
ദില്ലി: ലോക്സഭയില്‍ അതിക്രമിച്ച് കടന്ന കേസ് അന്വേഷണത്തിൻ്റെ കൂടൂതൽ വിവരങ്ങൾ പുറത്ത്. ആറ് പേരാണ് ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായത്. ഇവര്‍ ആറ് പേരും നാല് വർഷമായി പരിചയക്കാരാണ്. നാല് പേര് ഒന്നിച്ച് സഭയിൽ കയറാനായിരുന്നു തീരുമാനം. എന്നാല്‍, രണ്ട് പേർക്ക് മാത്രമാണ് പാസ് കിട്ടിയത്. അതുകൊണ്ടാണ് രണ്ട് പേര് സഭയ്ക്ക് അകത്തും മറ്റുള്ളവര്‍ പുറത്തും പ്രതിഷേധിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, അഞ്ചാമത്തെ പ്രതിയെ പൊലീസ് പിടികൂടി. ഹരിയാനയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ച നാല് പേരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ആറാമനായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ആക്രമികൾ താമസിച്ചിരുന്ന വീടിൻ്റെ ഉടമസ്ഥനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ചയാണ് ഇന്ന് ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സമയം. ശൂന്യവേളയ്ക്കിടെ സന്ദർശക ഗാലറിയിൽ നിന്ന് രണ്ട് പേർ ചാടി നടുത്തളത്തിലിറങ്ങി സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്മോക്ക് ഗൺ പൊട്ടിച്ച് പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പാർലമെന്റിന് പുറത്തും സമാന സംഭവം നടന്നു. അക്രമികളിൽ ഒരാൾ എംപിമാരുടെ മേശകൾക്ക് മുകളിലൂടെ സഭാ അധ്യക്ഷനെ ലക്ഷ്യമാക്കി കുതിച്ചു. ഇതിനിടെ മനോനില കൈവിടാത്ത എംപിമാർ പ്രതികളെ മല്പിടുത്തതിലൂടെ കീഴടക്കി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപിക്കുകയായിരുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിൽ സുരക്ഷ ശക്തമാക്കി. ഫോറൻസിക് സംഘം പാർലമെന്റിനകത്തും പുറത്തും പരിശോധിച്ച് തെളിവെടുത്തു. കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]