

First Published Jan 14, 2024, 10:04 PM IST
ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. യഷസ്വി ജെയ്സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന് 172 റണ്‍സിന്റെ വിജലക്ഷ്യമാണ് മുന്നോട്ട് വച്ചത്. ഇന്ത്യ 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം ടി20 ബുധനാഴ്ച്ച ബംഗളൂരുവില്‍ നടക്കും.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് നിരാശപ്പെടുത്തുന്ന തുടക്കമാണ് ലഭിച്ചത്. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0) ഗോള്‍ഡന്‍ ഡക്കായി. ഫസല്‍ഹഖ് ഫാറൂഖിയുടെ പന്തില്‍ ബൗള്‍ഡ്. തുടര്‍ന്ന് വിരാട് കോലി – ജെയസ്വാള്‍ സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ടി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കോലി നിരാശപ്പെടുത്തിയില്ല. 16 പന്തുകള്‍ നേരിട്ട താരം 29 റണ്‍സിന് പുറത്തായി. നവീന്‍ ഉള് ഹഖിനായിരുന്നു വിക്കറ്റ്.
എന്നാല്‍ ദുബെ-ജെയ്സ്വാള്‍ സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നതോടെ വേഗത്തില്‍ റണ്‍സ് വന്നു. ഇരുവരും അടിയോടടി. 92 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. വിജയത്തില്‍ നിര്‍ണായകമായതും ഈ കൂട്ടുകെട്ട് തന്നെ. 13-ാം ഓവറില്‍ ജെയ്സ്വാള്‍ മടങ്ങി. ആറ് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജെയ്സ്വാളിന്റെ ഇന്നിംഗ്സ്. വിജയത്തിനരികെ താരം വീണു. കരിം ജനാതിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഗുര്‍ബാസിന് ക്യാച്ച്. പിന്നീടെത്തിയ ജിതേഷ് ശര്‍മയ്ക്ക് (0) രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ദുബെ – റിങ്കു സിംഗ് (9) സഖ്യം ഇന്ത്യയെ വിജയക്കിലേക്ക് നയിച്ചു. ദുബെയുടെ ഇന്നിംഗ്സില്‍ നാല് സിക്സും അഞ്ച് ഫോറുമുണ്ടായിരുന്നു.
57 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നെയ്ബാണ് അഫ്ഗാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റഹ്മാനുള്ള ഗുര്‍ബാസിനെ (14) ബിഷ്ണോയ് മടക്കി. ആറ് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ഇബ്രാഹിം സദ്രാനേയും (8) അഫ്ഗാന് നഷ്ടമായി. എന്നാല്‍ ഒരറ്റത്ത് ഗുല്‍ബാദിന്‍ മികച്ച പ്രകടനം നടത്തികൊണ്ടിരുന്നു. 12-ാം ഓവറിലാണ് താരം മടങ്ങുന്നത്. അക്സറിനായിരുന്നു വിക്കറ്റ്. മുഹമ്മദ് നബിക്ക് (14) തിളങ്ങാനായില്ല. എന്നാല്‍ വാലറ്റത്ത് നജീബുള്ള സദ്രാന് (23), കരീം ജനത് (20), മുജീബ് ഉര് റഹ്മാന് () സ്കോര്‍ 170 കടത്താന്‍ സഹായിച്ചു.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോലി ടീമില്‍ തിരിച്ചെത്തി. തിലക് വര്‍മയ്ക്കാണ് സ്ഥാനം നഷ്ടമായത്. ശുഭ്മാന്‍ ഗില്ലിന് പകരം യഷസ്വി ജെയ്സ്വാളും ടീമിലെത്തി. അഫ്ഗാനിസ്ഥാന് ഒരു മാറ്റം വരുത്തിയിരുന്നു. റഹ്മത്ത് ഷായ്ക്ക് പകരം നൂര്‍ അഹമ്മദ് ടീമിലെത്തി.
ഇന്ത്യ: രോഹിത് ശര്‍മ, യഷസ്വി ജെയ്സ്വാള്‍, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.
അഫ്ഗാനിസ്ഥാന്: റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്, അസ്മതുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്, കരിം ജനത്, ഗുല്‍ബാദിന്‍ നെയ്ബ്, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍ ഉല് ഹഖ്, മുജീബ് ഉര് റഹ്മാന്.
Last Updated Jan 14, 2024, 10:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]