
ഇത് എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ) അഥവാ നിര്‍മ്മിതബുദ്ധിയുടെ കാലമാണ്. ഏത് മേഖലയിലും എഐ കൊണ്ടുവരുന്ന വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് നാം സാക്ഷികളായിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ മേഖലയിലാണെങ്കില്‍ എഐ ഒരുപാട് പ്രതീക്ഷകളാണ് നമുക്ക് നല്‍കുന്നത്.
മനുഷ്യരുടെ പല പരിമിതകളെയും, അല്ലെങ്കില്‍ നിലനില്‍ക്കുന്ന ടെക്നോളജികളുടെ പരിമിതികളെ സൂക്ഷ്മമായി മറികടക്കാനുള്ള കഴിവ് എഐയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കുള്ളത് മെഡിക്കല്‍ മേഖലയില്‍ വമ്പൻ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുമായി ചേര്‍ത്തുവായിക്കാവുന്ന- ഏറെ പോസിറ്റീവായൊരു റിപ്പോര്‍ട്ട് ആണിനി പങ്കുവയ്ക്കുന്നത്.
ഹരിയാനയിലെ ഗുരുഗ്രാമില്‍ അറുപത്തിരണ്ടുകാരനായ രോഗിയുടെ ജീവൻ രക്ഷിക്കാൻ എഐ സാങ്കേതികവിദ്യ സഹായകമായി എന്നതാണ് വാര്‍ത്ത. രക്തക്കുഴലുകളിലോ, ഹൃദയം തലച്ചോര്‍- ശ്വാസകോശം പോലുള്ള അവയവങ്ങളിലോ രക്തം കട്ട പിടിച്ച് കിടക്കുന്ന അവസ്ഥ വളരെയധികം അപകടകരമാണ്. ഈ സാഹചര്യത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് ആവശ്യമായി വരിക.
എന്നാല്‍ ഗുരുഗ്രാമിലെ ആശുപത്രിയില്‍ ശ്വാസകോശത്തിലും കാലിലെ ഞരമ്പിലും രക്തം കട്ട പിടിച്ചുകിടന്ന്, ഗുരുതരാവസ്ഥയിലായ രോഗിയില്‍ നിന്ന് എഐ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തിലൂടെ ‘ബ്ലഡ് ക്ലോട്ടുകള്‍’ (കട്ട പിടിച്ച രക്തം) കൃത്യമായി പുറത്തെടുത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. അധികം രക്തം നഷ്ടപ്പെടാതെ, ശസ്ത്രക്രിയയുടെ മറ്റ് പ്രായോഗികപ്രയാസങ്ങളില്ലാതെ വളരെ വൃത്തിയായി ക്ലോട്ട് മാത്രം പുറത്തെടുക്കാൻ ഉപകരണം സഹായകമായി എന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. ഇത് വിജയകരമായതോടെ വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. നെഞ്ച് തുറന്ന ശസ്ത്രക്രിയ നടത്തേണ്ടതില്ല. , രക്തക്കുഴലുകള്‍ തുറക്കേണ്ടതില്ല- താരതമ്യേന എളുപ്പം, രോഗിക്കും ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്നത് പോലുള്ള പ്രയാസങ്ങളില്ല- ഡോക്ടര്‍മാര്‍ പറയുന്നു.
ലോക്കല്‍ അനസ്തേസ്യ നല്കിയാല് തന്നെ ഈ പ്രൊസീജ്യര്‍ ചെയ്യാവുന്നതേയുള്ളൂ. പഴയ ശസ്ത്രക്രിയകളുടെ രീതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ കാര്യങ്ങള്‍ ഒരുപാട് ലളിതമാകുന്നതായി മനസിലാകും. രക്തം കട്ട പിടിച്ചുകിടക്കുന്ന അവസ്ഥ, രോഗിയെ മരണത്തിലേക്ക് വരെ നയിക്കാറുണ്ട്. നിരവധി കേസുകള്‍ ഇങ്ങനെ വരാം. ഇതിലെല്ലാം പ്രയോജനപ്രദമായ എഐ ചികിത്സാരീതി വിജയകരമായി പ്രയോഗിക്കപ്പെടുമ്പോള്‍ അത് ഒരുപാട് സന്തോഷവും അതിലേറെ പ്രത്യാശയും പകര്‍ന്നുനല്‍കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]