
മിഥുൻ മാനുവൽ തോമസ്, ഈ പേര് ഇന്ന് മലയാള സിനിമയ്ക്ക് ഒരു പ്രതീക്ഷയാണ്. സ്ക്രീനിൽ മിഥുന്റെ പേര് എഴുതിക്കാണിക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് ആശ്വാസമാണ്. മിനിമം ഗ്യാരന്റി ഉള്ളൊരു സിനിമയാകും അത് എന്നതാണ് ആ ആശ്വാസം. സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മിഥുന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ഓസ്ലർ’ ആണ്. ജയറാമിന് മലയാളത്തിലേക്ക് വൻ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രത്തിൽ മമ്മൂട്ടി ഉണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്.
ഓസ്ലറുമായി ബന്ധപ്പെട്ട് ചർച്ചകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെ ദുൽഖർ സൽമാന്റെ ഒരു കാമിയോ റോളും ശ്രദ്ധനേടുകയാണ്. മുൻപ് മിഥുൻ സംവിധാനം ചെയ്ത് സണ്ണിവെയ്ൻ നായകനായി എത്തിയ ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ ഡിക്യു അതിഥി വേഷത്തിൽ എത്തിയിരുന്നു. ഈ വേഷവും ഓസ്ലറിലെ മമ്മൂട്ടിയുടെ വേഷവും തമ്മിൽ കൂട്ടിച്ചേർത്താണ് ചർച്ചകൾ.
മിഥുന്റെ ഫ്രെയിമിൽ അകപ്പെട്ട ദുൽഖർ എയ്ഞ്ചൽ ആയിട്ടാണ് വന്നതെങ്കിൽ മമ്മൂട്ടി ഡെവിൾ ആയിട്ടാണ് വന്നതെന്ന് ആരാധകർ പറയുന്നു. “രണ്ട് കഥാപാത്രങ്ങൾ, രണ്ട് എക്സ്ട്രീംസ്, ഒരേ സ്രഷ്ടാവ്, ബോക്സ് ഓഫീസിലും സമാനമായ ആഘാതം, ഒരാൾ എയ്ഞ്ചൽ, മറ്റൊരാൾ പിശാച്”, എന്നിങ്ങനെയാണ് ദുൽഖറിന്റെയും മമ്മൂട്ടിയുടെയും ഫോട്ടോകൾ പങ്കുവച്ച് ആരാധകർ കുറിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് ജയറാം. ദുൽഖറിന്റെ സുഹൃത്താണ് സണ്ണി വെയ്നും. അതുകൊണ്ട് തന്നെ അച്ഛനും മകനും അടുത്ത സുഹൃത്തുക്കളുടെ സിനിമകളിലാണ് കാമിയോ റോളിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്.
2016ലാണ് ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്നത്. പറഞ്ഞ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് മികച്ച പ്രശംസകൾ ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് മിഥുൻ അഞ്ചാം പാതിര സംവിധാനം ചെയ്യുന്നത്. ഇതോടെ മലയാള സിനിമയിൽ തന്റേതായൊരു ലേബൽ സ്വന്തമാക്കാൻ മിഥുന് സാധിക്കുക ആയിരുന്നു.
Last Updated Jan 14, 2024, 7:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]