തിരുവനന്തപുരം: വനം നിയമ ഭേദഗതി തുടങ്ങിയത് യുഡിഎഫ് സർക്കാരിന്റെ കാലത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദഗതിയെ സംബന്ധിച്ച് ഒട്ടേറെ ആശങ്കകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1961ലെ കേരള വനം നിയമത്തിന്റെ ഇപ്പോൾ പറയുന്ന ഭേദഗതി നിർദേശങ്ങൾ ആരംഭിച്ചത് 2013ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. മനഃപൂർവ്വം വനത്തിൽ കടന്നുകയറുക, വനമേഖലയിലൂടെ സഞ്ചരിക്കുക, വാഹനം നിർത്തുക തുടങ്ങിയവ കുറ്റകരമാക്കുന്നതാണ് ഭേദഗതി. അതിന്റെ തുടർനടപടികളാണ് പിന്നീടുണ്ടായത്. ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ സർക്കാർ മുന്നോട്ടുപോകില്ല.
കർഷകർ, മലയോര മേഖലയിൽ താമസിക്കുന്നവർ എന്നിവരുടെ ന്യായമായ താത്പര്യത്തിനെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ല. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാണ് എന്നതാണ് സർക്കാരിന്റെ നിലപാട്. വനസംരക്ഷണ നിയമത്തിലും ഇതാണ് സർക്കാരിന്റെ നിലപാട്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾ സംരക്ഷിക്കപ്പെടണം. ജനങ്ങളെ ആശങ്കയിലാക്കുന്ന ഒരു ഭേദഗതിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. അതിനാൽ തന്നെ വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാരിന് മാത്രം സാധിക്കുന്നതല്ല.’- മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]