ധമായി വെടിക്കോപ്പുകൾ സൂക്ഷിച്ചവർ കൈമലർത്തിയതോടെയാണ് കോടതിയെ സമീപിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.