ന്യൂഡൽഹി : ഡമരുവിന്റെയും മറ്റു വാദ്യോപകരണങ്ങളുടെയും പ്രകമ്പനമാണെങ്ങും. നാഗാ സന്യാസിമാർ ഘോഷയാത്രയായി ത്രിവേണി സംഗമത്തിലേക്ക് നീങ്ങുന്നു. ചിലർ വെള്ളക്കുതിരപ്പുറത്ത്. മറ്റു സന്യാസിമാർ കൂട്ടമായി. ആഭരണവിഭൂഷിതരാണവർ. ആയോധന കലകളിൽ പ്രാവീണ്യമുള്ള സന്യാസിമാരുടെ കൈകളിൽ ശൂലവും കുന്തവും വാളും. വടികൾ ഉപയോഗിച്ച് മെയ്വഴക്കം പ്രദർശിപ്പിക്കുന്നു. മകരസംക്രാന്തി ദിനമായ ഇന്നലെ പ്രയാഗ്രാജിലെ മഹാകുംഭമേളയിലാണ് ഈ കാഴ്ചകൾ. കുംഭമേളയിലെ ആദ്യ അമൃത് സ്നാനത്തിൽ (ഷാഹി സ്നാനം) പുണ്യം നേടിയത് മൂന്നരക്കോടി തീർത്ഥാടകർ. തിങ്കളാഴ്ച തുടങ്ങിയ മഹാകുംഭമേളയിൽ രണ്ടുദിവസമായി ഒഴുകിയെത്തിയത് അഞ്ചു കോടിയിലേറെ ഭക്തർ.
പുലർച്ചെ 05.15ന് ആരംഭിച്ച അമൃത് സ്നാനത്തിൽ നാഗാ സന്യാസിമാർ, 13 അഖാഡകളിലെ ആത്മീയാചാര്യന്മാർ, സന്യാസിമാർ, കോടികണക്കിന് ഭക്തർ തുടങ്ങിയവർ സംഗം ഘട്ടിൽ മുങ്ങിനിവർന്നു. രാവിലെ 10 വരെ മാത്രം 1.38 കോടി തീർത്ഥാടകരാണ് അമൃത് സ്നാനത്തിനെത്തിയത്. നാഗാ സന്യാസിനിമാരുമെത്തി. ആത്മാവിനെ വിശുദ്ധീകരിക്കുന്നതും മുൻജന്മങ്ങളിലെ ഉൾപ്പെടെ പാപങ്ങളെ കഴുകിക്കളയുന്നതുമാണ് രാജകീയ സ്നാനമെന്ന് അറിയപ്പെടുന്ന ഷാഹി സ്നാനമെന്നാണ് വിശ്വാസം. ഇത്തവണ പേര് അമൃത് സ്നാനമെന്നാണ്. കുംഭമേളയിലെ രണ്ടാം ദിനമായിരുന്നു ഇന്നലെ. അമൃത് സ്നാനത്തിൽ പങ്കെടുത്ത ഭക്തർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആശംസകൾ അർപ്പിച്ചു.
പുഷ്പവൃഷ്ടിക്ക് 20 ക്വിന്റൽ റോസ
ത്രിവേണി സംഗമത്തിലെത്തിയ ഭക്തർക്കു മേൽ ഇന്നലെ ഹെലിക്കോപ്റ്ററിൽ ആകാശത്തു നിന്ന് റോസാദളങ്ങൾ ചൊരിഞ്ഞു. 20 ക്വിന്റൽ റോസാദളങ്ങളാണ് പുഷ്പവൃഷ്ടിക്ക് ഉപയോഗിച്ചത്. തീർത്ഥാടകർ ‘ഹർ ഹർ മഹാദേവ്’ എന്നാണ് ഇതിനോട് പ്രതികരിച്ചത്. ഉത്തർപ്രദേശ് ഹോർട്ടികൾച്ചർ വകുപ്പിനാണ് പുഷ്പവൃഷ്ടിയുടെ ചുമതല.
ഇനി നാലു പ്രധാന സ്നാനങ്ങൾ
1. ജനുവരി 29 – അമാവാസി ദിനം
2. ഫെബ്രു. 3 – വസന്ത പഞ്ചമി
3. ഫെബ്രു. 12 – മാഘ പൗർണമി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
4. ഫെബ്രു. 26 – മഹാശിവരാത്രി
‘കമല”യ്ക്ക് അലർജി
കുംഭമേളയ്ക്കെത്തിയ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ വിധവ ലൊറേൻ പോവെൽ ജോബ്സ് എന്ന ‘കമല”യ്ക്ക് അലർജി പിടിപ്പെട്ടു. നിരഞ്ജിനി അഖാഡയിലെ സ്വാമി കൈലാഷ് നന്ദ് ഗിരിയുടെ ശിഷ്യയാണ്. കമല എന്നു പേരിട്ടതും അദ്ദേഹമാണ്.